ഷവര്‍മയ്‌ക്ക് പഴകിയ ഇറച്ചി; കളമശ്ശേരിയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 400 കിലോ മാംസം പിടികൂടി

author img

By

Published : Jan 12, 2023, 2:35 PM IST

meat seized from kalamassery  400 kg meat seized from kalamassery  kalamassery  food safety department  kochi corporation  food security check  പഴകിയ ഇറച്ചി  കളമശ്ശേരി  കളമശ്ശേരിയില്‍ പഴകിയ ഇറച്ചി പിടികൂടി  കളമശ്ശേരി കൈപ്പടമുകള്‍  നഗരസഭ ആരോഗ്യ വിഭാഗം  ഭക്ഷ്യ സുരക്ഷ പരിശോധന

വിവിധ ഹോട്ടലുകളില്‍ വിതരണത്തിനായി സൂക്ഷിച്ചിരുന്ന പഴകിയ ഇറച്ചി കളമശ്ശേരി കൈപ്പടമുകളിലുള്ള വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നഗരസഭ ആരോഗ്യ വിഭാഗം പഴകിയ ഇറച്ചി പിടികൂടിയത്.

കളമശ്ശേരിയില്‍ പഴകിയ ഇറച്ചി പിടികൂടി

എറണാകുളം: കളമശ്ശേരിയില്‍ 400 കിലോ പഴകിയ ഇറച്ചി പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി കണ്ടെത്തിയത്. കളമശ്ശേരി കൈപ്പടമുകളിലെ വീട്ടിലാണ് അഴുകി തുടങ്ങിയ ഇറച്ചി സൂക്ഷിച്ചിരുന്നത്.

ഫ്രീസറുകളില്‍ സൂക്ഷിച്ചിരുന്ന മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. വൃത്തിഹീനമായ സാഹചര്യത്തിൽ നാളുകളായി ഈ വീട്ടിൽ ഇറച്ചി സൂക്ഷിച്ച് വില്‍പന നടത്തുന്നുവെന്ന വിവരം നാട്ടുകാർ തന്നെയാണ് നഗരസഭയെ അറിയിച്ചത്. ഇറച്ചി സൂക്ഷിച്ച് വിപണനം ചെയ്യുന്നതിനായി വാടകയ്ക്ക് എടുത്തതായിരുന്നു ഈ വീട്.

കൊച്ചിയിലെ ഹോട്ടലുകളിൽ ഷവർമ ഉൾപ്പടെയുള്ള ചിക്കൻ വിഭവങ്ങൾ ഉണ്ടാക്കാൻ എത്തിച്ചതാണ് പിടികൂടിയ ഇറച്ചിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കുറഞ്ഞ വിലയിൽ ഗുണ നിലവാരമില്ലാത്ത ഇറച്ചി തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച് ഹോട്ടലുകളിൽ വിതരണം ചെയ്യുകയായിരുന്നു നടത്തിപ്പുകാർ എന്നാണ് വിവരം. നല്ല ഇറച്ചിയോടൊപ്പം ചേർത്ത് ഷവർമ ഉൾപ്പടെയുടെയുള്ള ഇനങ്ങൾക്ക് ആവശ്യമായ രീതിയിലായിരുന്നു ഇറച്ചി ഇവിടെ നിന്നും വില്‍പന നടത്തിയിരുന്നത്.

150 ലിറ്ററിലധികം പഴകിയ എണ്ണയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പ് തന്നെ നടത്തിപ്പുകാരന്‍ മലപ്പുറം സ്വദേശിയായ ജുനൈസ് എന്നയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇതര സംസ്ഥാനക്കാരായിരുന്നു ഇവിടെ ജോലി ചെയ്‌തിരുന്നത്.

'ഇറച്ചി വിപണനം നടത്തുന്നതിന് അനുമതിയില്ല': പിടിച്ചെടുത്ത ഇറച്ചി ബ്രഹ്മപുരത്തെ മാലിന്യ സംസ്ക്കരണ പ്ലാന്‍റില്‍ എത്തിച്ച് നശിപ്പിക്കുമെന്ന് നഗരസഭ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അനുമതിയില്ലാതെ ഇറച്ചി വിപണനം നടത്തിയതിന് നഗരസഭ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം ഭക്ഷ്യ സുരക്ഷ വിഭാഗം കൊച്ചി നഗരത്തിലാകെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ തുടർന്ന് വരികയാണ്.

എറണാകുളം ജില്ലയിൽ കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് 39 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായി കണ്ടെത്തിയ വാഴക്കാല അബിദ ഹോട്ടൽ എന്ന സ്ഥാപനവും, ഭക്ഷ്യ സുരക്ഷ ലൈസൻസും രജിസ്ട്രേഷനും ഇല്ലാതെ വൃത്തിഹീനമായി പ്രവർത്തിച്ച ചമ്പക്കര വി.യു.യു ഹോട്ടൽ എന്നിവയുടെ പ്രവർത്തനവും തടഞ്ഞു.

ആറ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും നാല് സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടിസും നൽകി. ഗുരുതരമായ വീഴ്ച്ച കണ്ടെത്തുകയും, ലൈസൻസില്ലാതെ പ്രവർത്തിക്കുകയും ചെയ്‌ത ആറ് സ്ഥാപനങ്ങൾക്ക് 24,000 രൂപ പിഴ ഈടാക്കി. മാനദണ്ഡങ്ങൾ പാലിക്കാതെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എറണാകുളം ഭക്ഷ്യ സുരക്ഷ അസിസ്റ്റന്‍റ് കമ്മിഷണർ ജോൺ വിജയകുമാർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.