എറണാകുളത്ത് ചെരുപ്പുകമ്പനിയ്ക്ക് തീപിടിച്ചു; സംഭവത്തില്‍ ദുരൂഹതയെന്ന് കടയുടമ

എറണാകുളത്ത് ചെരുപ്പുകമ്പനിയ്ക്ക് തീപിടിച്ചു; സംഭവത്തില്‍ ദുരൂഹതയെന്ന് കടയുടമ
എസ്ആർഎം റോഡിൽ പ്രവർത്തിക്കുന്ന ലിബ ചെരുപ്പ് കമ്പനിയ്ക്കാണ് തീപിച്ചത്. തൊഴിലാളിയുമായുള്ള പ്രശ്നത്തെ തുടർന്ന് ഒരാൾ തന്റെ സ്ഥാപനത്തിന് തീവച്ചതാണെന്ന് സംശയിക്കുന്നതായി കടയുടമ.
എറണാകുളം: എസ്ആർഎം റോഡിൽ പ്രവർത്തിക്കുന്ന ലിബ ചെരുപ്പ് കമ്പനി ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചു. വെള്ളിയാഴ്ച (20.01.23) പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ നിന്നും ഇതര സംസ്ഥാനക്കാരായ എട്ടു പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പുലർച്ചെ നാലുമണിയ്ക്ക് തീപടർന്നതോടെ ചെരിപ്പ് കമ്പനിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികൾ ഞെട്ടിയുണർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ദുരൂഹതയുണ്ട്, പരാതിയും: തൊഴിലാളിയുമായുള്ള പ്രശ്നത്തെ തുടർന്ന് ഒരാൾ തന്റെ സ്ഥാപനത്തിന് തീവെച്ചതായി സംശയിക്കുന്നതായി ഉടമ നോർത്ത് പൊലീസിൽ പരാതി നൽകി. ബിഹാർ സ്വദേശിയായ മുർഷിദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ചെരിപ്പ് കമ്പനി. ഈ സ്ഥാപനത്തിൽ പുതിയതായി എത്തിയ ഒരു തൊഴിലാളി സമീപത്തുള്ള പെൺകുട്ടിക്ക് മിഠായി നൽകിയതുമായി ബന്ധപ്പെട്ട് പ്രശ്നം നിലവിലുണ്ടായിരുന്നു.
ഇതേത്തുടര്‍ന്ന്, പെൺകുട്ടിയുടെ പിതാവ് ഈ സ്ഥാപനത്തിലെത്തുകയും ആരോപണ വിധേയനായ തൊഴിലാളിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. നാളെ മുതൽ ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കില്ലന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറഞ്ഞു. ഷോട്ട് സർക്യൂട്ടിന് സാധ്യതയില്ലന്നും തീ പുറത്തു നിന്നും ഉള്ളിലേക്ക് പടർന്നതും സ്ഥാപനത്തിന് മന:പൂർവ്വം തീവെച്ചതാണെന്ന സംശയത്തിന് കാരണമെന്നും തൊഴിലാളികൾ പറയുന്നു.
ഇവിടെ സൂക്ഷിച്ചിരുന്ന ചെരിപ്പുകളും, നിർമാണ സാമഗ്രികളും പൂർണമായും കത്തിനശിച്ചിട്ടുണ്ട്. തീപ്പിടിച്ചയുടനെ ഫയർഫോഴ്സിനെ അറിയിച്ചെങ്കിലും മുക്കാൽ മണിക്കൂറോളം വൈകിയാണ് എത്തിയതെന്നും സ്ഥാപനത്തിന്റെ ഉടമ പറഞ്ഞു. സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പടരുന്നതിന് മുമ്പ് തീയണയ്ക്കാൻ കഴിഞ്ഞത് മൂലമാണ് വൻ ദുരന്തം ഒഴിവായത്.
സമീപത്തെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിനും തീ പിടിച്ചെങ്കിലും അണയ്ക്കാൻ കഴിഞ്ഞു. എട്ട് വർഷത്തോളമായി ഈ സ്ഥാപനം എസ് ആർ എം റോഡില്‍ പ്രവർത്തിച്ച് വരികയായിരുന്നു. ഇരുപത് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി സ്ഥാപനപനത്തിന്റെ ഉടമ പറയുന്നു. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
