എയ്‌ഡഡ് സ്‌കൂൾ നിയമനത്തിലുളള എസ്‌എന്‍ഡിപി നിലപാടില്‍ മാറ്റമില്ല, സർക്കാർ പിന്മാറിയത് മറ്റൊരു വിമോചന സമരം ഭയന്ന് ; വെള്ളാപ്പള്ളി നടേശൻ

എയ്‌ഡഡ് സ്‌കൂൾ നിയമനത്തിലുളള എസ്‌എന്‍ഡിപി നിലപാടില്‍ മാറ്റമില്ല, സർക്കാർ പിന്മാറിയത് മറ്റൊരു വിമോചന സമരം ഭയന്ന് ; വെള്ളാപ്പള്ളി നടേശൻ
എസ്എന്‍ഡിപി യോഗത്തിന്‍റെ ഭരണഘടന ഭേദഗതി ചെയ്യണമെന്ന ഹൈക്കോടതി നിർദേശത്തെ സ്വാഗതം ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി.
ആലപ്പുഴ: എയ്‌ഡഡ് സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട് എസ്‌എന്‍ഡിപി യോഗത്തിന്‍റെയും എസ്‌എൻ ട്രസ്റ്റിന്‍റെയും തീരുമാനത്തിലും നിലപാടിലും മാറ്റമില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിയമനങ്ങൾ പി.എസ്.സിയോ, അല്ലെങ്കില്‍ മറ്റ് ഏജൻസികളെയോ ഉപയോഗിച്ച് നടത്തണം. എന്നാൽ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയത് മറ്റൊരു വിമോചന സമരം ഭയന്നാകാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എസ്‌എന്‍ഡിപി യോഗത്തിന്‍റെ ഭരണഘടന ഭേദഗതി ചെയ്യണമെന്ന ഹൈക്കോടതി നിർദേശത്തെ സ്വാഗതം ചെയ്യുന്നു. നിലവിലെ ഭരണഘടന നൂറ് വർഷത്തിന് മേൽ പഴക്കമുള്ളതാണ്. ഭരണസമിതിയെ മാറ്റണമെന്ന ആവശ്യവുമായി 21 വർഷം മുമ്പ് നൽകിയ കേസിലെ വിധിയാണ് ഇപ്പോൾ വന്നിട്ടുള്ളത്. ഈ വിധിയെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയ്‌ക്ക് പുതിയ സ്‌കീം രൂപീകരിക്കണമെന്ന കോടതി നിർദേശം നടപ്പിലാക്കും. എന്നാൽ അതിന് സമയം എടുക്കും. സംഘടനയുടെ വളർച്ചയ്ക്ക് ഗുണകരമായ ഏത് തീരുമാനവും കൈക്കൊള്ളാൻ സന്തോഷം മാത്രമേയുള്ളൂ. വെള്ളാപ്പള്ളിക്ക് തിരിച്ചടി എന്ന് പറയുന്നവർ കാര്യമറിയാതെയാണ് സംസാരിക്കുന്നതെന്നും' വെള്ളാപ്പള്ളി നടേശൻ ആലപ്പുഴയിൽ പറഞ്ഞു.
