ലേലമുറപ്പിച്ചു; ഐപിഎല്‍ സംപ്രേഷണാവകാശം ഡിസ്‌നി സ്റ്റാറിനും വയാകോമിനും

author img

By

Published : Jun 14, 2022, 3:07 PM IST

IPL Media Rights Disney Star  IPL Media Rights Viacome  IPL Media Rights auction  IPL news  IPL Media Rights  BCCI  ഐപിഎല്‍ സംപ്രേഷണാവകാശം  ഡിസ്‌നി സ്റ്റാര്‍  വയാകോം 18  ബിസിസിഐ

അടുത്ത അഞ്ച് വർഷത്തേക്കാണ് ഐ‌പി‌എല്‍ മത്സരങ്ങളുടെ സംപ്രേഷണാവകാശം ബിസിസിഐ ലേലം ചെയ്‌തത്

ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സംപ്രേഷണാവകാശം 44,075 കോടി രൂപയ്‌ക്ക് വിറ്റ് ബിസിസിഐ. ടെലിവിഷന്‍ സംപ്രേഷണാവകാശം ഡിസ്‌നി സ്റ്റാറും (23,575 കോടി രൂപ), ഡിജിറ്റല്‍ സ്‌ട്രീമിങ് അവകാശം റിലയന്‍സിന്‍റെ വയാകോം 18നും (20,500 കോടി രൂപ) സ്വന്തമാക്കി.

'അടുത്ത അഞ്ച് വർഷത്തേക്ക് ഐ‌പി‌എല്ലിന്‍റെ ടെലിവിഷന്‍ സംപ്രേഷണാവകാശം സ്റ്റാർ നിലനിർത്തിയിട്ടുണ്ട്. വയാകോം 18-ന് ഡിജിറ്റൽ അവകാശം ലഭിച്ചു. ഒരു മത്സരത്തിന് ടിവിയില്‍ നിന്നും, ഡിജിറ്റല്‍ അവകാശത്തില്‍ നിന്നും ലഭിക്കുന്ന സംയോജിത മൂല്യം 107.5 കോടിയാണ്. ഇതോടുകൂടി, ഐപിഎല്ലിലെ ഒരു ബ്രോഡ്‌കാസ്റ്ററുടെ കുത്തക അവസാനിക്കുന്നു', ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

ലഭിച്ച വിവരമനുസരിച്ച് 2023 മുതൽ 2027 വരെയുള്ള അഞ്ച് സീസണുകളിലായി 410 ഐപിഎൽ മത്സരങ്ങൾക്കുള്ള പാക്കേജ് എ (ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ടിവി സംപ്രേഷണാവകാശം) 23,575 കോടി രൂപയ്‌ക്കാണ് വിറ്റത്. അതായത് ഒരു മത്സരത്തിന് ഫലത്തിൽ 57.5 കോടി രൂപയാണ് ലഭിക്കുക. ഒരു മത്സരത്തിന് 50 കോടി രൂപയാണ് ഡിജിറ്റൽ സംപ്രേഷണാവകാശത്തിനായി വയാകോം 18 നല്‍കുന്നത്.

അതേസമയം രണ്ടാം ദിനം ലേലം നിർത്തിയപ്പോൾ, നോൺ-എക്‌സ്‌ക്ലൂസീവ് ഡിജിറ്റൽ അവകാശത്തിനായുള്ള ലേലം (പാക്കേജ് സി) 2000 കോടി രൂപയിലെത്തി നില്‍ക്കുകയാണ്. മൂന്നാം ദിനമായ ചൊവ്വാഴ്‌ചത്തെ ലേലം പാക്കേജ് സിയോടെ പുനരാരംഭിക്കും. നിലവിൽ ഇതടക്കം 46,000 കോടി രൂപയാണ് ബിസിസിഐ നേടിയത്. 2018ലെ ലേല മൂല്യമായ 16,347 കോടി രൂപയേക്കാൾ രണ്ടര മടങ്ങ് കൂടുതലാണിത്.

അന്തിമ മൂല്യം ഏകദേശം 47,000 കോടി മുതൽ 50,000 കോടി രൂപ വരെ ആകുമെന്നാണ് വാര്‍ത്ത ഏജന്‍സിയായ പിടിഐ പ്രവചിക്കുന്നത്. ടിവി സംപ്രേഷണാവകാശത്തിന്‍റെ അടിസ്ഥാന വില 49 കോടി രൂപയും, ഡിജിറ്റൽ അവകാശത്തിന്‍റെത് 33 കോടി രൂപയുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.