കട്ടപ്പനയിൽ ആരോഗ്യ വിഭാഗം പരിശോധന; വഴിയോര കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിച്ചു, പാമ്പിന്‍റെയും കോഴിയുടെയും തലയും കണ്ടെത്തി

കട്ടപ്പനയിൽ ആരോഗ്യ വിഭാഗം പരിശോധന; വഴിയോര കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിച്ചു, പാമ്പിന്‍റെയും കോഴിയുടെയും തലയും കണ്ടെത്തി
കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗം ഇതര സംസ്ഥാന തൊഴിലാളികളുടെ കടയിൽ നടത്തിയ പരിശോധനയിൽ പാമ്പിന്‍റെയും കോഴിയുടെയും തലയും നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെത്തി.
ഇടുക്കി: കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ അനധികൃത വഴിയോര കച്ചവടസ്ഥാപനങ്ങൾ ഒഴിപ്പിച്ചു. കട്ടപ്പന കുന്തളംപാറ റോഡിന്‍റെ വശങ്ങളിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ ഉൾപ്പെടെയുള്ള വഴിയോര കച്ചവടസ്ഥാപനങ്ങളാണ് ഒഴിപ്പിച്ചത്. നാട്ടുകാരുടെ പരാതിയിലാണ് ആരോഗ്യ വിഭാഗം ഇവിടെ പരിശോധന നടത്തിയത്.
പരിശോധനയിൽ ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങളും സംഘം കണ്ടെടുത്തു. കൂടാതെ ആഭിചാര ക്രിയകൾക്ക് ഉപയോഗിക്കുന്ന രീതിയിൽ ഉള്ള കോഴി, പാമ്പ് എന്നിവയുടെ തലകളും, ഏലസുകളും സംഘം കണ്ടെടുത്തു. ഈ മേഖലകളിലെ ഭക്ഷണ ശാലകളിലും വൃത്തിഹീനമായ രീതിയിൽ ആണ് ഭക്ഷണം നൽകുന്നതെന്നും, ജോലി ചെയ്യുന്നവർക്ക് അടക്കം ഹെൽത്ത് കാർഡുകൾ ഇല്ല എന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.
ഇത്തരത്തിൽ കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങളും ആരോഗ്യ വിഭാഗം അടപ്പിച്ചു. കൂടാതെ വഴിയിലേക്ക് ഇറക്കിവച്ച് കച്ചവടം നടത്തുന്നവർക്കും ആരോഗ്യ വിഭാഗം നിർദേശം നൽകി. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളും ആരോഗ്യ വിഭാഗം നശിപ്പിച്ചു. വരും ദിവസങ്ങളിലും നഗരസഭ ആരോഗ്യ വിഭാഗം പരിശോധ നടത്തും.
