സംഘാടകരുടെ പ്രഹസന നടനം, ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ പുലർച്ചെ വരെ കേരള നടന മത്സരം

സംഘാടകരുടെ പ്രഹസന നടനം, ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ പുലർച്ചെ വരെ കേരള നടന മത്സരം
Kozhikode Rural Sub District Kalolsavam Kerala Natanam : കോഴിക്കോട് റൂറല്‍ സബ്‌ജില്ല കലോത്സവത്തിലാണ് കേരള നടന മത്സരം പുലര്‍ച്ചെ ഒരുമണി കഴിഞ്ഞ് ആരംഭിച്ചത്.
കോഴിക്കോട് : സമയം പുലർച്ചെ 1:30. സ്റ്റേജ് മൂന്ന് രണ്ടാം മുഴത്തിൽ കേരള നടനം ആരംഭിച്ചു. ഇനിയാണ് കാര്യം ദിവസങ്ങളോളം കഠിന പരിശീലനം നടത്തി പ്രതിഭ തെളിയിക്കുന്നതിനുള്ള അവസരമാണ് ഈ റൂറൽ സബ്‌ജില്ല കലോത്സവത്തിൽ. ഈ ഒഴിഞ്ഞ കസേരകൾക്ക് മുൻപിലാണ് ഇവർ കഴിവ് പ്രദർശിപ്പിക്കുന്നത്. മെഡിക്കൽ കോളേജ് സാവിയോ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന കോഴിക്കോട് റൂറൽ സബ്‌ജില്ല കലോത്സവത്തിലെ കാഴ്‌ചയാണിത്.
വൈകുന്നേരം 4:20ന് ആരംഭിക്കേണ്ടതാണ് കേരള നടനം. ഉച്ചയ്ക്ക് രണ്ടുമണിക്ക് തന്നെ കുട്ടികളെല്ലാം മേക്കപ്പ് ചെയ്‌ത് റെഡിയായി കഴിഞ്ഞു. പിന്നെ കാത്തിരിപ്പായിരുന്നു പുലരുവോളം തങ്ങളുടെ അവസരത്തിനു വേണ്ടി. ആളും ആരവവും ഇല്ലാത്ത വേദിക്ക് മുന്നിൽ ഉറക്ക ക്ഷീണത്തിലും ചടുല താളത്തിൽ കേരള നടനം ആടാനുള്ള ശ്രമമാണ്. കുട്ടികൾ ഓരോന്നായി ബോധമില്ലാതെ വീഴുന്നു. രക്ഷിതാക്കളും ജഡ്‌ജസും ആശങ്കയിൽ.
അവസാനം എല്ലാവർക്കും എ ഗ്രേഡ് നൽകി മൂന്നുമണിയോടെ കേരള നടനത്തിന് തിരശ്ശീല വീണു. ക്ലാസിലെ പഠനം പോലും മാറ്റിവച്ച് മാസങ്ങൾ നീണ്ട പരിശീലനവും രക്ഷിതാക്കളുടെ സാമ്പത്തിക ചെലവ് പാഴായത് വേറെയും. അമർഷം ഉള്ളിൽ ഒതുക്കി ഇതുപോലെ ഇനിയൊരു അനുഭവം ഇനി ആർക്കും ഉണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടി കുട്ടികളും രക്ഷിതാക്കളും മടങ്ങി.
