മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ചു; പിതാവിന് 107 വര്‍ഷം കഠിനതടവും പിഴയും

മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ചു; പിതാവിന് 107 വര്‍ഷം കഠിനതടവും പിഴയും
മാനസിക വെല്ലുവിളി നേരിടുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളെ പീഡിപ്പിച്ച കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിന് 107 വര്‍ഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ
പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളെ പീഡിപ്പിച്ച പിതാവിന് 107 വര്‍ഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ അഞ്ച് വർഷം അധിക തടവിനും പ്രിൻസിപ്പൽ പോക്സോ ജഡ്‌ജി ജയകുമാർ ജോൺ ശിക്ഷ വിധിച്ചു.
കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി പിതാവിനോടൊപ്പം താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്. പെൺകുട്ടിയുടെ മാതാവ് പ്രതിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് നേരത്തെ വീട് വിട്ടുപോയിരുന്നു.
2020 കാലയളവിൽ പെൺകുട്ടിയെ പിതാവ് അതിക്രൂരമായ ശാരീരിക, ലൈംഗികപീഢനത്തിനിരയാക്കിയെന്നാണ് കേസ്. പീഡനത്തെ തുടർന്ന് അവശയായ കുട്ടിയോട് അധ്യാപകര്‍ വിവരം അന്വേഷിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്ത് വരുന്നത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേന പൊലീസ് കേസെടുക്കുകയായിരുന്നു.
പ്രിൻസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ: ജയ്‌സൺ മാത്യൂസ് ഹാജരായ കേസിൽ പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ച കോടതി ഇന്ത്യൻ പീനൽ കോഡിലെ 376ലെ വിവിധ ഉപവകുപ്പുകൾ, പോക്സോ ആക്‌ട് 3, 4, 5, 6 എന്നിവയിലെ വിവിധ ഉപവകുപ്പുകൾ, 75 ജുവനൈൽ ജസ്റ്റിസ് ആക്‌ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം 107 വർഷം കഠിനതടവിനു ശിക്ഷ വിധിച്ചു എങ്കിലും ചിലവകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന ഉത്തരവിൻ പ്രകാരം പ്രതിയ്ക്ക് 67 വർഷം ശിക്ഷകാലo അനുഭവിച്ചാൽ മതിയാകും.
പിഴ തുക പെൺകുട്ടിയക്ക് നഷ്‌ടപരിഹാര ഇനത്തിൽ നൽകാനും കോടതി ഉത്തരവിട്ടു. പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പൊലീസ് ഇൻസ്പെക്‌ടർമാരായിരുന്ന എസ്. ന്യൂമാന്‍റെ അന്വേഷണത്തില്‍ ജി.സുനിൽ ആണ് അന്തിമ റിപ്പോർട്ട് സർപ്പിച്ചത്.
