ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് ചട്ടഭേദഗതി ; കെഎസ്‌ആര്‍ടിസി നൽകിയ ഹർജി നീട്ടി ഹൈക്കോടതി

ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് ചട്ടഭേദഗതി ; കെഎസ്‌ആര്‍ടിസി നൽകിയ ഹർജി നീട്ടി ഹൈക്കോടതി
India tourist permit rule amendment: എഐടിപി ചട്ടത്തിനെതിരെ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ കേന്ദ്ര നിയമത്തിനെതിരെ ഹർജി നൽകാൻ സർക്കാരിന് കീഴിൽ ഉള്ള കെഎസ്ആര്‍ടിസിക്ക് എങ്ങനെ സാധിക്കുമെന്ന് കോടതി ആരാഞ്ഞു
എറണാകുളം: കേന്ദ്ര സർക്കാരിന്‍റെ ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില ഭേദഗതികൾ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആർടിസി നൽകിയ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാർ സാവകാശം തേടി. ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കാനായി മാറ്റി (HC extended KSRTC petition against all india tourist permit rule amendment).
ഹർജി പരിഗണിക്കുന്നതിനിടെ കേന്ദ്ര നിയമത്തിനെതിരെ ഹർജി നൽകാൻ സർക്കാരിന് കീഴിൽ ഉള്ള കെഎസ്ആര്‍ടിസിക്ക് എങ്ങനെ സാധിക്കും എന്ന സംശയം കോടതി പ്രകടിപ്പിച്ചു. നിയമത്തെ ചോദ്യം ചെയ്യാൻ എന്തെങ്കിലും കാരണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. 2023 ലെ ഓൾ ഇന്ത്യാ ടൂറിസ്‌റ്റ് പെർമിറ്റ് ചട്ടങ്ങളിലെ രണ്ട് വകുപ്പുകൾ 1988 ലെ മോട്ടോർ വാഹന നിയമത്തിനെതിരാണെന്നാണ് കെഎസ്ആര്‍ടിസിയുടെ ആരോപണം.
അതിനാൽ പ്രസ്‌തുത ചട്ടങ്ങൾ പ്രകാരം ഓൾ ഇന്ത്യാ ടൂറിസ്‌റ്റ് പെർമിറ്റ് അനുവദിച്ച നടപടി റദ്ദാക്കണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. ദേശസാത്കൃത റൂട്ടിലൂടെ ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് എടുത്ത വാഹനങ്ങൾ നിയന്ത്രിക്കണമെന്നും ഇത്തരം പെർമിറ്റിലൂടെ സ്‌റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഗതാഗത കമ്മിഷണർക്ക് നിർദേശം നൽകണമെന്നിങ്ങനെയാണ് ആവശ്യങ്ങൾ.
ഓൾ ഇന്ത്യാ ടൂറിസ്‌റ്റ് പെർമിറ്റ് എടുത്ത കോൺട്രാക്‌ട് ക്യാരേജ് വാഹനങ്ങൾ സ്‌റ്റേജ് ക്യാരേജായി ഉപയോഗിക്കുന്നുവെന്നതാണ് നിലവിലുള്ള ആക്ഷേപം. ഇത്തരം പെർമിറ്റുള്ള പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിലോടിയ റോബിൻ ബസ് കഴിഞ്ഞ ദിവസം സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നാലിടത്തായി തടഞ്ഞു പിഴയിടുകയും പിന്നീട് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് ബസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു.
