ഗുണ്ട ബന്ധമുള്ള പൊലീസുകാരെ കണ്ടെത്താന്‍ പരിശോധന; റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയുടെ നിര്‍ദേശം

author img

By

Published : Jan 18, 2023, 1:13 PM IST

police relation with goons gang  dgp instructions Thiruvananthapuram  ഗുണ്ടകള്‍ നടത്തിയ പരിപാടിയില്‍ ഉന്നത പൊലീസ്  ഗുണ്ടാബന്ധമുള്ള പൊലീസുകാരെ കണ്ടെത്താന്‍ പരിശോധന

ഗുണ്ടകള്‍ നടത്തിയ പരിപാടിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിന് പിന്നാലെയാണ്, ഗുണ്ട ബന്ധമുള്ളവരെ കണ്ടെത്താന്‍ വകുപ്പുതല നീക്കം.

തിരുവനന്തപുരം: ഗുണ്ട ബന്ധമുള്ള പൊലീസുകാരെ കണ്ടെത്താന്‍ ജില്ല തലത്തില്‍ പരിശോധന. പൊലീസുകാരുടേയും എസ്‌ഐമാരുടേയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി ഉള്‍പ്പെട്ട പൊലീസ് ഉന്നതസംഘം ഗുണ്ടകളുടെ ഒത്തുചേരലില്‍ പങ്കെടുത്തുവെന്ന ആരോപണവും പരിശോധിക്കും.

അതേസമയം, ഡിജിപി നല്‍കിയ നിര്‍ദേശത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ചുമതലയും ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പിമാര്‍ക്കാണ്. ഇതിനായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പിമാരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ഡിവൈഎസ്‌പി തന്നെ ആരോപണത്തില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേരുന്നത്.

തിരുവനന്തപുരം റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി വിജയകുമാര്‍ ഗുണ്ടകളുടെ ഒത്തുചേരലില്‍ പങ്കെടുത്തുവെന്നായിരുന്നു ആരോപണം. ഇത് അന്വേഷിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉത്തരവും നല്‍കിയിട്ടുണ്ട്.

അന്വേഷണത്തിന് വിജിലന്‍സും: ലഭിക്കുന്ന രഹസ്യ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊലീസില്‍ തുടര്‍ന്നും നടപടിയുണ്ടാകുമെന്നാണ് വിവരം. തിരുവനന്തപുരം പാറ്റൂര്‍, മംഗലപുരം കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഗുണ്ട പ്രവര്‍ത്തനങ്ങളില്‍ പൊലീസിന് ഇതുവരെ മുഴുവന്‍ പ്രതികളേയും പിടികൂടാനായിട്ടില്ല. പാറ്റൂരില്‍ ഗുണ്ട സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലും മെഡിക്കല്‍ കോളജില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുമായി ഉണ്ടായ തര്‍ക്കത്തിലും ഗുണ്ട തലവന്മാരായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പങ്കെടുത്തിരുന്നു. ഇവരെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല.

പാറ്റൂരില്‍ കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനേയും മംഗലപുരം എസ്‌എച്ച്‌ഒയേയും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. അതേസമയം പൊലീസിലെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് വിജിലന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുണ്ടകളുമായുള്ള ബന്ധവും അനധികൃത സ്വത്ത് സമ്പാദനത്തിലും 30തിലേറെ പൊലീസുകാര്‍ പങ്കെടുത്തുവെന്ന് വിജിലന്‍സിന് വിവരം കിട്ടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ പരിശോധന നടത്തും.

സബ്‌ ഇന്‍സ്‌പെക്‌ടര്‍, ഇന്‍സ്‌പെക്‌ടര്‍, ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാകും അന്വേഷണം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലന്‍സിന്‍റെ ഇന്‍റലിജന്‍സ് വിഭാഗത്തിന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാവും അന്വേഷണം നടത്തുക. വിവരം ലഭിച്ച ഉദ്യോഗസ്ഥരുടെ 10 വര്‍ഷത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആദായനികുതി രേഖകളും പരിശോധനയ്ക്ക്‌ വിധേയമാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.