അമിത വില; സന്നിധാനത്തെ കടകളില്‍ പരിശോധന കര്‍ശനമാക്കി

അമിത വില; സന്നിധാനത്തെ കടകളില്‍ പരിശോധന കര്‍ശനമാക്കി
ശബരിമലയില്‍ തീര്‍ഥാടനത്തിനെത്തുന്ന ഭക്തരില്‍ നിന്ന് സന്നിധാനത്തുള്ള കടയുടമകള്‍ അമിത വില ഈടാക്കുന്നതിനെ തുടര്‍ന്ന് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളില്‍ പരിശോധന കര്‍ശനമാക്കി.
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കടകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ഡ്യൂട്ടി മജിസ്‌ട്രേറ്റിന്‍റെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെയും നേതൃത്വത്തിലുള്ള പത്ത് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. തീര്‍ഥാടനത്തിനെത്തുന്നവരില്‍ നിന്ന് കടയുടമകള്‍ അമിത തുക ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന.
വിരി വയ്ക്കുന്നതിന് അയ്യപ്പന്‍മാരില്‍ നിന്നും അമിത തുക ഈടാക്കുക, ഭക്ഷണ സാധനങ്ങളുടെ അളവില്‍ കുറവ് വരുത്തുക, സ്റ്റീല്‍ പാത്രങ്ങള്‍ക്ക് അമിതവില ഈടാക്കുക തുടങ്ങിയ എട്ട് കേസുകളിലായി സംഘം 31000 രൂപ പിഴയും ഈടാക്കി. രാത്രിയില്‍ അനധികൃതമായി ചുക്കുകാപ്പി, കട്ടന്‍ചായ എന്ന പേരില്‍ വില്‍പന നടത്തിയവര്‍ക്കെതിരെയും നടപ്പന്തലില്‍ നിന്ന് നെയ്‌ത്തേങ്ങ ശേഖരിച്ച് വില്‍പന നടത്തിയവര്‍ക്കെതിരെയും നടപടിയെടുത്തു.
റവന്യൂ, ലീഗല്‍ മെട്രോളജി, ആരോഗ്യം, സിവില്‍ സ്‌പ്ലൈസ്, വകുപ്പുകളിലെ ജീവനക്കാരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. അമിതവില ഈടാക്കുക, വിലനിലവാര ബോര്‍ഡ് പ്രദര്‍ശിപ്പിക്കാതിരിക്കുക, മായം ചേര്‍ക്കുക, പരിസര ശുചിത്വം പാലിക്കാതിരിക്കുക തുടങ്ങിയവയില്‍ പരിശോധിച്ച് നടപടിയെടുക്കുകയാണ് സംഘത്തിന്‍റെ ലക്ഷ്യം.
