വ്രതശുദ്ധിയുടെ മണ്ഡലകാലം പിറന്നു, ഒപ്പം വിലക്കയറ്റവും, നട്ടംതിരിഞ്ഞ് ഭക്തർ

വ്രതശുദ്ധിയുടെ മണ്ഡലകാലം പിറന്നു, ഒപ്പം വിലക്കയറ്റവും, നട്ടംതിരിഞ്ഞ് ഭക്തർ
Price hike of Sabarimala goods : ശബരിമല തീർഥാടകർക്ക് ആവശ്യമായ സാധനങ്ങൾക്ക് 10 ശതമാനം മുതൽ 30 ശതമാനം വരെ വില ഉയർന്നതായി വ്യാപാരികൾ
പത്തനംതിട്ട : ശരണമന്ത്രങ്ങളാൽ മുഖരിതമാകുന്ന വ്രതശുദ്ധിയുടെ മണ്ഡലകാലം പിറന്നു. ഇനി പുതിയ മനുഷ്യനാവാനുള്ള തീർഥാടനകാലം. പക്ഷേ, ഈ സാമ്പത്തിക പ്രതിസന്ധികാലത്ത് ശബരിമലയാത്രക്കും ചെലവേറുമെന്നാണ് വിപണി നല്‍കുന്ന സൂചന..
നിത്യോപയോഗ സാധനങ്ങൾക്കെന്ന പോലെ ശബരിമല തീർഥാടകർക്ക് ആവശ്യമായ സാധനങ്ങൾക്കൊക്കെയും വില ഉയർന്നിട്ടുണ്ട്. മുൻ വർഷത്തേക്കാൾ 10 ശതമാനം മുതൽ 30 ശതമാനം വരെ വില ഉയർന്നിട്ടുണ്ടെന്നാണ് പൂജ സ്റ്റോർ ഉടമകൾ പറയുന്നത്.
ഇരുമുടിക്കെട്ടിലെ തേങ്ങയിൽ നിറക്കുന്ന നെയ്യിനാണ് വൻ വില ഉയർന്നത്. ലിറ്ററിന് 720 രൂപയാണ് വില. മാലകൾക്ക് 30 ശതമാനം വരെ വില ഉയർന്നു. നേരത്തെ 10 രൂപ മുതൽ അമ്പത് രൂപ വരെ വന്നിരുന്നത് ഇപ്പോൾ 50 രൂപ മുതൽ 100 രൂപ വരെയുണ്ട്. ലോക്കറ്റിന് നേരത്തെ അഞ്ച് രൂപ മുതൽ 10 രൂപ വരെ വന്നിരുന്നത് ഇപ്പോൾ 10 മുതൽ 30 രൂപ വരെയുണ്ട്.
മുണ്ടിന് 100 രൂപ മുതൽ മുകളിലേക്കാണ് വില. കാണിപ്പൊന്നിന് 10 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 25 രൂപ വരെയായി. ഉണക്കല്ലരിയും അതിന്‍റെ അനുബന്ധ ഉൽപ്പന്നങ്ങളായ അവലിനും മലരിനും വില കുതിപ്പാണ്. അരിക്ക് നേരത്തെ 35 വരെ എത്തിയിരുന്നത് ഇപ്പോൾ 55ഉം 60ഉം വരെയുണ്ട്. ശർക്കരക്ക് കിലോഗ്രാമിന് 70ഉം 80ഉം വരെ എത്തി.
കൽക്കണ്ടം 30 രൂപയുണ്ടായിരുന്നത് 80 രൂപയിലെത്തി. എള്ളിന് 240ഉം എണ്ണ ലിറ്ററിന് 220 മുതല്‍ 250വരെയും വിലയുണ്ട്. ചന്ദനത്തിരികൾ നേരത്തെ 10 രൂപയുടെ പാക്കറ്റായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴാകട്ടെ 50 രൂപയുടെ വലിയ പാക്കറ്റുകളാക്കി. ഇത് 100ഉം 200ഉം വരെ വിലയുള്ളതുമുണ്ട്.
കർപ്പൂരത്തിന് മാത്രമാണ് ആശ്വാസമായ വിലയുള്ളത്. പൂജ സാധനങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നികുതിയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. വിലക്കയറ്റമുണ്ടെങ്കിലും പാപഭാരങ്ങളുടെ ഇരുമുടിക്കെട്ടുമായി ദുരിതങ്ങളൊഴിയാനുള്ള ശരണപാത താണ്ടാന്‍ സ്വാമിമാർ വിശ്വാസപൂർവം ഒരുങ്ങിക്കഴിഞ്ഞു.
