അനന്തപുരിയില്‍ തീ പാറും; ഇന്ത്യ ഓസ്ട്രേലിയ ടി20 രണ്ടാം മത്സരം ഗ്രീന്‍ഫീല്‍ഡില്‍

അനന്തപുരിയില്‍ തീ പാറും; ഇന്ത്യ ഓസ്ട്രേലിയ ടി20 രണ്ടാം മത്സരം ഗ്രീന്‍ഫീല്‍ഡില്‍
India vs Australia T20 cricket at Tvpm : ഇന്ത്യ-ഓസ്ട്രേലിയ ടി-ട്വന്‍റി ക്രിക്കറ്റ് പരമ്പരയുടെ രണ്ടാം മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. ഇത് ആദ്യമായാണ് ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് വേദിയാകുന്നത്.
തിരുവനന്തപുരം: തലസ്ഥാനം വീണ്ടുമൊരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. നവംബർ 26ന് നടക്കുന്ന ഇന്ത്യ - ഓസ്ട്രേലിയ ടി20 പരമ്പരയ്ക്കാണ് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്നത്. 5 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ രണ്ടാം മത്സരമാണ് കാര്യവട്ടത്ത് നടക്കുക.
മത്സരത്തിനായുള്ള ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം നാളെ നടക്കും. നാളെ വൈകിട്ട് 4 മണിക്ക് സിനിമ താരം കീർത്തി സുരേഷ് ആണ് ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്യുന്നത്.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള 4 സന്നാഹ മത്സരങ്ങൾക്ക് ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയായെങ്കിലും മഴ മൂലം ഒരു മത്സരവും നടത്താൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യ - ഓസ്ട്രേലിയ ഗ്ലാമർ പോരാട്ടത്തിന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളമൊരുങ്ങുന്നത്.
ലോകകപ്പ് ഫൈനലിലെ ദയനീയ പരാജയത്തിന് മറുപടി നൽകാനുള്ള അവസരം കൂടിയാകും ഇന്ത്യക്ക് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മത്സരം. പരമ്പരയിലെ ആദ്യ മത്സരം വിശാഖപട്ടണത്തും മൂന്നാം മത്സരം ഗുവാഹട്ടിയിലും നാലാം മത്സരം നാഗ്‌പൂരിലും അഞ്ചാം മത്സരം ഹൈദരാബാദിലുമാണ് നടക്കുന്നത്.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ ആദ്യമായാണ് ഓസ്ട്രേലിയക്കെതിരെ കൊമ്പുകോർക്കുന്നത്. സന്നാഹ മത്സരങ്ങൾക്കായി മൈതാനം അറ്റകുറ്റപ്പണികൾ ചെയ്തതിനാൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിനായി അവസാനഘട്ടം മിനുക്കു പണികൾ മാത്രം ചെയ്താൽ മതിയാകും.
