അട്ടപ്പാടി മധു വധക്കേസ് : ഒന്നാം പ്രതി ഹുസൈന്‍റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ഹൈക്കോടതി

അട്ടപ്പാടി മധു വധക്കേസ് : ഒന്നാം പ്രതി ഹുസൈന്‍റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ഹൈക്കോടതി
Madhu Case Prime Accused's Execution Of The Sentence Stayed: 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെടുന്നത്. കേസില്‍ 12 പ്രതികളുടെ ഇടക്കാല ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു
എറണാകുളം : അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈന്‍റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ജാമ്യം നൽകണമെന്ന പ്രതികളുടെ ഇടക്കാല ഹർജിയിലാണ് നടപടി. എന്നാൽ മറ്റ് 12 പ്രതികളുടെ ഇടക്കാല ഹർജികള്‍ ഹൈക്കോടതി തള്ളി.
കുറ്റകൃത്യത്തിന്‍റെ ആദ്യഘട്ടത്തിൽ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയായ ഹുസൈന്‍റെ ശിക്ഷ മരവിപ്പിച്ചത്. ശിക്ഷ മരവിപ്പിച്ചതോടെ ഹുസൈന് ജാമ്യത്തിൽ പുറത്തിറങ്ങാം. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്‍റെയും പാലക്കാട് റവന്യൂ ജില്ല പരിധിയിൽ കടക്കരുത് എന്ന നിബന്ധനയുടെയും അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. 2024 ജനുവരിയിൽ അപ്പീലുകളിൽ ഹൈക്കോടതി വാദം കേൾക്കും.
അതേസമയം കേസില്‍ ഒന്നുമുതല്‍ പതിനഞ്ച് വരെയുള്ള പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിനതടവും പിഴയുമായിരുന്നു മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയുടെ ശിക്ഷാവിധി. ഇതിനെതിരെയായിരുന്നു ഹുസൈനടക്കമുള്ള പ്രതികളുടെ അപ്പീൽ. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെടുന്നത്. ഭക്ഷണം മോഷ്‌ടിച്ചുവെന്ന കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം അതിക്രൂരമായി മര്‍ദിച്ചായിരുന്നു മധുവിനെ കൊലപ്പെടുത്തിയത്.
