പുനർവിവാഹ പരസ്യം നൽകിയ യുവാവിനെ പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടി; യുവതി പിടിയിൽ

author img

By

Published : Sep 26, 2022, 7:49 AM IST

woman lured man  pathanamthitta fraud  woman arrested for fraudster  pathanamthitta fraudster  man cheated of lakhs in pathanamthitta  യുവാവിനെ പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടി  പത്തനംതിട്ട തട്ടിപ്പ്  യുവതി പൊലീസ് പിടിയിൽ  പുനർവിവാഹ പരസ്യം

സഹോദരിയെ വിവാഹം കഴിപ്പിച്ച് നൽകാമെന്ന് പ്രലോഭിപ്പിച്ച് നാല് ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുമാണ് യുവതി പുനർവിവാഹ പരസ്യം നൽകിയ യുവാവിൽ നിന്ന് തട്ടിയെടുത്തത്.

പത്തനംതിട്ട: പുനർവിവാഹ പരസ്യം നൽകിയയാളെ ഫോണിലൂടെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടുകയും ചെയ്‌ത യുവതി പൊലീസ് പിടിയിൽ. ആലപ്പുഴ കൃഷ്‌ണപുരം കാപ്പിൽ ഈസ്റ്റ് പുത്തൻതുറ വീട്ടിൽ ആര്യ വി (36) ആണ് കോയിപ്രം പൊലീസിന്‍റെ പിടിയിലായത്.

കോയിപ്രം കടപ്ര സ്വദേശിയായ അജിത് എന്ന യുവാവ് നൽകിയ പുനർവിവാഹ പരസ്യം കണ്ട് 2020 മെയ് നാല് മുതൽ പ്രതി രണ്ട് ഫോണുകളിൽ നിന്നായി യുവാവിനെ നിരന്തരം ബന്ധപ്പെടുമായിരുന്നു. തന്‍റെ സഹോദരിക്ക് വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് യുവാവിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയും 2020 മെയ് 17 മുതൽ ഡിസംബർ 22 വരെയുള്ള കാലയളവിൽ അമ്മയുടെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ തട്ടിയെടുക്കുകയും ചെയ്‌തു. കൂടാതെ, 22,180 രൂപ വിലയുള്ള മൊബൈൽ ഫോണും തട്ടിയെടുത്തു.

ചതിയ്ക്കപ്പെട്ടെന്ന് മനസിലാക്കിയ അജിത് ഈ വർഷം ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈ.എസ്.പിയ്ക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുവതിയ്ക്ക് സഹോദരി ഇല്ലെന്ന് കണ്ടെത്തി. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതി പാലക്കാട് കിഴക്കൻചേരിയിൽ ഉണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ നീക്കത്തിലാണ് യുവതിയെ പിടികൂടിയത്.

വിശദമായ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയുടെ കൈയിൽ നിന്നും പിടിച്ചെടുത്ത ഫോൺ യുവാവിൽ നിന്നും കൈക്കലാക്കിയതാണെന്ന് വ്യക്തമായി. സമാനരീതിയിലുള്ള കുറ്റകൃത്യം പ്രതി നടത്തിയിട്ടുണ്ടോ എന്നതും പണത്തിന്‍റെ ക്രയവിക്രയം സംബന്ധിച്ചും കൂടുതൽ അന്വേഷണം നടക്കുകയാണ്. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടന്നുവരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.