'സമരം അവസാനിപ്പിക്കില്ല, ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ തുടരും'; നിലപാടിലുറച്ച് കെആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ
Updated on: Jan 22, 2023, 4:41 PM IST

'സമരം അവസാനിപ്പിക്കില്ല, ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ തുടരും'; നിലപാടിലുറച്ച് കെആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ
Updated on: Jan 22, 2023, 4:41 PM IST
കെആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കർ മോഹന്‍ ജനുവരി 21ന് രാജിവച്ചെങ്കിലും ജാതിവിവേചനത്തിനെതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു
കോട്ടയം: കെആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥികൾ. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കർ മോഹന്‍ സ്വമേധയ രാജിവച്ചതാണെന്നും സ്ഥാപനത്തില്‍ ജാതിവിവേചനം നടന്നിട്ടില്ലെന്നുമാണ് അദ്ദേഹവും സർക്കാരും പറയുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. ശങ്കർ മോഹനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും സമര രംഗത്തുള്ളവര്‍ ആവശ്യപ്പെട്ടു.
അതേസമയം, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. മുഖ്യമന്ത്രിയുടെ ശുപാർശ പ്രകാരം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ അന്വേഷിക്കാനായി രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവർ വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും തെളിവുകളും മറ്റും ശേഖരിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവിടണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.
അതേസമയം, കെആർ നാരായണന് ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിദ്യാർഥികളുമായി നാളെ (ജനുവരി 23) തിരുവനന്തപുരത്ത് ചർച്ച നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനമെടുക്കുമെന്ന് വിദ്യാർഥികൾ അറിയിച്ചു.
