കൂട്ടിന് പ്രീമിയർ പത്മിനിയും മണ്ണെണ്ണ വിളക്കും റേഡിയോയിലെ കന്നഡ ഗാനങ്ങളും ; ചന്ദ്രശേഖര ഗൗഡയുടെ കാടുജീവിതത്തിന് 19 വയസ്

author img

By

Published : Sep 20, 2022, 9:50 PM IST

chandrasekhara gauda sullya stays in forest  chandrasekhara gauda sullya  premier padmini car  പ്രീമിയർ പത്മിനി കാർ  ചന്ദ്രശേഖര ഗൗഡ  സുള്ള്യ  പുല്ലാഞ്ഞി കുട്ട  ചന്ദ്രശേഖര ഗൗഡ കാട്ടിൽ താമസം

നാടിനെ പേടിച്ച് 2003ലാണ് ചന്ദ്രശേഖര ഗൗഡ തന്‍റെ പ്രീമിയർ പത്മിനിയുമായി കാട്ടിലേക്ക് വരുന്നത്

കാസർകോട് : 19 വർഷങ്ങൾക്ക് മുൻപ് കാടുകയറിയ ജീവിതം. കൂട്ടിന് 95 മോഡൽ പ്രീമിയർ പത്മിനിയും (ഫിയറ്റ് കാർ), മണ്ണെണ്ണ വിളക്കും റേഡിയോയിലെ കന്നഡ ഗാനങ്ങളും.

കേരള-കർണാടക അതിർത്തിയായ സുള്ള്യയിലെ നെല്ലൂർ കെമ്രാജെയിലെ ചന്ദ്രശേഖര ഗൗഡയുടെ കാടുജീവിതം ഇപ്പോഴും തുടരുന്നു. നാടിനെ പേടിച്ചാണ് ചന്ദ്രശേഖര ഗൗഡ തന്‍റെ പ്രിയപ്പെട്ട കാറുമെടുത്ത് വർഷങ്ങൾക്ക് മുൻപ് യാത്ര തിരിച്ചത്. വനപാതയിൽ കാർ കേടായി. പിന്നീട് ഈ കാർ ചന്ദ്രശേഖരയുടെ വീടായി മാറി. അയാൾ കാറിനുള്ളിലെ കാട്ടുവാസിയും.

കാമുകി പോലൊരു കാർ : കാറിൽ മുൻവശത്തെ ഇടതുഡോർ വീടിന്‍റെ വാതിലാക്കി. അകത്തുകയറി കാലൊന്നു തട്ടിയാൽ വീട്‌ സെന്‍റർ ലോക്കായി. ഗ്ലാസ്‌ അൽപം താഴ്‌ത്തിയാൽ കാടിന്‍റെ തണുപ്പ്‌ അരിച്ചിറങ്ങും.

താടിയൊക്കെ നീട്ടി, മെലിഞ്ഞ് നീണ്ട ചന്ദ്രശേഖര ഇപ്പോൾ കാടിന്‍റെ മകനാണ്. 2003ൽ ചന്ദ്രശേഖരയും അയാളുടെ പ്രീമിയർ പത്മിനിയും സുള്ള്യ റിസർവ്‌ വനത്തിനകത്ത്‌ അറന്തോട്ടെ അടുക്കത്തല-നെക്രെ റോഡരികിൽ ബതിർപ്പണെ എന്ന സ്ഥലത്ത്‌ സഡൻ ബ്രേക്ക് ഇടുന്നതിന് മുൻപ് മറ്റൊരു കഥയും ജീവിതവുമായിരുന്നു അയാളുടേത്.

ചന്ദ്രശേഖര ഗൗഡയുടെ കാടുജീവിതത്തിന് 19 വയസ്

അപ്രതീക്ഷിത ദുരന്തം : സുള്ള്യയ്ക്കടുത്ത് നെല്ലൂർ കെമ്രാജെയിൽ കവുങ്ങ്‌ കൃഷി ചെയ്യുന്ന, കൂലിപ്പണിയെടുക്കുന്ന, ഡ്രൈവിങ്‌ വശമുള്ള 32 വയസുകാരൻ ചന്ദ്രശേഖര. മൂന്നരയേക്കറോളം സ്വന്തം ഭൂമി. 2003ൽ നാട്ടിലെ കാർഷിക വികസന ബാങ്കിൽനിന്ന്‌ 38,500 രൂപയുടെ വായ്‌പ എടുത്തു. അടയ്ക്കയ്‌ക്ക്‌ വില ഇടിഞ്ഞതോടെ വായ്‌പ തിരിച്ചടവ്‌ മുടങ്ങി.

ഇതോടെ ചന്ദ്രശേഖര മാനസിക പ്രയാസത്തിലായി. പൊലീസ് വീട്ടിൽ വരുമെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞ് പേടിപ്പിച്ചു. പലിശയടച്ച് വായ്‌പ പുതുക്കാൻ പലരുടേയും സഹായം തേടി. ആരും സഹായിച്ചില്ല. പലിശയും പിഴപ്പലിശയും കൂടിയതോടെ സ്ഥലം ജപ്‌തിയായി. പിഴപ്പലിശയടക്കം 66,000 രൂപയ്ക്കായി തന്‍റെ കെമ്രാജെയിലെ ഭൂമി മുഴുവൻ തട്ടിയെടുത്തതായി ചന്ദ്രശേഖരയ്ക്ക് തോന്നി. അന്ന് അയാൾ വീടുവിട്ടിറങ്ങി.

