ശബരിമലയില്‍ അടിയന്തര വൈദ്യ സഹായത്തിന് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍

ശബരിമലയില്‍ അടിയന്തര വൈദ്യ സഹായത്തിന് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍
108 rapid action medical units Sabarimala Pilgrimage emergency medical assistance: ശബരിമല തീർഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കി റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തിക്കും.
പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ കനിവ് 108ന്‍റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് (Veena George). ആരോഗ്യ വകുപ്പിന്‍റെയും കനിവ് 108ന്‍റെയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത് (108 rapid action meidcal units for emergency medical assistance in Sabarimala). സുസജ്ജമായ ആശുപത്രികള്‍ക്ക് പുറമേ പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന 4x4 റെസ്‌ക്യു വാന്‍, ഐസിയു ആംബുലന്‍സ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. കനിവ് 108 ആംബുലന്‍സ് പദ്ധതിക്ക് കീഴില്‍ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുക.
തീര്‍ഥാടകര്‍ക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളില്‍ 108 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാല്‍ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. രോഗിയെ കിടത്തിക്കൊണ്ട് പോകാന്‍ കഴിയുന്ന തരത്തില്‍ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണ് ബൈക്ക് ഫീഡര്‍ ആംബുലന്‍സ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആയിരിക്കും ഈ വാഹനം നിയന്ത്രിക്കുക.
ദുര്‍ഘട പാതകളില്‍ അനായാസം സഞ്ചരിക്കാന്‍ കഴിയുന്ന 4x4 വാഹനത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കാന്‍ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍റെ സേവനം ഈ വാഹനത്തിലും ഉണ്ടായിരിക്കും. പമ്പയില്‍ നിന്ന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെ വിദഗ്‌ധ ചികിത്സയ്ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിന് വേണ്ടിയാണ് ഐസിയു ആംബുലന്‍സ് സജ്ജമാക്കിയിരിക്കുന്നത്. ഡീഫ്രിബിലെറ്റര്‍, വെന്‍റിലേറ്റര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജമാക്കിയ ഈ ആംബുലന്‍സിലും വൈദ്യസഹായം നല്‍കാന്‍ ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍റെ സേവനം ലഭ്യമാണ്.
