Premier League| മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്ത്തി കണക്ക് തീര്‍ത്ത് ആഴ്സണല്‍

Premier League| മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്ത്തി കണക്ക് തീര്‍ത്ത് ആഴ്സണല്‍
എമിറേറ്റ്സ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്സണല്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചത്. പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ഗണ്ണേഴ്സിന് ജയത്തോടെ 50 പോയിന്റായി.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ആഴ്സണല്‍. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേഴ്സിന്റെ ജയം. എന്‍കെറ്റിയ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ബുക്കായോ സാക്കയുടെ വകയായിരുന്നു ആഴ്സണലിന്റെ ഒരു ഗോള്‍.
-
Time to relive it all again, Gooners 🤩 pic.twitter.com/xzVHCJJMz1
— Arsenal (@Arsenal) January 22, 2023
യുണൈറ്റഡിനായി മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവരാണ് ഗോള്‍ നേടിയത്. ജയത്തോടെ 19 മത്സരങ്ങളില്‍ നിന്നും ആഴ്സണലിന് 50 പോയിന്റായി. 39 പോയിന്റുള്ള യുണൈറ്റഡ് നാലാം സ്ഥാനത്താണ്. 20 മത്സരങ്ങളില്‍ 45 പോയിന്റുള്ള സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ആദ്യ ഗോള്‍ നേടിയത്. 17-ാം മിനിട്ടില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാല്‍ 24-ാം മിനിട്ടില്‍ ആഴ്സണല്‍ ഗോള്‍ മടക്കി.
എഡി എന്‍കെറ്റിയയുടെ വകയായിരുന്നു ഗോള്‍. തുടര്‍ന്ന് മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമിനും കൂടുതല്‍ ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ 53-ാം മിനിട്ടില്‍ ബുക്കായോ സാക്കയിലൂടെ ആഴ്സണല്‍ ലീഡുയര്‍ത്തി.
59-ാം മിനിട്ടില്‍ യുണൈറ്റഡിന്റെ മറുപടി ഗോള്‍ പിറന്നു. ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെ വകയായിരുന്നു ഗോള്‍. പിന്നാലെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരു ടീമും കളം നിറഞ്ഞു.
ഒടുവില്‍ മത്സരത്തിന്റെ 90-ാം മിനിട്ടിലാണ് ആഴ്സണല്‍ വിജയഗോള്‍ നേടിയത്. എന്കെറ്റിയയായിരുന്നു ഗോള്‍ സ്കോറര്‍.
