ഐപിഎല്ലിൽ എല്ലാ ഫ്രാഞ്ചൈസികൾക്കും വനിതാ ടീം നിർബന്ധമാക്കണം; ലളിത് മോദി

ഐപിഎല്ലിൽ എല്ലാ ഫ്രാഞ്ചൈസികൾക്കും വനിതാ ടീം നിർബന്ധമാക്കണം; ലളിത് മോദി
ഇതിനകം തന്നെ 10 ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗിൽ ഫ്രാഞ്ചൈസികൾ 2023 സീസണിൽ വനിതകൾക്കും സമാന രീതിയിൽ മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്ന് അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്
മുംബൈ: ഐപിഎൽ ലോകമെമ്പാടും ജനപ്രീതിയുള്ള കായിക മത്സരങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. മത്സരങ്ങൾക്കിടെ ആരവങ്ങളും ആഘോഷവുമായി സ്റ്റേഡിയങ്ങളിൽ തിങ്ങിക്കൂടുന്ന കളി ആരാധകരിൽ നിന്നും ഇത് വ്യക്തമാണ്. അതോടൊപ്പം തന്നെ കഴിഞ്ഞ ആഴ്ച ഐപിഎൽ സംപ്രേഷണാവകാശ ലേലത്തിൽ അവകാശം നേടിയെടുക്കാനായി വൻകിട കോർപറേറ്റുകൾ നടത്തിയ പോരാട്ടം ജനപ്രീതിയുടെ കൂടുതൽ വ്യക്തമായ ചിത്രം നൽകി.
റിപ്പോർട്ടുകൾ പ്രകാരം റെക്കോഡ് തുകയായ 48,390 കോടി രൂപയ്ക്കാണ് അടുത്ത അഞ്ച് വർഷത്തേക്ക് ഐപിഎല്ലിന്റെ സംപ്രേഷണാവകാശം വിറ്റുപോയത്. ഇതിനകം തന്നെ 10 ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗിൽ ഫ്രാഞ്ചൈസികൾ 2023 സീസണിൽ വനിതകൾക്കും സമാന രീതിയിൽ മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്ന് അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്. അതിനിടെയാണ് എല്ലാ ഫ്രാഞ്ചൈസികൾക്കും ഒരു വനിതാ ടീം ഉണ്ടായിരിക്കണമെന്ന് നിർദേശവുമായി മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി രംഗത്ത് എത്തിയിരിക്കുന്നത്.
ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വനിതാ ടീമുകൾ ഉണ്ടായാൽ ഇന്ത്യൻ ടീമിന്റെ ശക്തി വർധിക്കുമെന്നും, വനിതാ ക്രിക്കറ്റ് ഉയരത്തിൽ എത്തുമെന്നും ലളിത് മോദി പറയുന്നു. ഫ്രാഞ്ചൈസി ഉടമകൾ വനിതാ ക്രിക്കറ്റിൽ മികച്ച നിക്ഷേപം നടത്തുമെന്നും ലളിത് മോദി പറഞ്ഞു. നേരത്തെ ബിസിസിഐ സെക്രട്ടറി ജയ് ഷാ വനിതാ ഐ.പി.എൽ ആരംഭിക്കുക എന്നത് ബിസിസിഐയുടെ പ്രഥമ പരിഗണനയിൽ ഉള്ള കാര്യമാണെന്ന് അറിയിച്ചിരുന്നു. വനിതാ ഐ.പി.എല്ലിൽ ടീമിനെ സ്വന്തമാക്കാനുള്ള ആഗ്രഹം ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ് പ്രകടിപ്പിക്കുകയും ചെയ്തു.
ALSO READ: ലേലമുറപ്പിച്ചു; ഐപിഎല്‍ സംപ്രേഷണാവകാശം ഡിസ്നി സ്റ്റാറിനും വയാകോമിനും
ഐപിഎല്ലിന് ഇടയിൽ മൂന്ന് ടീമുകളെ ഉൾപ്പെടുത്തി വനിത ട്വന്റി-20 ചലഞ്ച് ബിസിസിഐ സംഘടിപ്പിച്ചിരുന്നു. പുതിയ പതിപ്പിൽ ആകെ നാല് മത്സരങ്ങളാണ് ഉണ്ടായിരുന്നത്. മൂന്ന് ടീമുകൾക്ക് രണ്ട് വീതം മത്സരങ്ങളുണ്ടായി. ഫൈനലിൽ വെലോസിറ്റിയെ തോൽപിച്ച് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള സൂപ്പർനോവാസ് ടൂർണമെന്റിൽ ജേതാക്കളായി.
