വന്യമൃഗ ശല്യം രൂക്ഷം; കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്‌തു

വന്യമൃഗ ശല്യം രൂക്ഷം; കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്‌തു
farmer suicide : കാട്ടാനയുടെ ശല്യം രൂക്ഷമായതോടെ സ്വന്തം വീടും കൃഷി സ്ഥലവും നഷ്‌ടമായിരുന്നു. ജീവിക്കാൻ മാർഗം നഷ്‌ടമായതിനെ തുടർന്നാണ് കണ്ണൂർ അയ്യൻ കുന്ന് മുടിക്കയത്തെ സുബ്രഹ്മണ്യൻ നടുവത്ത് ആത്മഹത്യ ചെയ്‌തതെന്ന് എംഎല്‍എ സണ്ണി ജോസഫ് പറയുന്നു.
കണ്ണൂർ: വന്യമൃഗ ശല്യത്തിൽ കൃഷി ഇറക്കാൻ കഴിയാതെ കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ആത്മഹത്യ ചെയ്‌തു. അയ്യൻ കുന്ന് മുടിക്കയത്തെ സുബ്രഹ്മണ്യൻ നടുവത്താണ് ആത്മഹത്യ ചെയ്‌തത്. ജീവിക്കാൻ മാർഗം ഇല്ലാത്തതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്‌തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നത് (farmer suicide in kannur).
രണ്ടര ഏക്കർ വരുന്ന കൃഷിസ്ഥലത്ത് വന്യമൃഗശല്യം കാരണം കൃഷിസ്ഥലം ഉപേക്ഷിക്കേണ്ടി വന്ന കർഷകനാണ് സുബ്രമണ്യൻ. കാൻസർ രോഗിയായ സുബ്രഹ്മണ്യൻ ഭാര്യ കനകമ്മയ്ക്ക് ഒപ്പം അയ്യൻ കുന്ന് മുടിക്കയത്തുളള വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വന്യമൃഗശല്യം കാരണം സുബ്രഹ്മണ്യന് സ്വന്തം കൃഷി ഇടത്തിൽ കൃഷി ഇറക്കാൻ കഴിഞ്ഞിരുന്നില്ല.
കാട്ടാനയുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി സ്വന്തം കൃഷിയിടവും, വീടും ഉപേക്ഷിച്ച് സുബ്രഹ്മണ്യന് വാടക വീട്ടിലേക്ക് താമസം മാറേണ്ടി വന്നു. ചികിത്സക്കുള്ള പണം കണ്ടെത്തുവാനും വീടിൻ്റെ വാടക കൊടുക്കാൻ കഴിയാത്തതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്‌തതെന്ന് ബന്ധുക്കൾ പറഞ്ഞു.
സ്വന്തം പറമ്പിൽ നിന്നുള്ള ആധായം ലഭിക്കാതാവുകയും ജീവിക്കാൻ മാർഗമില്ലാതായതിലും മനംനൊന്താണ് സുബ്രഹ്മണ്യൻ ആത്മഹത്യ ചെയ്‌തതെന്നാണ് എംഎൽഎ സണ്ണി ജോസഫും വ്യക്തമാക്കിയത്. സ്വന്തമായി വീടെന്നത് സുബ്രഹ്മണ്യൻ്റെ സ്വപ്‌നമായിരുന്നു. ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ കർഷകനെന്നും എംഎല്‍എ പറയുന്നു.
എന്നാൽ രണ്ടര ഏക്കർ ഭൂമി സ്വന്തം പേരിൽ ഉള്ളതിനാൽ ലൈഫ് പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് സുബ്രഹ്മണ്യൻ അർഹതയില്ലെന്ന മറുപടിയാണ് അധികൃതർ നൽകിയത്. ഇതും അദ്ദേഹത്തിന് മനപ്രയാസം ഉണ്ടാക്കിയെന്ന് നാട്ടുകാർ പറയുന്നു. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നും വീട് നിർമ്മാണത്തിന് സഹായം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്ള അപേക്ഷയും തയ്യാറാക്കി വെച്ചാണ് സുബ്രഹ്മണ്യൻ ആത്മഹത്യ ചെയ്‌തത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056
കർഷക ആത്മഹത്യ: കനത്ത മഴയില്‍ വിളവ് നശിച്ചതോടെ വായ്‌പയെടുത്ത് കൃഷിയിറക്കിയ തെലങ്കാനയിലെ നാല് കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തു. ജയശങ്കർ ഭൂപാലപ്പളളി ജില്ലയിലെ കോതപളളിഗോരി മണ്ഡലത്തിലെ വെങ്കിടേശ്വരലപ്പള്ളി സ്വദേശിയായ ഗട്ടു രാജയ്യ (55), മുലുഗു ജില്ലയിലെ ദേവഗിരി പട്ടണത്തിൽ രാമകൃഷ്‌ണ റെഡ്ഡി (43), യാദാദ്രി ഭുവനഗിരി ജില്ലയിലെ ചൗതുപ്പൽ മണ്ഡലത്തിലെ ചിന്തലഗുഡെം സ്വദേശിയായ കൊമറെല്ലി രാജശേഖർ റെഡ്ഡി (35), നൽഗൊണ്ട ജില്ലയിലെ കൊരട്ടിക്കലിലെ മുനുഗോഡു മണ്ഡലത്തിലെ കർഷകനായ അന്നം കൃഷ്‌ണ (32) തുടങ്ങിയ കർഷകരാണ് കടക്കെണി മൂലം ആഗസ്‌റ്റ് മാസം ആത്മഹത്യ ചെയ്‌തത്.
