Pink Police: പൊലീസുകാരിക്ക് കാക്കിയുടെ അഹങ്കാരം, പെൺകുട്ടിയെ പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Pink Police: പൊലീസുകാരിക്ക് കാക്കിയുടെ അഹങ്കാരം, പെൺകുട്ടിയെ പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ആറ്റിങ്ങലിൽ പെൺകുട്ടിയെയും പിതാവിനെയും പിങ്ക് പൊലീസ് (Pink Police) അപമാനിച്ച വിഷയത്തിൽ രൂക്ഷവിമർശനമാണ് ഹൈക്കോടതി നടത്തിയത്. പൊലീസുകാരിയുടെ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കുട്ടിയെ വിചാരണ നടത്തിയ വീഡിയോ കോടതി പരിശോധിച്ചു.
എറണാകുളം: ആറ്റിങ്ങലിൽ പെൺകുട്ടിയെയും പിതാവിനെയും പിങ്ക് പൊലീസ് അപമാനിച്ച വിഷയത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പിങ്ക് പൊലീസിനെതിരെ നഷ്ട്ടപരിഹാരമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പൊലീസുകാരിയുടെ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കുട്ടിയെ വിചാരണ നടത്തിയ വീഡിയോ കോടതി പരിശോധിച്ചു.
ദൃശ്യങ്ങൾ മനസിനെ അസ്വസ്ഥമാക്കുന്നു. കുട്ടിയുടെ കരച്ചൽ വേദനയുണ്ടാക്കുന്നു. പൊലീസുകാരി സ്ത്രീയല്ലേ എന്നും കോടതി ചോദിച്ചു. കാക്കിയിട്ടില്ലായിരുന്നുവെങ്കിൽ ഉദ്യോഗസ്ഥയ്ക്ക് അടി കിട്ടുമായിരുന്നു. പൊലീസുകാരിക്ക് കാക്കിയുടെ അഹങ്കാരമാണ്. പേടിച്ചു കരഞ്ഞ കുട്ടിയെ ആശ്വസിപ്പിച്ചെങ്കിൽ തീരുമായിരുന്ന പ്രശ്നമായിരുന്നു ഇത്.
Also Read: Pink Police harassment in Kerala: പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ; കേസെടുക്കാന്‍ നിര്‍ദേശം
എന്നാൽ പൊലീസുകാരിയുടെ ദുരഭിമാനം അതിന് അനുവദിച്ചില്ല. പിങ്ക് പൊലീസ് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെയൊരു പിങ്ക് പൊലീസ് എന്തിനെന്ന് കോടതി ചോദിച്ചു. മൊബൈൽ ഫോൺ സുരക്ഷിതമായി വെക്കേണ്ടത് പൊലീസുകാരിയുടെ ചുമതലയാണ്. എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്തതെന്ന് കോടതി ചോദിച്ചു.
ചില വീഴ്ച ഉണ്ടായെന്നു വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ഥലം മാറ്റം ശിക്ഷയാണോ എന്നും കോടതി ചോദിച്ചു. സംഭവത്തിന് ശേഷം പെൺകുട്ടി ചികിത്സ തേടിയിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരം മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാൻ ഹർജിക്കാരിയോട് കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ ഡി.ജി.പി വിശദമായ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. ഡിസംബർ ആറിന് കേസ് ഹൈകോടതി വീണ്ടും പരിഗണിക്കും.
