India Vs Bangladesh In Asia Cup : ക്യാപ്‌റ്റന്‍റെ ഇന്നിങ്‌സുമായി ഷാകിബ്, വീഴാതെ നോക്കി മധ്യനിര ; ഇന്ത്യയ്‌ക്കെതിരെ മികച്ച ടോട്ടലില്‍ കടുവകള്‍

India Vs Bangladesh In Asia Cup : ക്യാപ്‌റ്റന്‍റെ ഇന്നിങ്‌സുമായി ഷാകിബ്, വീഴാതെ നോക്കി മധ്യനിര ; ഇന്ത്യയ്‌ക്കെതിരെ മികച്ച ടോട്ടലില്‍ കടുവകള്‍
India Vs Bangladesh Super Four Match In Asia Cup 2023: ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നീ പരിചയസമ്പന്നരായ ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിച്ചത് ബംഗ്ലാദേശ് ബാറ്റിങ്ങിന് അനുകൂല ഘടകമായി
കൊളംബോ : ഏഷ്യ കപ്പിലെ (Asia Cup) സൂപ്പര്‍ ഫോര്‍ (Super Four) പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി ബംഗ്ലാദേശ് (Bangladesh). മുമ്പ് തന്നെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച ടീം ഇന്ത്യയ്‌ക്കെതിരെ (Team India) തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെയാണ് ബംഗ്ലാദേശ് അവസാന മത്സരം ഭംഗിയാക്കിയത്. നിശ്ചിത 50 ഓവര്‍ മാച്ചില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 265 റണ്‍സാണ് ബംഗ്ലാദേശ് ഇന്ത്യയ്‌ക്ക് മുന്നില്‍വച്ച ടോട്ടല്‍ (India Vs Bangladesh In Asia Cup).
ക്യാപ്‌റ്റന്‍റെ ഇന്നിങ്‌സ് പുറത്തെടുത്ത ഷാകിബ് അല്‍ ഹസന്‍റെയും മധ്യനിരയിലിറങ്ങിയ തൗഹീദ് ഹൃദോയ്, നാസും അഹമ്മദ് എന്നിവരുടെയും പതറാത്ത ബാറ്റിങ്ങാണ് ബംഗ്ലാദേശിന് കരുത്തായത്. അതേസമയം ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നീ പരിചയസമ്പന്നരായ ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിച്ചതും ബംഗ്ലാദേശ് ബാറ്റിങ്ങിന് അനുകൂല ഘടകമായി.
അവസാന മത്സരം ഗംഭീരമാക്കാന്‍: ടോസ് നഷ്‌ടപ്പെട്ട ബംഗ്ലാദേശിന് വേണ്ടി ഓപ്പണര്‍മാരായ തന്‍സിദ് ഹസനും വിക്കറ്റ് കീപ്പര്‍ ബാറ്ററായ ലിറ്റണ്‍ ദാസുമാണ് ക്രീസിലെത്തിയത്. മുഹമ്മദ് ഷമിയുടേതായി നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് തന്‍സിദ് ഹസന്‍ വരവറിയിച്ചു. എന്നാല്‍ തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ലിറ്റണ്‍ ദാസിനെ മടക്കി ഷമി ഇതിന് തിരിച്ചടിയും നല്‍കി. ഷമിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ ലിറ്റണ്‍ ഇതോടെ സംപൂജ്യനായി തിരിച്ചുകയറി.
തൊട്ടടുത്ത ഓവറില്‍ തന്‍സിദ് ഹസനെ മടക്കി ശാര്‍ദുല്‍ താക്കൂറും നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. നേരിട്ട 12 പന്തില്‍ 13 റണ്‍സുമായി നില്‍ക്കവെയായിരുന്നു തന്‍സിദിന് മടങ്ങേണ്ടതായി വരുന്നത്. എന്നാല്‍ ബംഗ്ലാദേശ് ഇന്നിങ്സ് അവിടെ നിന്നാണ് ആരംഭിക്കുന്നത് എന്നുപറയുന്നതിലും തെറ്റില്ല. നായകന്‍ ഷാകിബ് അല്‍ ഹസന്‍റെ കരുതലോടെയുള്ള ഇന്നിങ്‌സായിരുന്നു പിന്നീട് കണ്ടത്. ക്യാപ്‌റ്റന് മികച്ച പിന്തുണ നല്‍കാനായി നിലയുറപ്പിച്ച അനാമുലിന് പക്ഷേ അടിതെറ്റി. ഇതോടെ 11 പന്തില്‍ 4 റണ്‍സ് മാത്രമായിരിക്കെ അനാമുലിന് മടങ്ങേണ്ടതായും വന്നു.
ക്യാപ്‌റ്റന്‍ വിജിലന്‍റ് : എന്നാല്‍ തൊട്ടുപിന്നാലെയെത്തിയ മെഹ്‌ദി ഹസന്‍ മിറാസ് (28 പന്തില്‍ 13), തൗഹീദ് ഹൃദോയ് (81 പന്തില്‍ 54) എന്നിവര്‍ ഷാകിബിന് മികച്ച പിന്തുണ നല്‍കിയതോടെ ബംഗ്ലാദേശ് സ്‌കോര്‍ബോര്‍ഡ് സാമാന്യം വേഗത്തില്‍ ചലിച്ചുതുടങ്ങി. എന്നാല്‍ 34ാം ഓവറിലെ ആദ്യ പന്തില്‍ ഷാകിബിനെ പുറത്താക്കി വീണ്ടും ശാര്‍ദുല്‍ താക്കൂര്‍ ഇന്ത്യയ്ക്ക് ആശ്വാസം കൊണ്ടുവന്നു. ഇതിനിടെ മൂന്ന് സിക്‌സറുകളും ആറ് ബൗണ്ടറികളുമായി 80 റണ്‍സ് ഷാകിബ് ടീം സ്‌കോറില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഷാകിബ് മടങ്ങിയതോടെ ബംഗ്ലാദേശ് ബാറ്റിങ് നിരയുടെ തേരോട്ടം അവസാനിച്ചുവെന്ന സന്തോഷവും ഇന്ത്യന്‍ ക്യാമ്പില്‍ പടര്‍ന്നു. ഇതിനെ ഉറപ്പിക്കുന്ന തരത്തില്‍ പിന്നാലെയെത്തിയ ഷമീം ഹൊസൈനും (അഞ്ച് പന്തില്‍ ഒരു റണ്‍) വേഗത്തില്‍ മടങ്ങി.
അവസാന വെടിക്കെട്ട്: എന്നാല്‍ ഇവര്‍ക്ക് പിന്നാലെ പാഡ് കെട്ടിയിറങ്ങിയ നാസും അഹ്‌മദും മഹെദി ഹസനും ബംഗ്ലാദേശിനായി വീറോടെ ബാറ്റ് വീശി. ഇതോടെ വേഗത്തില്‍ മത്സരം അവസാനിപ്പിക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകളും തെറ്റി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നാസും അഹ്‌മദ് 45 പന്തില്‍ 44 റണ്‍സും, മഹെദി ഹസന്‍ 23 പന്തില്‍ 29 റണ്‍സും നേടി. എന്നാല്‍ 48ാം ഓവറിലെ രണ്ടാം പന്തില്‍ നാസും അഹ്‌മദിനെ പ്രസിദ്ധ് കൃഷ്‌ണ മടക്കി. പിന്നാലയെത്തിയ തന്‍സീം ഹസന്‍ സാകിബിന് എട്ട് പന്തില്‍ 14 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ഇന്ത്യയ്‌ക്കായി ശാര്‍ദുല്‍ താക്കൂര്‍ മൂന്നും മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
