'തലതിരിഞ്ഞ എഴുത്തി'ലെ സൂപ്പര്‍ ബോയ്‌ ; ദേവദര്‍ശിന്‍റെ കുറിപ്പ് വായിക്കാന്‍ വേണം കണ്ണാടി

author img

By

Published : Aug 26, 2022, 10:54 PM IST

mirror image  mirror image writing boy kasargod cherukanam  mirror image writing  kasargod cherukanam  ദേവദര്‍ശിന്‍റെ കുറിപ്പ് വായിക്കാന്‍ വേണം കണ്ണാടി  തിരിച്ചെഴുതിയാണ് ദേവദര്‍ശ് വിസ്‌മയിപ്പിക്കുന്നത്

മിറര്‍ ഇമേജ് റൈറ്റിങ്ങില്‍ ശ്രദ്ധേയനാവുകയാണ് കാസര്‍കോട്ടെ ഒരു എട്ടാം ക്ലാസുകാരന്‍. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ സാധാരണ രീതിയില്‍ എഴുതുന്നതിന് പകരം തിരിച്ചെഴുതിയാണ് ദേവദര്‍ശ് വിസ്‌മയിപ്പിക്കുന്നത്

കാസര്‍കോട് : ചെറുകാനത്തെ ദേവദര്‍ശെന്ന 13 കാരനെ കാണാൻ പോകുന്നവർക്ക് ഒരു കണ്ണാടി കൈയില്‍ കരുതേണ്ടിവരും. ഇക്കാര്യം കേള്‍ക്കുമ്പോള്‍ ആദ്യമൊന്ന് കൗതുകം തോന്നിയേക്കാം. എന്നാല്‍, സംഗതി സത്യമാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ നന്നായി എഴുതാന്‍ മാത്രമല്ല തിരിച്ചെഴുതാനും ദേവദര്‍ശിനാവും. ഈ വേറിട്ട കഴിവിലൂടെ കാഴ്‌ചക്കാരെ വിസ്‌മയിപ്പിക്കുകയാണ് മിടുമിടുക്കന്‍.

പഠിച്ചതും വായിച്ചതും മാത്രമല്ല ആരെങ്കിലും പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളും അനായാസേന തന്നെ തിരിച്ചെഴുതും. പ്രത്യേക പരിശീലനമൊന്നും നേടാതെ പത്രങ്ങളും നോട്ടിസുകളും മറ്റും തലതിരിച്ചും പുറംതിരിച്ച് നിഴല്‍ കണ്ടും വായിക്കാനുള്ള മിടുക്കും ദേവദര്‍ശിനുണ്ട്. അക്ഷരം പഠിച്ചുതുടങ്ങിയപ്പോള്‍ തന്നെ ഈ കലയില്‍ അഭിരുചി പ്രകടിപ്പിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു. കുട്ടിയുടെ തിരിച്ചെഴുത്തില്‍ കൗതുകം തോന്നിയ വീട്ടുകാര്‍ അന്വേഷിച്ചറിഞ്ഞപ്പോഴാണ് 'മിറര്‍ ഇമേജ് റൈറ്റിങ് ' എന്നതിനെക്കുറിച്ച് കൂടുതലറിയുന്നത്. എല്ലാവര്‍ക്കും എളുപ്പം ചെയ്യാവുന്ന പണിയല്ലെന്ന് ബോധ്യമായതോടെയാണ് ദേവദര്‍ശിന് വേണ്ട പ്രോത്സാഹനം ലഭിച്ചത്.

മിറര്‍ ഇമേജ് റൈറ്റിങില്‍ ശ്രദ്ധേ നേടി കാസര്‍കോട്ടെ ഒരു 13 കാരന്‍

ഹിന്ദി പഠനം കൂടി ആരംഭിച്ചതോടെയാണ് മകന്‍റെ കഴിവ് ഗൗരവമുള്ളതാണെന്ന് തിരിച്ചറിഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു. ചിത്രകലയിലും പഠനത്തിലും മിടുക്കനായ ദേവദര്‍ശിന് എന്തും ഒരിക്കല്‍ കേട്ടാല്‍ മതി. ഓര്‍മശക്തിയിലും മിടുക്കുതെളിയിച്ചിട്ടുണ്ട് ഈ 13 കാരന്‍. കരിവള്ളൂർ എ വി സ്‌മാരക സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സ്വകാര്യ കമ്പനിയില്‍ സെയില്‍സ്‌മാനായ അച്ഛന്‍ രഞ്ജിത്തും അമ്മയും അധ്യാപികയുമായ ദിവ്യയുമാണ് ദേവദര്‍ശിന്‍റെ കഴിവുകള്‍ക്ക് കരുത്തേകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.