ബിഎസ്എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

ബിഎസ്എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി
തിരുവനന്തപുരം ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘത്തിലെ കോടികളുടെ തട്ടിപ്പ്. പ്രതികളായ ആർ.ഗോപിനാഥന് നായര്‍, എ.ആർ.രാജീവ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് കോടതി.
തിരുവനന്തപുരം: ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളി കോടതി. സഹകരണ സംഘം മുന്‍ പ്രസിഡന്റ് എ.ആർ.ഗോപിനാഥന് നായര്‍ സംഘത്തിലെ ക്ലര്‍ക്ക് എ.ആർ.രാജീവ് എന്നിവര്‍ നല്കിയ ഹര്‍ജിയാണ് തള്ളിയത്. പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലെ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തളളിയത്.
ആറാം അഡിഷണല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന് ഹാജരായി. മറ്റ് സഹകരണ സംഘങ്ങളെക്കാള് തങ്ങള്‍ ജോലി നോക്കി വന്ന സ്ഥാപനത്തിന്റെ പേരിലുളള സഹകരണ സംഘത്തെ ജീവനക്കാര്‍ വിശ്വസിച്ചു. ഈ വിശ്വാസമാണ് പ്രതികള്‍ തകര്‍ത്തതെന്നും പല നിക്ഷേപകരുടെയും ദൈനംദിന ജീവിതത്തെ പോലും തട്ടിപ്പ് സാരമായി ബാധിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ പറഞ്ഞു.
