മുഴപ്പിലങ്ങാട് -മാഹി ബൈപാസ് റോഡ് നിര്‍മാണം പുരോഗമിക്കുന്നു

author img

By

Published : Jun 21, 2022, 1:31 PM IST

മുഴുപ്പിലങ്ങാട് മാഹി ബൈപാസ്  Construction of Mahe Bypass Road is in progress  the muzhupilangadhi mahe byepass  തലശ്ശേരിയില്‍ ബൈപാസ് നിര്‍മാണം  മുഴുപ്പിലങ്ങാട് അഴിയൂര്‍ റോഡ്  Muzhuppilangad Azhiyoor Road

മുഴപ്പിലങ്ങാട് - മാഹി ബൈപാസ് റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 20 മിനിറ്റ് കൊണ്ട് മുഴപ്പിലങ്ങാട് നിന്ന് അഴിയൂരിലേക്കും തിരിച്ചും യാത്ര ചെയ്യാനാവും

കണ്ണൂര്‍: മുഴപ്പിലങ്ങാട് - മാഹി ബൈപാസ് റോഡ് നിര്‍മാണം പുരോഗമിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. മുഴപ്പിലങ്ങാട് നിന്നും ആരംഭിച്ച് അഴിയൂരില്‍ അവസാനിക്കുന്ന ബൈപാസിന്‍റെ നീളം 18.6 കിലോമീറ്ററാണ്. 1300 കോടി രൂപ ചെലവില്‍ നാലുവരി പാതയായാണ് നിര്‍മാണം.

ധർമ്മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി, അഴിയൂർ എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നുപോകുന്നത്. നാല് വലിയ പാലങ്ങള്‍, ഒരു റെയില്‍വേ മേല്‍പാലം തുടങ്ങിയവയാണ് മാഹി ബൈപാസിലുള്ളത്. നിലവില്‍ ബൈപാസ് നിര്‍മാണത്തിന്‍റെ 80 ശതമാനവും, അഴിയൂര്‍ ഭാഗത്തെ മേല്‍പാലത്തിന്‍റെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.

അതേസമയം മാഹി റെയില്‍വേ സ്‌റ്റേഷനും കരോത്ത് ഗേറ്റിനും സമീപം നിര്‍മിക്കുന്ന മേല്‍പാലത്തിന്‍റെ നിര്‍മാണം ഇഴഞ്ഞ് നീങ്ങുകയാണ്. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയ ഇടങ്ങളില്‍ ടാറിങ് നടന്നുവരികയാണെങ്കിലും ബൈപാസിലെ പ്രധാന പാലങ്ങളുടെ കോണ്‍ക്രീറ്റ് പണിയടക്കം പൂര്‍ത്തിയായി. മാഹി പുഴയ്‌ക്ക് കുറുകെ നിര്‍മിക്കുന്ന പുതിയ പാലവും, എരഞ്ഞോളി പുഴയ്‌ക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിന്‍റെ സര്‍വിസ് റോഡുകളുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികളും, മമ്പറം റോഡിന് കുറുകെ നിര്‍മിക്കുന്ന ബാലം പാലത്തിന്‍റെ നിര്‍മാണവും പൂര്‍ത്തിയായി.

നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 20 മിനിറ്റ് കൊണ്ട് മുഴപ്പിലങ്ങാട് നിന്ന് അഴിയൂരിലേക്കും അതുപോലെ തിരിച്ചും യാത്ര ചെയ്യാനാവും. 2017 ഡിസംബര്‍ നാലിനാണ് മുഴപ്പിലങ്ങാട് മുതല്‍ പള്ളൂര്‍ പാറാല്‍ വരെയുള്ള ബൈപാസിന്‍റെ ഒന്നാം ഘട്ട നിര്‍മാണം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി ഉദ്ഘാടനം ചെയ്‌തത്. കരാര്‍ പ്രകാരം 30 മാസം കൊണ്ട് ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ.

എന്നാല്‍ 2018, 2019 വര്‍ഷങ്ങളിലെ പ്രളയവും തുടര്‍ന്ന് വന്ന കൊവിഡും ലോക്‌ഡൗണുമെല്ലാം നിര്‍മാണം നിര്‍ത്തിവെക്കാന്‍ കാരണമായി. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് 2022ല്‍ വീണ്ടും പുനരാരംഭിച്ചത്.

also read:അധികൃതരുടെ അനാസ്ഥ; ദുരിതക്കയമായി പയ്യന്നൂർ ബൈപാസ് റോഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.