നാല് കിലോയിലേറെ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

author img

By

Published : Sep 7, 2021, 6:50 PM IST

Two arrested  cannabis  ganja  കഞ്ചാവ്  pathanamthitta local news  പത്തനംതിട്ട വാര്‍ത്തകള്‍  കഞ്ചാവ് പിടിച്ചു

പ്രതികള്‍ പിടിയിലായത് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍

പത്തനംതിട്ട : നാല് കിലോ 200 ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. ആലപ്പുഴ വള്ളികുന്നം കടുവിനാല്‍ സുമേഷ് ഭവനത്തില്‍ സുമേഷ് (43), കോട്ടയം വെള്ളൂര്‍ ഇരുമ്പയം ഇഞ്ചിക്കാലായില്‍ വീട്ടില്‍ ജോബിന്‍ (26) എന്നിവരെയാണ് ജില്ല പൊലീസ് ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് ( ഡാന്‍സാഫ് ) അടൂർ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയത്.

ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നും കൊല്ലം വഴി തിരുവല്ല ഭാഗത്തേക്ക് വില്‍പ്പനയ്‌ക്കായി എത്തിച്ചതാണ് കഞ്ചാവെന്നും രണ്ട് ബാഗുകളിലായാണ് പ്രതികള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്ന സുമേഷ് കോഴിക്കോട് താമരശേരി പൊലീസ് സ്റ്റേഷനിലെ ഒരു കൊലപാതക കേസില്‍ പ്രതിയാണെന്നും പ്രതികളെ ചോദ്യം ചെയ്‌ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

also read: ലൈസൻസില്ലാത്ത തോക്കുകള്‍ പിടികൂടിയ സംഭവം : 18 പേര്‍ അറസ്റ്റില്‍

ഇക്കഴിഞ്ഞയിടെ പന്തളത്ത് ലോറിയില്‍ കൊണ്ടുവന്ന രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്‌പന്നങ്ങള്‍ ജില്ല പൊലീസ് ഡാന്‍സാഫ് ടീം പിടിച്ചെടുത്തിരുന്നു. കഞ്ചാവ് തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ കടത്ത്, വില്‍പന, വ്യാജ ചാരായ നിര്‍മാണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ ജില്ലയില്‍ വ്യാപക പരിശോധനകള്‍ ഊര്‍ജിതമാക്കിയതായി ജില്ല പൊലീസ് മേധാവി ആര്‍ നിശാന്തിനി പറഞ്ഞു.

ജില്ല നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍.പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമില്‍ എസ് ഐ വില്‍സണ്‍, സി പി ഒമാരായ മിഥുന്‍ ജോസ്, ബിനു, സുജിത്കുമാര്‍ അഖില്‍, ശ്രീരാജ്, രജിത്,ഹരികൃഷ്ണന്‍, പ്രദീപ് കണ്ണന്‍ എന്നിവരുണ്ടായിരുന്നു.

അടൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി പ്രജീഷ്, എസ് ഐ മാരായ വിമല്‍ രംഗനാഥന്‍, സുരേന്ദ്രന്‍ പിള്ള, അജികുമാര്‍, എ എസ് ഐ രഘു, സി പി ഒമാരായ ജയരാജ്, രാജ്‌കുമാര്‍, സനല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.