രോഹിത്തും കോലിയും വിഷമിക്കേണ്ട, ഏഴാം മാസത്തില്‍ ടി20 ലോകകപ്പ് വരുന്നുണ്ട്

രോഹിത്തും കോലിയും വിഷമിക്കേണ്ട, ഏഴാം മാസത്തില്‍ ടി20 ലോകകപ്പ് വരുന്നുണ്ട്
തോല്‍വികളില്‍ നിന്ന് മടങ്ങിവരാനുള്ള കരുത്തും മികവും ഇന്ന് ടീം ഇന്ത്യയ്ക്കുണ്ട്. അതിനൊപ്പം മികച്ചതാരങ്ങൾ അടങ്ങുന്ന യുവനിര ടീം ഇന്ത്യയിലേക്കുള്ള വിളികാത്തിരിക്കുന്നു. ടി20 ലോകകപ്പ് 2024 ജൂൺ നാല് മുതല്‍ ജൂൺ 30 വരെ.
ഹൈദരാബാദ്: സ്വന്തം നാട്ടില്‍ ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ടീം ഇന്ത്യയ്ക്ക് നഷ്‌ടമായത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയൻ ഓൾറൗണ്ട് മികവിന് മുന്നില്‍ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു. ടൂർണമെന്‍റിലുടനീളം അപരാജിതരായി മികച്ച പ്രകടനവും കിരീട പ്രതീക്ഷയും നിലനിർത്തിയ ശേഷമാണ് കലാശപ്പോരില്‍ ഇന്ത്യ കീഴടങ്ങിയത്.
നായകൻ രോഹിത് ശർമ, വിരാട് കോലി, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവരുടെ തകർപ്പൻ പ്രകടനം ഈ ടൂർണമെന്‍റില്‍ ഇന്ത്യയ്ക്ക് കരുത്തായിരുന്നു. പക്ഷേ കിരീടം കൈവിട്ടതോടെ ഇന്ത്യയുടെ മുൻനിര താരങ്ങളില്‍ പലർക്കും ഇനിയൊരു ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്‍റ് ഉണ്ടാകില്ലെന്നാണ് ആരാധകർ കരുതുന്നത്. പ്രായം തന്നെയാണ് ഇന്ത്യൻ സൂപ്പർ താരങ്ങളുടെ പ്രശ്‌നം. 2027ലാണ് അടുത്ത ഏകദിന ലോകകപ്പ്.
രോഹിത്തും കോലിയും 35 വയസ് കഴിഞ്ഞവരാണ്. അശ്വിന് 37 വയസ്, ജഡേജയ്ക്ക് 34 കഴിഞ്ഞു, ഷമിക്കും സൂര്യകുമാറിനും 33 തികഞ്ഞു. സിറാജും ബുംറയും 29തില്‍ എത്തി നില്‍ക്കുന്നു. ലോക കിരീടം മോഹിച്ചവരെ കണ്ണീരിലാഴ്ത്തിയാണ് ഓസീസ് ഇന്ത്യയില്‍ നിന്ന് മടങ്ങിയത്. പക്ഷേ തോല്‍വികളില്‍ നിന്ന് മടങ്ങിവരാനുള്ള കരുത്തും മികവും ഇന്ന് ടീം ഇന്ത്യയ്ക്കുണ്ട്. അതിനൊപ്പം മികച്ചതാരങ്ങൾ അടങ്ങുന്ന യുവനിര ടീം ഇന്ത്യയിലേക്കുള്ള വിളികാത്തിരിക്കുന്നു.
കുട്ടിക്ക്രിക്കറ്റ് വരുന്നുണ്ട്: ഏകദിന ലോകകപ്പിന്‍റെ ആവേശം അണയും മുൻപേ ടി20 ക്രിക്കറ്റ് ലോകകപ്പ് വരുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം. രോഹിത്, കോലി, ജഡേജ, സൂര്യകുമാർ എന്നിവർക്ക് ഇതൊരു ലാസ്റ്റ് ചാൻസാണ്. ടി20 ലോകകപ്പിന്‍റെ ഒൻപതാം എഡിഷൻ 2024 ജൂൺ നാല് മുതല്‍ ജൂൺ 30 വരെ നടക്കുകയാണ്. അതായത് കൃത്യം ഏഴ് മാസത്തിനുള്ളില്‍ വീണ്ടുമൊരു ലോകകപ്പിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയാകാൻ പോകുന്നത്. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ടി 20 ലോകകപ്പ് നടക്കുന്നത്.
നായകനായി രോഹിതും സ്റ്റാർ ബാറ്ററായി കോലിയും ഇന്ത്യൻ ടീമിന്‍റെ നട്ടെല്ലായി ടി20 ലോകകപ്പിനും ഉണ്ടാകും. മികച്ച ഫോം കണ്ടെത്തിയാല്‍ സൂര്യകുമാറിനും തുടരാം. ജഡേജ ഓൾറൗണ്ടറായി ടീമിലുണ്ടാകും. ഷമിയും ബുംറയും സിറാജും തന്നെയാകും ബൗളിങ് ലൈനപ്പിനെ നിയന്ത്രിക്കുക. റിഷഭ് പന്ത് മടങ്ങിവരുമോ എന്നാണ് ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യം. പരിക്കിന്‍റെ പിടിയിലുള്ള ഓൺറൗണ്ടർ ഹാർദിക് പാണ്ഡ്യ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. കെഎല്‍ രാഹുലും ശ്രേയസ് അയ്യരും കുല്‍ദീപും അടങ്ങുന്ന ടീം ഇന്ത്യ ടി20 ലോകകപ്പിന് സെറ്റാണ്.
ഏഴ് മാസത്തിനുള്ളില്‍ നടക്കുന്ന ആഭ്യന്തര, അന്തർദേശീയ ടൂർണമെന്‍റുകളിലെ അപ്രതീക്ഷിത പ്രകടനങ്ങളുമായി ആരൊക്കെ ടീമില്‍ കയറിക്കൂടും എന്ന് പറയാനാകില്ല. മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
10 വർഷം മുൻപാണ് ടീം ഇന്ത്യ ഐസിസിയുടെ കിരീടം നേടിയത്. അവസാനം ടി20 കിരീടം നേടിയത് 2007ല്‍. കൈയെത്തും ദൂരത്ത് കൈവിട്ട കിരീടങ്ങളെയോർത്ത് കണ്ണീരണിയുന്ന ആരാധകർക്ക് വേണ്ടി 2024 ജൂൺ 30ന് ടീം ഇന്ത്യ ടി20 ലോകക്രിക്കറ്റ് കിരീടം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം.
