'അർദ്ധ സെഞ്ച്വറി നേടിയിട്ട് ആരും അഭിനന്ദിച്ചില്ല' ; വലിയ സ്കോറിലേക്ക് വിരൽ ചൂണ്ടി പൃഥ്വി ഷാ

'അർദ്ധ സെഞ്ച്വറി നേടിയിട്ട് ആരും അഭിനന്ദിച്ചില്ല' ; വലിയ സ്കോറിലേക്ക് വിരൽ ചൂണ്ടി പൃഥ്വി ഷാ
ആളുകള്‍ക്ക് തന്നിലുള്ള പ്രതീക്ഷകള്‍ വലുതാണെന്നാണ് പൃഥ്വി ഷാ ചൂണ്ടിക്കാട്ടുന്നത്
മുംബൈ : അർദ്ധ സെഞ്ച്വറി നേടിയതിന് ശേഷം ആരും തന്നെ അഭിനന്ദിച്ചില്ലെന്നും വലിയ സ്കോറുകള്‍ നേടുന്നതിൽ സ്ഥിരത കൈവരിക്കണമെന്നും പൃഥ്വി ഷാ. രഞ്ജി ട്രോഫി ഫൈനലിന് മുന്നോടിയായിരുന്നു പൃഥ്വി ഷായുടെ പ്രതികരണം. തന്നിലുള്ള പ്രതീക്ഷകള്‍ വലുതാണ് എന്നാണ് പൃഥ്വി ചൂണ്ടിക്കാട്ടുന്നത്.
പൃഥ്വി രഞ്ജി ട്രോഫിയിൽ താരം മൂന്ന് അര്‍ധ ശതകം നേടിയിരുന്നു. ഇതിനെ ആസ്പദമാക്കിയാണ് പൃഥ്വിയുടെ പ്രസ്താവന. 'ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കും. എന്നാല്‍ എന്റെ ടീം നന്നായി കളിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇവിടെ ലഭിച്ച 21 കളിക്കാരെക്കുറിച്ചും എനിക്ക് ചിന്തിക്കണം. അല്ലാതെ എന്നെ കുറിച്ച് മാത്രം ആലോചിച്ചാല്‍ പോര' - പൃഥ്വി പറയുന്നു.
'ക്രിക്കറ്റിലും ജീവിതത്തിലും ഉയർച്ചകളും താഴ്ചകളും ഉണ്ടാകും. എപ്പോഴും ഉയർച്ച മാത്രമായിരിക്കില്ല. അതിനാല്‍ ബിഗ് സ്കോറിലേക്ക് എനിക്ക് എത്താന്‍ കഴിയണം. എന്നാലിപ്പോള്‍ എന്റെ ടീം നന്നായി കളിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്.
ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവെന്നത് ഇപ്പോൾ എന്റെ മനസിലില്ല. കപ്പ് നേടുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം. രഞ്ജി ട്രോഫിയിലേക്കാണ് ഇപ്പോള്‍ ശ്രദ്ധയെല്ലാം. പുറത്ത് എന്താണ് നടക്കുന്നത് എന്ന് നോക്കുന്നില്ല' - പൃഥ്വി ഷാ പറഞ്ഞു.
ഈ സീസണിൽ മുംബൈ തോൽവി അറിഞ്ഞിട്ടില്ല, കൂടാതെ 725 റൺസിന് ഉത്തരാഖണ്ഡിനെ തകർത്ത് ഒരു ലോക റെക്കോഡും അവർ സൃഷ്ടിച്ചു. ഇത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന വിജയ മാർജിനാണ്.
മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിനം മുംബൈ ഭേദപ്പെട്ട നിലയിലാണ്. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ 90 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 248 എന്ന നിലയിലാണ് മുംബൈ. 40 റൺസുമായി സർഫറാസും 12 റൺസെടുത്ത ഷാംസ് മലാനിയുമാണ് ക്രീസില്‍.
