ചരിത്രം കുറിച്ച് കോട്ടയം മെഡിക്കല്‍ കോളജ്; കീഴ്‌താടിയെല്ലിന്‍റെ സന്ധി മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ വിജയം

author img

By

Published : Oct 5, 2022, 7:59 PM IST

കോട്ടയം മെഡിക്കല്‍ കോളേജില്‍ അപൂര്‍വ ശസ്ത്രക്രിയ വിജയം  Mandibular joint replacement surgery  Kottayam Medical college  Mandibular joint replacement  Mandibular joint  ചരിത്രം കുറിച്ച് കോട്ടയം മെഡിക്കല്‍ കോളജ്  കോട്ടയം മെഡിക്കല്‍ കോളജ്  കൃത്രിമ സന്ധി  കീഴ്‌താടിയെല്ലില്‍ ബാധിച്ച അര്‍ബുദം  Cancer of the lower jaw

കീഴ്‌താടിയെല്ലും അനുബന്ധിച്ചുള്ള സന്ധിയും ശസ്ത്രക്രിയ വഴി നീക്കം ചെയ്‌ത് പകരം കൃത്രിമ സന്ധി വച്ചു പിടിപ്പിക്കുന്ന ശസ്‌ത്രക്രിയയാണ് നടന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായാണ് ഇത്തരമൊരു ശസ്‌ത്രക്രിയ നടക്കുന്നത്. കോട്ടയം സ്വദേശിയായ 56 കാരനാണ് അപൂര്‍വ ശസ്ത്രക്രിയക്ക് വിധേയനായത്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ അപൂര്‍വ ശസ്ത്രക്രിയ വിജയം. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി കീഴ്‌താടിയെല്ലിന്‍റെ അതിസങ്കീര്‍ണമായ സന്ധി മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ കോട്ടയം ഡെന്‍റല്‍ കോളജിലെ ഓറല്‍ ആന്‍റ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗം (ഒഎംഎഫ്‌എസ്) വിജയകരമായി പൂര്‍ത്തിയാക്കി. കോട്ടയം സ്വദേശിയായ 56 കാരനാണ് മെഡിക്കല്‍ കോളജില്‍ അപൂര്‍വ ശസ്ത്രക്രിയക്ക് വിധേയനായത്.

രോഗി സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച മുഴുവന്‍ ടീമിനെയും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. കീഴ്‌താടിയെല്ലില്‍ ബാധിച്ച അര്‍ബുദം മൂലം കീഴ്‌താടിയെല്ലും അനുബന്ധിച്ചുള്ള സന്ധിയും ശസ്ത്രക്രിയ വഴി നീക്കം ചെയ്‌ത് പകരം കൃത്രിമ സന്ധി വച്ചു പിടിപ്പിക്കുകയാണ് ചെയ്‌തത്.

അര്‍ബുദം ബാധിച്ച താടിയെല്ല് എടുത്ത് കളഞ്ഞാല്‍ കവിള്‍ ഒട്ടിയിരിക്കും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരിക്കും. അതിനാലാണ് കൃത്രിമ സന്ധി വച്ചുപിടിപ്പിക്കുന്നതിന്‍റെ സാധ്യത ആരാഞ്ഞത്. ചെന്നൈയിലെ ലാബില്‍ സിടി സ്‌കാന്‍ അയച്ചുകൊടുത്ത് മാതൃകയുണ്ടാക്കിയ ശേഷമാണ് കൃത്രിമ സന്ധിയുണ്ടാക്കി ശസ്ത്രക്രിയ നടത്തിയത്.

മുഖഭാവങ്ങളും മുഖത്തെ വിവിധ പേശികളുടെ പ്രവര്‍ത്തനവും സാധ്യമാകുന്ന ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിക്കുന്നത് ഈ ശസ്ത്രക്രിയയുടെ സങ്കീര്‍ണതയാണ്. എന്നാല്‍ യാതൊരു പാര്‍ശ്വഫലവും കൂടാതെ ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്‌ച(സെപ്‌റ്റംബര്‍ 28) നടന്ന ശസ്ത്രക്രിയ ഏഴു മണിക്കൂര്‍ നീണ്ടു നിന്നു.

ഒ.എം.എഫ്.എസ് മേധാവി ഡോ. എസ്. മോഹന്‍റെയും അനസ്‌തേഷ്യ വിഭാഗം ഡോ. ശാന്തി, ഡോ. ഷീല വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഡോ. ദീപ്‌തി സൈമണ്‍, ഡോ. ബോബി ജോണ്‍, ഡോ. പി.ജി. ആന്‍റണി, ഡോ. ജോര്‍ജ് ഫിലിപ്പ്, നഴ്‌സുമാര്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.