2020ലെ ഫോട്ടോഗ്രഫി പുരസ്കാരം അനില്‍ കുമാറിന്; അംഗീകാരം പിപിഇ കിറ്റ് ധരിച്ച് പിതാവിന്റെ അന്ത്യകര്‍മം നടത്തുന്ന മകന്റെ ചിത്രത്തിന്

2020ലെ ഫോട്ടോഗ്രഫി പുരസ്കാരം അനില്‍ കുമാറിന്; അംഗീകാരം പിപിഇ കിറ്റ് ധരിച്ച് പിതാവിന്റെ അന്ത്യകര്‍മം നടത്തുന്ന മകന്റെ ചിത്രത്തിന്
കൊവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ പിപിഇ കിറ്റ് ധരിച്ചുകൊണ്ട് ചെയ്യുന്ന മകന്റെ ഫോട്ടോയ്ക്കാണ് കുഡുലു സ്വദേശിയായ അനില്‍ കുമാറിന് പുരസ്കാരം ലഭിച്ചത്. കൊവിഡ് പ്രതിരോധം, അതിജീവനം എന്നതായിരുന്നു വിഷയം. 50,000 രൂപയാണ് പുരസ്കാര തുക
കാസർകോട്: കൊവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ മരണാനന്തര ചടങ്ങുകൾ പിപിഇ കിറ്റ് ധരിച്ച മകൻ ചെയ്യുന്നത് മഹാമാരിക്കാലത്തെ കരളലിയിക്കുന്ന കാഴ്ചകളിൽ ഒന്നായിരുന്നു. ചിതയിലേക്ക് അച്ഛനെ വയ്ക്കുമ്പോഴും ഒരുനോക്ക് പോലും കാണാതെയാണ് ഈ മകൻ ചിതക്ക് തീകൊടുത്തതും അന്ത്യകർമങ്ങൾ ചെയ്തതും. മകന്റെ ദയനീയാവസ്ഥ അതേ പടി പകർത്തിയ കുഡുലു സ്വദേശി അനിൽ കുമാറിനാണ് 2020 സംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രഫി പുരസ്കാരം.
ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പാണ് പൊതുജനങ്ങൾക്കായി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചത്. 'കൊവിഡ് പ്രതിരോധം, അതിജീവനം' ആയിരുന്നു വിഷയം. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന നൽകിയത്.
50,000 രൂപയാണ് പുരസ്കാരം. കൊവിഡ് ലോക്ക്ഡൗണിന്റെ തുടക്കത്തിൽ കർശന നിയന്ത്രണം നിലനിന്നിരുന്ന സമയത്താണ് പാറക്കാട്ടെ പൊതു ശ്മശാനത്തിൽ നിന്ന് ഈ ഫോട്ടോ അനിൽകുമാർ പകർത്തിയത്. ഉറ്റവരുടെ വേർപാട് ഉണ്ടാക്കിയ സങ്കടവും എല്ലാം പിപിഇ കിറ്റിനുള്ളിൽ ഒതുക്കി വിടപറയുന്ന വേദനാജനകമായ സാഹചര്യത്തെ അനിൽ കുമാർ ഫ്രെയിമിനുള്ളിൽ ആക്കുകയായിരുന്നു.
കാസർകോട് ഐ ഫോക്കസ് സ്റ്റുഡിയോ പാർട്ണറാണ് അനിൽ കുമാർ. കഴിഞ്ഞ 25 വർഷമായി ഫോട്ടോഗ്രഫി മേഖലയിലുള്ള അനിൽ കുമാറിനെ തേടി നേരത്തെയും നിരവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്. ജനനിയാണ് അനില്‍ കുമാറിന്റെ ഭാര്യ. തരുൺ കൃഷ്ണ, തനിഷ്ക എന്നിവര്‍ മക്കളാണ്.
