കിടിലം വെറൈറ്റി; ഇതൊരു ഒന്നൊന്നര പേര്; കല്യാണക്കത്തിലെ വൈറല്‍ പേരിന് പിന്നിലെ കഥയിങ്ങനെ

കിടിലം വെറൈറ്റി; ഇതൊരു ഒന്നൊന്നര പേര്; കല്യാണക്കത്തിലെ വൈറല്‍ പേരിന് പിന്നിലെ കഥയിങ്ങനെ
Variety Name Of Family Members In Kozhikode: വൈറലായി കല്ല്യാണ കത്തിലെ വരന്റെ പേര്. വരന് സുംനഫ്താഖ് ഫ്ളാവേല്‍ നൂണ് ഖരസിനോവ്, വധു അനേന എന്ന് തുടങ്ങുന്ന കത്താണ് മാധ്യമങ്ങളില്‍ ഇടം നേടിയത്. പേരിട്ടത് അച്ഛനെന്ന് മക്കള്‍. വെറൈറ്റിയിലേക്കെത്തിച്ചത് വ്യത്യസ്ത പേര് വേണമെന്ന അച്ഛന്റെ നിര്‍ബന്ധം.
കോഴിക്കോട്: വരന്റെ പേര് സുംനഫ്താഖ് ഫ്ളാവേല്‍ നൂണ് ഖരസിനോവ്..! കല്യാണ കത്തിലെ പേര് കേട്ട് വരനെയും കുടുംബത്തേയും അന്വേഷിച്ച തിരുവങ്ങൂര്‍ എത്തിയതാണ്. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന് പറഞ്ഞത് പോലെയായി. മക്കളുടേയും പേരക്കുട്ടികളുടേയും പേരുകൾ ഒന്നിനൊന്ന് വ്യത്യസ്തമാണ്.
സ്വന്തം കല്യാണ കത്തിലൂടെയാണ് സുംനഫ്താഖ് ഇപ്പോള്‍ താരമായിരിക്കുന്നത്. കോഴിക്കോട് തിരുവങ്ങൂര്‍ സ്വദേശിയും റിട്ടയേർഡ് പൊലീസ് ഹെഡ് കോണ്‍സ്റ്റബിളും നാടക പ്രവർത്തകനുമായ ടി.സി സുരേന്ദ്രന്റെ മക്കളുടെ പേരാണ് ഇപ്പോള്‍ നാട്ടിലെങ്ങും ചര്‍ച്ച. മൂത്ത മകന് ജനിച്ചപ്പോള്‍ എന്ത് പേരിടണമെന്ന ആലോചനയില്‍ നിന്നാണ് വ്യത്യസ്ത പേരുകൾ പിറന്നതെന്ന് സുരേന്ദ്രന് പറയുന്നു.
തന്റെ പേരിന്റെ ആദ്യാക്ഷരവും ഭാര്യ തങ്കയുടെ പേരിന്റെ അക്ഷരങ്ങളും കൂട്ടിച്ചേര്‍ത്ത് സുംനഫ്താഖ് എന്നു വിളിക്കാന്‍ തുടങ്ങി ബാക്കിയെല്ലാം അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തും അന്നത്തെ കേരള ഗവര്‍ണരുടെ പേരും കൂട്ടിച്ചേര്‍ത്ത് മൂത്ത മകന് പേരിട്ടു. സുരേന്ദ്രന്റെ മൂന്ന് മക്കളാണുള്ളത്. ഇതില്‍ സുംനഫ്താഖ് ഫ്ളാവേല്‍ നൂണ് ഖരസിനോവിന്റെ പേരിന് പുറമെ മറ്റ് രണ്ട് മക്കളുടെ പേരുകളും വളരെ വ്യത്യസ്തമാണ്. മൂത്ത മകന് സുംതാഖ് ജയ്സിന് ഷിനോവ്, രണ്ടാമത്തെയാൾ സുംതാഖ് ലിയോഫര്ദ് ജിഷിനോവ് എന്നിങ്ങനെയാണ് പേരുകള്‍.
അച്ഛൻ്റെ വ്യത്യസ്തത മക്കളും പിന്തുടർന്നു. പേരിലെ വ്യത്യസ്ത പേരക്കുട്ടികളുടെ പേരുകളിലും ആവര്‍ത്തിക്കപ്പെട്ടു. മക്കളുടെ പേരുകള്‍ കേട്ട് ആളുകള്‍ ചിരിക്കാറുണ്ടെന്നും എന്നാല്‍ തനിക്കും മക്കള്‍ക്കും യാതൊരു ജാള്യതയും തോന്നിയിട്ടില്ലെന്നും സുരേന്ദ്രന് പറഞ്ഞു. മറ്റുളളവരില്‍ നിന്നും വ്യത്യസ്തമായ പേര് കാരണം സന്തോഷം മാത്രമെ തോന്നിയിട്ടുളളൂവെന്ന് വരനായ സുംനഫ്താഖ് ഫ്ളാവേല്‍ നൂണ് ഖരസിനോവ് പറയുന്നു. ഒരാളുടെ പേര് കണ്ട് തേടി വന്ന പലരും ഇപ്പോള്‍ കുടുംബത്തിലെ മറ്റുള്ളവരുടെ പേരുകള്‍ കൂടി കേട്ട് ഞെട്ടിയിരിക്കുകയാണ്.
ഇനി ഒരു വ്യത്യസ്തത കൂടിവരാനുണ്ട്. ഈ കുടുംബത്തിൽ ഒരു പെൺകുട്ടി ജനിച്ചിട്ടുണ്ട്. മൂത്ത മകൻ്റെ മകൾക്ക് എന്ത് പേരിടും എന്ന ആകാംക്ഷയാണ് ഇനി ബാക്കി നിൽക്കുന്നത്. കുഞ്ഞിനും ഒരു വെറെറ്റി പേരിടാനുള്ള പരിശ്രമത്തിലാണിപ്പോള്‍ കുടുംബം. ജനുവരി എട്ടിനാണ് സുംനഫ്താഖ് ഫ്ളാവേല്‍ നൂണ് ഖരസിനോവിന്റെ വിവാഹം. കുന്ദമംഗലം സ്വദേശിനി അനേനയാണ് വധു. വിവാഹ ദിവസം എത്തുമ്പോഴേക്കും പേരക്കുട്ടിയ്ക്കായുള്ള വെറൈറ്റി പേരും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
