കാട്ടാനകളെത്തുന്നത് പതിവ്, ആഴ്ചയില്‍ മൂന്ന് ദിവസം പോലും ജോലിയില്ലാതെ ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍

കാട്ടാനകളെത്തുന്നത് പതിവ്, ആഴ്ചയില്‍ മൂന്ന് ദിവസം പോലും ജോലിയില്ലാതെ ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍
പൂപ്പാറ, മൂലത്തറ, തോണ്ടിമല എന്നിവിടങ്ങളിലെത്തുന്ന ആനകള്‍ തോട്ടങ്ങളില്‍ തമ്പടിക്കുന്നതിനാല്‍ ആഴ്ചയില്‍ മൂന്ന് ദിവസം പോലും ജോലിയില്ലാത്ത അവസ്ഥയിലാണ് ഇവിടങ്ങളിലെ തൊഴിലാളികള്‍
ഇടുക്കി : കാട്ടാന ശല്യത്തില്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് പൂപ്പാറ, മൂലത്തറ, തോണ്ടിമല അടക്കമുള്ള ഏലത്തോട്ടങ്ങളില്‍ ജോലിക്കെത്തുന്ന തൊഴിലാളികള്‍. ഒറ്റതിരിഞ്ഞും കൂട്ടമായും കാട്ടാനകള്‍ എപ്പോഴാണ് ഇവിടങ്ങളിലേക്ക് എത്തുന്നതെന്ന് പറയാന്‍ സാധിക്കാത്തതുകൊണ്ട് ജീവന് പണയംവച്ചാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. പലപ്പോഴും കാട്ടാനകള്‍ തോട്ടങ്ങളില്‍ തമ്പടിക്കുന്നതോടെ ആഴ്ചയില്‍ മൂന്ന് ദിവസം പോലും ജോലി കിട്ടാത്ത അവസ്ഥയാണെന്ന് തൊഴിലാളികള്‍ പറയുന്നു.
അടുത്ത കാലത്തായി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണ്. തോട്ടം മേഖലകളിലേക്കെത്തുന്ന ആനകള്‍ ദിവസങ്ങളോളം തമ്പടിക്കും. ആനയിറങ്ങിയ വിവരം അറിയിച്ചാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകാറില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
ഏലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്നതിനിടയില്‍ നിരവധി തൊഴിലാളികള്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന് നഷ്ടപ്പെടുകയും പരിക്കുകള്‍ സംഭവിക്കുകയും ചെയ്തിട്ടുള്ളത്. ഇത്തരം സാഹചര്യങ്ങള്‍ക്ക് പിന്നാലെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വാഗ്ദാനങ്ങള്‍ മാത്രം നല്കി മടങ്ങുകയാണ് ചെയ്തത്. അതേസമയം, വനംവകുപ്പിന്റെ സഹായം ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ ഉടമകള്‍ തോട്ടങ്ങളുടെ അതിര്‍ത്തികളില്‍ തീയിട്ട് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആനപ്പേടിയില്ലാതെ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നതിന് വേണ്ട സാഹചര്യം ഒരുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