ശേഷം അടുക്കത്തല എന്ന സ്ഥലത്ത് വാടകയ്‌ക്കൊരു മുറിയിൽ കൂടി. വിഷാദം പിടികൂടി. മൂന്നാം മാസമായപ്പോൾ ജീവിതം പിടിവിട്ട് പോകുന്നതായി മനസിലാക്കി കെമ്രാജെയിലെ വീട്ടിൽ നിന്നും കൈയിൽ കരുതിയ കത്തിയുമായി സുള്ള്യ വനത്തിനകത്ത് പ്രവേശിച്ചു.

വനവാസം : സുള്ള്യ ടൗണിൽ നിന്ന് 13 കിലോമീറ്റർ അകലെ, അറന്തോട് കാട്ടിനുള്ളിൽ പഴയ പ്ലാസ്റ്റിക് വലിച്ചുകെട്ടി താമസമായി. പുല്ലാഞ്ഞി വള്ളികൾ വെട്ടിയെടുത്ത് ആദിവാസികൾ കുട്ട മെടയുന്നത് കണ്ട ഓർമയിൽ അയാൾ വരിഞ്ഞുതുടങ്ങി.

ആഴ്‌ചയിലൊരിക്കൽ കുട്ടയുമായി രണ്ട് വർഷം മുൻപ് കൂടെക്കൂടിയ ഹെർക്കുലിസ് സൈക്കിളിൽ കാടിറങ്ങും. സുള്ള്യ, കെമ്രാജെ, അറന്തോട്‌ എന്നിവിടങ്ങളിൽ വിൽക്കും. വിലപേശില്ല. കിട്ടുന്ന കാശിന്‌ അരിയും ഉപ്പും മണ്ണെണ്ണയും മാത്രം വാങ്ങി വീണ്ടും സൈക്കിളിൽ കാട്ടിലേക്ക്.

പാമ്പും അട്ടയുമൊക്ക ചന്ദ്രശേഖരയെ പലപ്പോഴും ശല്യപ്പെടുത്തിയിട്ടുണ്ട്. ആന അടക്കമുള്ള വന്യമൃഗങ്ങൾ കൂരയ്ക്ക് തൊട്ട് മുന്നിൽ വരെ എത്താറുണ്ടെന്ന് ചന്ദ്രശേഖര പറയുന്നു. ഇടയ്ക്ക്‌ കുളിക്കാൻ പോയപ്പോൾ തോടിനരികെ കടുവയെ കണ്ടതായും ചന്ദ്രശേഖര പറയുന്നു.

വായ്‌പ കുടിശ്ശികയുടെ പേരിൽ തന്‍റെ സ്ഥലം ജപ്‌തി ചെയ്‌ത നിയമം തിരുത്താതെ നാട്ടിലേക്കില്ലെന്ന് ചന്ദ്രശേഖര പറയുന്നു. പണം തിരിച്ചടയ്ക്കാമെന്ന്‌ അറിയിച്ചിട്ടും അതിന്‌ സമ്മതിക്കാത്ത പുറംലോകത്തിന്‍റെ നിയമം വാഴുന്നയിടത്തേക്ക്‌ ഇനി ചന്ദ്രശേഖരയില്ല. ഒരു പ്രതിഷേധത്താൽ കാട്‌ കയറിയതാണ്‌. പുതിയൊരു കാർ വാങ്ങണം എന്നതുമാത്രമാണ്‌ ഇപ്പോൾ ബാക്കിയുള്ള മോഹം. അതും പ്രീമിയർ പത്മിനി തന്നെ കിട്ടണം. അതിനായി കുട്ട കെട്ടി പണം സ്വരൂപിക്കുകയാണ് അയാൾ.

വനപാതയിൽ താൻ താമസിക്കുന്ന സ്ഥലത്തിന് കുടികിടപ്പ് രേഖ വേണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ട്. അതിനായി സുള്ള്യ തഹസിൽദാരെ പലതവണ വിളിച്ചു. മറുപടിയില്ല. പുല്ലാഞ്ഞി വള്ളികൾ വെട്ടാൻ അയാൾക്ക്‌ വനംവകുപ്പിന്‍റെ അനുമതിയുണ്ട്‌. അത്രമാത്രമാണ്‌ പുറംലോകം ചെയ്‌ത കാരുണ്യം.

കാർ വന്ന വഴി : 1992ൽ ഡ്രൈവിങ്‌ ലൈസൻസ്‌ കിട്ടിതോടെ കാർ വാങ്ങുകയെന്ന മോഹം തുടങ്ങി. 2003ൽ 95 മോഡൽ പ്രീമിയർ പത്മിനി അയാളിലേക്ക്‌ വന്നുകയറി. സുള്ള്യയിലെ അഭിഭാഷകനിൽ നിന്നും 20,500 രൂപയ്‌ക്കാണ്‌ വാങ്ങിയത്‌. കെഎ 01 എൻ 6519 എന്ന നമ്പർ ഇപ്പോൾ പരിവാഹൻ സൈറ്റിൽ നോക്കിയാൽ ചന്ദ്രശേഖര ഗൗഡ എന്ന ആർസി ഓണറെ കാണാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.