IPL 2023| കുംബ്ലെയും ബുംറയും മാറിനില്‍ക്കും; മധ്വാൾ എറിഞ്ഞിട്ടത് അഞ്ച് വിക്കറ്റും ഒരു പിടി റെക്കോഡും

author img

By

Published : May 25, 2023, 9:31 AM IST

aakash madhwal  aakash madhwal records  aakash madhwal t20 record  LSG vs MI  IPL 2023  IPL  Mumbai Indians  ആകാശ് മധ്വാള്‍  ഐപിഎല്‍  ആകാശ് മധ്വാള്‍ അഞ്ച് വിക്കറ്റ്  ആകാശ് മധ്വാള്‍ ടി20 റെക്കോഡുകള്‍  മുംബൈ ഇന്ത്യന്‍സ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്

ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 3.3 ഓവറില്‍ അഞ്ച് റണ്‍സ് വഴങ്ങിയാണ് ആകാശ് മധ്വാള്‍ അഞ്ച് വിക്കറ്റ് നേടിയത്. പിന്നിലാക്കി മധ്വാള്‍

ചെന്നൈ: ഐപിഎല്‍ പതിനാറാം പതിപ്പിലെ പുത്തന്‍ താരോദയമാണ് മുംബൈ ഇന്ത്യന്‍സ് പേസ് ബൗളര്‍ ആകാശ് മധ്വാള്‍. ജസ്‌പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍ എന്നീ വമ്പന്‍മാരുടെ അഭാവത്തില്‍ മുംബൈക്കായി ലഭിച്ച അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ 29കാരനായി. എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ രോഹിതും സംഘവും തകര്‍ത്തെറിഞ്ഞപ്പോഴും മിന്നും പ്രകടനമാണ് ആകാശ് മധ്വാള്‍ പന്തുകൊണ്ട് പുറത്തെടുത്തത്.

ചെപ്പോക്കില്‍ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യന്‍സ് 182 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ മധ്വാളിന്‍റെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. 81 റണ്‍സിന്‍റെ തോല്‍വി സൂപ്പര്‍ ജയന്‍റ്‌സ് വഴങ്ങിയ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടി മുംബൈ ജയം അനായാസമാക്കിയത് ആകാശ് മധ്വാളാണ്.

ടി20 കരിയറിലെ താരത്തിന്‍റെ ആദ്യത്തെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നുവിത്. ലഖ്‌നൗ ഓപ്പണര്‍ പ്രേരക് മങ്കാഡിനെ (3) വീഴ്‌ത്തിയായിരുന്നു മധ്വാള്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നീട് ആയുഷ് ബഡോണി (1), നിക്കോളസ് പുരാന്‍ (0) എന്നിവരുടെ വിക്കറ്റ് മധ്വാള്‍ അടുത്തടുത്ത പന്തുകളില്‍ നേടി.

രവി ബിഷ്‌ണോയും (3) മൊഹ്‌സിന്‍ ഖാനുമായിരുന്നു (0) താരത്തിന്‍റെ അവസാനത്തെ ഇരകള്‍. തകര്‍പ്പന്‍ യോര്‍ക്കറിലൂടെ മൊഹ്‌സിന്‍ ഖാന്‍റെ സ്റ്റമ്പ് തെറിപ്പിച്ചായിരുന്നു ആകാശ് മധ്വാള്‍ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയത്. ലഖ്‌നൗവിനെതിരായ മത്സരത്തിലൂടെ ടി20 കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ 29കാരനായ താരം നിരവധി റെക്കോഡുകളും ഈ ഒരൊറ്റ പ്രകടനത്തിലൂടെ നേടിയെടുത്തു.

ആകാശ് മധ്വാള്‍ എറിഞ്ഞിട്ട റെക്കോഡുകള്‍: ഐപിഎല്‍ ചരിത്രത്തില്‍ ഒരു അണ്‍ക്യാപ്‌ഡ് ബൗളറുടെ എക്കാലത്തേയും മികച്ച പ്രകടനമായി ആകാശ് മധ്വാളിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം മാറി. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സ് താരമായിരുന്ന അങ്കിത് രാജ്‌പൂത് 14 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയിരുന്നു. ഈ റെക്കോഡാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ പ്രകടനത്തോടെ മധ്വാള്‍ തിരുത്തിക്കുറിച്ചത്.

അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച എക്കണോമിക് സ്‌പെല്ലുകളില്‍ ഒന്നാണ് ചെപ്പോക്കില്‍ മധ്വാള്‍ എറിഞ്ഞത്. 3.3 ഓവറില്‍ 1.43 എക്കണോമിയില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങിയാണ് മധ്വാള്‍ അഞ്ച് വിക്കറ്റുകള്‍ നേടിയത്. 2009ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ താരമായിരുന്ന അനില്‍ കുംബ്ല സ്ഥാപിച്ച റെക്കോഡാണ് ആകാശ് തിരുത്തിയത്.

അന്ന്, 1.57 എക്കോണമിയില്‍ അഞ്ച് റണ്‍സ് വഴങ്ങിയായിരുന്നു കുംബ്ലെ അഞ്ച് വിക്കറ്റ് നേടിയത്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയ്‌ക്കെതിരെ 10 റണ്‍സ് വഴങ്ങി 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയമാണ് ഈ പട്ടികയിലെ മൂന്നാമന്‍.

ഐപിഎല്‍ പ്ലേഓഫിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായ ആകാശ് മധ്വാളിന്‍റെ അഞ്ച് റണ്‍സ് വഴങ്ങിയുള്ള അഞ്ച് വിക്കറ്റ് നേട്ടം, ഫ്രാഞ്ചൈസി ടി20 ക്രിക്കറ്റ് നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പേസര്‍ മുഹമ്മദ് സമി സ്ഥാപിച്ച റെക്കോഡാണ് മധ്വാള്‍ തിരുത്തിക്കുറിച്ചത്. 2016ല്‍ എട്ട് റണ്‍സ് വഴങ്ങിയായിരുന്നു ഇസ്‌ലാമാബാദ് യുണൈറ്റഡ് താരമായിരുന്ന സമി അഞ്ച് വിക്കറ്റ് നേടിയത്.

Also Read : IPL 2023 | കേടായ മുംബൈ 'ബൗളിങ് യൂണിറ്റ്', അത് റിപ്പയര്‍ ചെയ്‌ത 'എഞ്ചിനിയര്‍'; പ്ലേഓഫില്‍ അഞ്ച് വിക്കറ്റ്, സ്റ്റാറായി ആകാശ് മധ്വാള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.