Thantri On K Radhakrishnan's Revelation : 'ഓരോ ക്ഷേത്രത്തിലും ഓരോ ആചാരം, എന്താണ് നടന്നതെന്നറിയില്ല' ; മന്ത്രിക്ക് ജാതിവിവേചനം നേരിട്ടതില്‍ തന്ത്രി

Thantri On K Radhakrishnan's Revelation : 'ഓരോ ക്ഷേത്രത്തിലും ഓരോ ആചാരം, എന്താണ് നടന്നതെന്നറിയില്ല' ; മന്ത്രിക്ക് ജാതിവിവേചനം നേരിട്ടതില്‍ തന്ത്രി
Caste Discrimination to the minister : ഓരോ ക്ഷേത്രത്തിലും ഓരോ രീതിയിലുള്ള ആചാരങ്ങളാണ്, വിഷയത്തില്‍ കൂടുതൽ പറയാനില്ലെന്നും തന്ത്രി
കണ്ണൂര്‍ : മന്ത്രി കെ രാധാകൃഷ്‌ണന്‍ വെളിപ്പെടുത്തിയ ജാതിവിവേചനത്തിൽ പ്രതികരണവുമായി തന്ത്രി ബ്രഹ്മശ്രീ തെക്കിനേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് (Thantri On K Radhakrishnan's Revelation).നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്ര ഭാരവാഹികൾ പരിപാടിക്ക് ക്ഷണിച്ചിരുന്നു. പക്ഷേ മറ്റൊരു ക്ഷേത്രത്തില്‍ ഒരു ചടങ്ങുണ്ടായിരുന്നതിനാല്‍ സ്ഥലത്ത് എത്താൻ കഴിഞ്ഞില്ല. അവിടെ ഇല്ലാതിരുന്നതിനാല്‍ എന്താണ് നടന്നതെന്ന് വ്യക്തമായി അറിയില്ല. പക്ഷേ ഇന്നലെ വാർത്തകളിലും ദൃശ്യമാധ്യമങ്ങളിലും അങ്ങനെയൊരു സംഭവം നടന്നതായി അറിയാൻ കഴിഞ്ഞു.
കൂടുതൽ ഇതിനെക്കുറിച്ച് പറയാൻ താല്‍പര്യമില്ല. ആരെയും കുറ്റപ്പെടുത്താനുമില്ല.കേരളത്തിന്‍റെ ആദരണീയനായ മന്ത്രിയാണ് ഉദ്ഘാടനം ചെയ്‌തത്. ഒരുപക്ഷേ ക്ഷേത്രം മതിൽക്കെട്ടിനടുത്ത് നടന്ന ചടങ്ങ് ആയതിനാൽ പൂജകൾ എല്ലാം കഴിഞ്ഞാണോ നമ്പൂതിരിമാർ എത്തിയതെന്നും അറിയില്ല. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരം ആണെന്നും കൂടുതൽ പറയാനില്ലെന്നും തന്ത്രി പറയുന്നു. മലബാർ ദേവസ്വo ബോര്‍ഡിന് കീഴിൽ ഉള്ള പയ്യന്നൂര്‍ നഗരത്തോടുചേര്‍ന്നുള്ള നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തില്‍ ജനുവരി 26-നായിരുന്നു സംഭവം.
മന്ത്രിക്ക് വിവേചനം നേരിട്ടത് പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന്‍റെ കൂടി സാന്നിധ്യത്തിൽ ആയിരുന്നു. മലബാർ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ നടപ്പന്തല്‍ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മന്ത്രി (Caste Discrimination to K Radhakrishnan). നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. എന്നാൽ പൂജാരിമാരാണ് ആദ്യം നിലവിളക്ക് കൊളുത്തിയത്. തുടര്‍ന്ന് ദീപം മന്ത്രിക്ക് കൈമാറാന്‍ പൂജാരി ആവശ്യപ്പെട്ടപ്പോള്‍ സഹപൂജാരി അത് നിലത്തുവയ്ക്കുന്നത് ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്. മന്ത്രി ദീപം എടുക്കാന്‍ തയ്യാറായില്ല.
ഇതോടെ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫിസര്‍ ബീന ദീപം നിലത്തുനിന്നെടുത്ത് നീട്ടിയെങ്കിലും മന്ത്രിയും എം എൽ എ യും അത് കൈപ്പറ്റിയില്ല. വിവാദത്തിൽ അന്ന് തന്നെ മന്ത്രിയും എംഎൽഎയും അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. വിഷയത്തിൽ ക്ഷേത്ര ഭരണസമിതി ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിലാണ് താന്‍ നേരിട്ട വിവേചനത്തിനെക്കുറിച്ച് മന്ത്രി തുറന്നുപറഞ്ഞത്. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രിയുടെ തുറന്നുപറച്ചിൽ. പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് നൽകാതെ നിലത്തുവച്ചു. ജാതീയമായ വേർതിരിവിനെതിനെതിരെ അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു.
