സ്വാമിയേ ശരണമയ്യപ്പാ... വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു, നിറയുന്നു ശരണമന്ത്രം

സ്വാമിയേ ശരണമയ്യപ്പാ... വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു, നിറയുന്നു ശരണമന്ത്രം
Sabarimala Temple Opened മണ്ഡലകാലത്തിന് തുടക്കം. മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരി ശബരിമല നട തുറന്നു
പത്തനംതിട്ട : വൃശ്ചിക പുലരിയിൽ ഇന്ന് ശബരിമല (Sabarimala) നട തുറന്നു. പുലർച്ചെ മൂന്നിന് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതുതായി ചുമതലയേറ്റ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. വൃശ്ചികം ഒന്നായതിനാൽ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ഗണപതി ഹോമത്തോടെ നിത്യ പൂജയും നെയ്യഭിഷേകവും ആരംഭിച്ചു. ഇന്നലെ വൈകിട്ട് നട തുറന്നത് മുതൽ ആയിരകണക്കിന് അയ്യപ്പന്മാരാണ് ദർശനം നടത്തിയത്. രാത്രിയോടെ തിരക്ക് വര്‍ധിച്ചു. നടപ്പന്തല്‍ നിറഞ്ഞതോടെ അയ്യപ്പന്മാരെ ക്യൂ കോംപ്ലക്‌സിലേക്ക് മാറ്റി. കേന്ദ്ര കാർഷിക, കർഷക ക്ഷേമ
സഹമന്ത്രി ശോഭാ കരന്തലാജേ ക്ഷേത്രത്തിൽ ദർശനം നടത്തി.
ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍റെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ അവലോകനയോഗം ചേരും. ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടക്കുന്ന യോഗത്തില്‍ കെ യു ജനീഷ് കുമാര്‍ എം എല്‍ എ, അഡ്വ. പ്രമോദ് നാരായണന്‍ എം എല്‍ എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ അജിത്ത് കുമാർ, ജി. സുന്ദരേശൻ എന്നിവർ പങ്കെടുക്കും.
