പരാതി അറിയിക്കാന്‍ വിളിച്ചത് 20 തവണ, നേരിട്ടെത്തിയപ്പോള്‍ കെഎസ്‌ഇബി ജീവനക്കാര്‍ ഉറക്കത്തില്‍ ; വീഡിയോ പങ്കുവച്ച് യുവാവ്

പരാതി അറിയിക്കാന്‍ വിളിച്ചത് 20 തവണ, നേരിട്ടെത്തിയപ്പോള്‍ കെഎസ്‌ഇബി ജീവനക്കാര്‍ ഉറക്കത്തില്‍ ; വീഡിയോ പങ്കുവച്ച് യുവാവ്
Kumarakom KSEB Office Incident : സഹകരണ വകുപ്പ് മന്ത്രിയുടെ മണ്ഡലം കൂടിയായ ഇവിടെ കൃത്യവിലോപം കാട്ടിയ ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം
കോട്ടയം : രാത്രിയിൽ കറണ്ട് പോയത് ശരിയാക്കാൻ വിളിച്ചിട്ടും കെഎസ്‌ഇബിക്ക് അനക്കമില്ല. ഫോൺ എടുക്കാതെ വന്നപ്പോൾ പരാതിക്കാരൻ കുമരകം സ്വദേശി അർജുന്‍ നേരിട്ട് ഓഫിസിലെത്തിയപ്പോൾ കണ്ടത് കിടന്നുറങ്ങുന്ന ജീവനക്കാരെ. ഒട്ടും വൈകിയില്ല, പരാതിക്കാരന്‍ സംഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
കെഎസ്‌ഇബി കുമരകം ഓഫിസിലെ ജീവനക്കാരുടെ അനാസ്ഥ പുറംലോകത്തെത്തിച്ച് അർജുന്‍റെ ഫേസ്ബുക്ക് പോസ്‌റ്റ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഭവത്തെ തുടര്‍ന്ന് കെഎസ്‌ഇബി കുമരകം ഓഫിസിലെ ജീവനക്കാരുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ അർജുൻ ജില്ല കലക്‌ടര്‍ക്ക് പരാതി നൽകാനിരിക്കുകയാണ്.
സംഭവം ഇങ്ങനെ : ശനിയാഴ്‌ച (11.11.2023) രാത്രിയിൽ വീട്ടിൽ കറണ്ട് പോയതിനെ തുടർന്ന് അര്‍ജുന്‍, കെഎസ്ഇബി ഓഫിസിലേക്ക് പലതവണ വിളിച്ചിട്ടും ആരും ഫോണെടുക്കാത്തതിനെ തുടർന്ന് നേരിട്ടത്തിയപ്പോൾ ജീവനക്കാർ കിടന്നുറങ്ങുകയായിരുന്നു. ഇരുപതിലധികം തവണ ലാന്‍ഡ്‌ഫോണിൽ വിളിച്ചിട്ടും മൂന്ന് ജീവനക്കാർ ഉണ്ടായിരുന്നിട്ടും ആരും ഫോൺ എടുത്തില്ലെന്ന് അർജുൻ പറയുന്നു.
കെഎസ്‌ഇബിയുടെ അനാസ്ഥ സമൂഹമാധ്യമങ്ങളില്‍ കൊടുക്കരുതെന്ന് യൂണിയൻ നേതാവ് ആവശ്യപ്പെട്ടെങ്കിലും അർജുൻ കൂട്ടാക്കിയില്ല. കുമരകം കെഎസ്‌ഇബി ഓഫിസിനെതിരെ നിരവധി പരാതികൾ ഇതേ വിഷയത്തിലുണ്ട്. കെഎസ്‌ഇബി ജീവനക്കാരുടെ അനാസ്ഥയിൽ നാട്ടുകാർക്ക് വലിയ പ്രതിഷേധവുമുണ്ട്.
സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍റെ മണ്ഡലം കൂടിയായ ഇവിടെ കൃത്യവിലോപം കാട്ടിയ ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്നാണ് അർജുന്‍റെ ആവശ്യം. ഇതിന് നാട്ടുകാർ പിന്തുണ അറിയിച്ചിട്ടുമുണ്ട്.
