എണ്ണാമെങ്കില്‍ എണ്ണിക്കോ... വല നിറയെ 'ഏഴ്' എണ്ണം; കോസ്റ്റാറിക്കയെ ഭസ്‌മമാക്കി സ്‌പെയിന്‍ തുടങ്ങി

author img

By

Published : Nov 24, 2022, 7:15 AM IST

qatar world cup 2022  Spain vs Costa Rica  spain  costa rica  spain goals against costa rica  spain vs costa rica score  football live  fifa football world cup  world cup 2022  സ്‌പെയിന്‍  കോസ്റ്റാറിക്ക  ഖത്തര്‍ ലോകകപ്പ്  ലോകകപ്പ് 2022  സ്‌പാനിഷ് പട  അല്‍ തുമാമ  ഗാവി

ഖത്തറിലെ അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ സ്‌പാനിഷ് താരങ്ങള്‍ നിറഞ്ഞ് കളിച്ചപ്പോള്‍ കാഴ്‌ചക്കാരുടെ റോളിലായിരുന്നു കോസ്റ്റാറിക്ക. മത്സരത്തിന്‍റെ 11ാം മിനിട്ടില്‍ തുടങ്ങിയ ഗോള്‍ വേട്ട അവസാന ഇഞ്ചുറി ടൈമിലാണ് മുന്‍ ചാമ്പ്യന്മാര്‍ അവസാനിപ്പിച്ചത്.

ദോഹ: ഖത്തര്‍ ലോകകപ്പില്‍ സ്‌പാനിഷ് പടയുടെ വേഗത്തിനും കരുത്തിനും തന്ത്രത്തിനും മുന്നില്‍ അടിയറവ് പറഞ്ഞ് കോസ്റ്റാറിക്ക. എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് കോസ്റ്റാറിക്കയെ മുന്‍ ചാമ്പ്യന്മാര്‍ തകര്‍ത്ത് വിട്ടത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് സ്‌പാനിഷ് ടീം ഒരു മത്സരത്തില്‍ എതിര്‍ വലയില്‍ ഏഴ് ഗോള്‍ എത്തിക്കുന്നത്.

അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ 90 മിനിട്ടും നിറഞ്ഞ് കളിച്ചത് സ്‌പെയിനായിരുന്നു. ടിക്കി ടാക്കയെ ഓര്‍മിപ്പിച്ച പാസിങ് ഗെയിം സ്‌പാനിഷ് പട പുറത്തെടുത്തപ്പോള്‍ കോസ്റ്റാറിക്ക താരങ്ങള്‍ പന്ത് കിട്ടാതെ മൈതാനത്ത് അലഞ്ഞു. രണ്ട് പകുതികളിലായി 1045 പാസുകളിട്ടാണ് മുന്‍ ചാമ്പ്യന്മാര്‍ കളം നിറഞ്ഞാടിയത്. അതൊരു റെക്കോഡാണ്.

ഗോളോട് ഗോള്‍: 4-3-3 ശൈലിയില്‍ ഇറങ്ങിയ സ്‌പാനിഷ് ടീമില്‍ ഫെരാന്‍ ടോറസ്, മാര്‍ക്കോ അസന്‍സിയോ, ഡാനി ഓല്‍മ എന്നിവരായിരുന്നു മുന്നേറ്റനിരയില്‍ അണിനിരന്നത്. മധ്യനിരയില്‍ പരിചയസമ്പന്നനായ ബുസ്‌കറ്റ്‌സിനൊപ്പം യുവതുര്‍ക്കികളായ ഗാവിയും പെഡ്രിയും കളി നിയന്ത്രിച്ചു. അസ്‌പിലിക്വേറ്റയും റോഡ്രിയും ലൊപ്പോര്‍ട്ടയും ആല്‍ബയും അടങ്ങിയ പ്രതിരോധവും ശക്തം.

4-4-2 ശൈലിയിലായിരുന്നു കോസ്റ്റാറിക്ക ഇറങ്ങിയത്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ 573 പാസുകളുമായി സ്‌പാനിഷ് താരങ്ങള്‍ കളം നിറഞ്ഞപ്പോള്‍ 31 മിനിട്ടിനുള്ളില്‍ തന്നെ മൂന്ന് പ്രാവശ്യം കോസ്റ്റാറിക്കയുടെ വല കുലുങ്ങി. 11ാം മിനിട്ടില്‍ ഡാനി ഓല്‍മയാണ് ഗോള്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. 21ാം മിനിട്ടില്‍ അസന്‍സിയോയും 31ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ ടോറസും ലക്ഷ്യം കണ്ടു.

54ാം മിനിട്ടില്‍ രണ്ടാം ഗോള്‍ നേടിയ ഫെരാന്‍ ടോറസാണ് സ്‌പെയിനിന്‍റെ ലീഡ് നാലാക്കി ഉയര്‍ത്തിയത്. 74ാം മിനിട്ടില്‍ ഗാവിയും 90ാം മിനിട്ടില്‍ കാര്‍ലോസ് സോളറും ഗോള്‍ നേടി. ഇഞ്ചുറി ടൈമിലെ ഗോളോടെ അല്‍വരോ മൊറാട്ടയാണ് സ്‌പെയിന്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. ഒരു ഷോട്ട് പോലും സ്‌പെയിന്‍ ഗോള്‍ മുഖത്തേക്ക് പായിക്കാന്‍ സാധിക്കാതെയാമണ് കോസ്റ്റാറിക്ക കളിയവസാനിപ്പിച്ചത്.

വട്ടം കറങ്ങിയ കോസ്റ്റാറിക്ക: കോസ്റ്റാറിക്കയ്‌ക്കെതിരെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ നിറഞ്ഞാടുന്ന സ്‌പാനിഷ് ടീമിനെയാണ് കളിയാസ്വാദകര്‍ ഒന്നടങ്കം കണ്ടത്. പന്തടക്കത്തിലും പാസിങ് ഗെയിമിലും തങ്ങളെ വെല്ലാന്‍ ആരുണ്ടെന്ന് ചോദിക്കുന്നതായിരുന്നു ടീമിന്‍റെ പ്രകടനം. പാസിങിന്‍റ കാര്യത്തിലും സ്‌പാനിഷ് പട ലോകകപ്പിലെ റെക്കോഡ് സ്ഥാപിച്ചു.

മത്സരത്തില്‍ 1045 പാസുകളാണ് സ്‌പെയിന്‍ സൃഷ്‌ടിച്ചത്. അതില്‍ 976 എണ്ണം വിജയകരമായി അവര്‍ പൂര്‍ത്തീകരിക്കുകയും ചെയ്‌തു. ആദ്യ പകുതിയില്‍ 549 പാസുകള്‍ സൃഷ്‌ടിച്ചും സ്പാനിഷ് താരങ്ങള്‍ പുതിയ റെക്കോഡ് സ്വന്തമാക്കി.

230 പാസുകള്‍ മാത്രമായിരുന്നു തങ്ങളെ വട്ടം കറക്കിയ സ്‌പാനിഷ് പടയ്‌ക്കെതിരെ കോസ്റ്റാറിക്ക സൃഷ്‌ടിച്ചത്. പന്തടക്കത്തിലും സ്‌പെയിന്‍ തന്നെയായിരുന്നു മുന്നില്‍. മത്സരത്തിന്‍റെ 82 ശതമാനം സമയവും സ്‌പെയിന്‍ താരങ്ങളുടെ കാലിലായിരുന്നു പന്ത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.