മൂന്നു വര്‍ഷമൊക്കെ ശരി തന്നെ, എന്നാല്‍ വസ്‌തുത ഇതാണ്; പൊട്ടിത്തെറിച്ച് രോഹിത് ശര്‍മ

author img

By

Published : Jan 25, 2023, 11:42 AM IST

IND vs NZ  Rohit Sharma very upset with Broadcaster  Rohit Sharma  Rohit Sharma on ODI century  india vs new zealand  രോഹിത് ശര്‍മ  ഇന്ത്യ vs ന്യൂസിലന്‍ഡ്  രോഹിത് ശര്‍മ ഏകദിന സെഞ്ചുറി

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ തന്‍റെ സെഞ്ചുറിയുമായി ബന്ധപ്പെട്ട് ബ്രോഡ്‌കാസ്റ്റര്‍മാര്‍ സ്‌ക്രീനില്‍ കാണിച്ച കണക്കുകള്‍ക്കെതിരെ പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

ഇന്‍ഡോര്‍: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വീണ്ടുമൊരു സെഞ്ചുറിക്കായുള്ള ഏറെ നീണ്ട കാത്തിരിപ്പാണ് ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അവസാനിപ്പിച്ചത്. 85 പന്തില്‍ ഒമ്പത് ഫോറും ആറ് സിക്‌സും സഹിതം 101 റണ്‍സായിരുന്നു രോഹിത് നേടിയത്. ഇതിന് മുന്‍പ് 2020 ജനുവരിയില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെയായിരുന്നു രോഹിത്തിന്‍റെ അവസാന സെഞ്ചുറി പിറന്നത്.

താരത്തിന്‍റെ രണ്ടു സെഞ്ചുറികള്‍ തമ്മിലുള്ള ഇടവേള മൂന്ന് വര്‍ഷം പിന്നിട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ച് മത്സരശേഷം ചോദിച്ചപ്പോള്‍ ബ്രോഡ്‌കാസ്റ്റര്‍മാര്‍ സ്‌ക്രീനില്‍ കാണിച്ച കണക്കുകള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് രോഹിത് പ്രതികരിച്ചത്. കണക്കുകള്‍ കാണിക്കുമ്പോള്‍ വസ്തുതകള്‍ കൂടി പരിശോധിക്കണമെന്ന് രോഹിത് ശര്‍മ പറഞ്ഞു.

"എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ ആദ്യം മനസിലാക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഞാനാകെ കളിച്ചത് 12 ഏകദിനങ്ങള്‍ മാത്രമാണ്. മത്സരത്തിനിടെ ബ്രോഡ്‌കാസ്റ്റര്‍മാര്‍ ഇത്തരം കണക്കുകളൊക്കെ സ്ക്രീനില്‍ കാണിക്കും.

എന്നാല്‍ ഈ കണക്കുകള്‍ക്ക് പിന്നിലെ വസ്തുതകള്‍ കൂടി പരിശോധിക്കേണ്ടുതുണ്ട്. ടി20 ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കഴിഞ്ഞ ഒരുവര്‍ഷം ഞങ്ങള്‍ ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഇക്കാര്യം ആളുകള്‍ മനസില്‍ വയ്‌ക്കുകയും കണക്കുകള്‍ കാണിക്കുമ്പോള്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ വസ്തുതകള്‍ കൂടി പരിശോധിക്കുകയും വേണം". രോഹിത് ശര്‍മ പറഞ്ഞു.

35കാരനായ രോഹിത്തിന്‍റെ കരിയറിലെ 30ാം ഏകദിന സെഞ്ചുറിയായി ഇന്‍ഡോറിലെത്. ഇതോടെ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ റിക്കി പോണ്ടിങ്ങിനൊപ്പം മൂന്നാം സ്ഥാനത്തെത്താനും രോഹിത്തിന് കഴിഞ്ഞു. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ (50), വിരാട് കോലി (46) എന്നിവരാണ് താരത്തിന് മുന്നിലുള്ളത്.

അതേസമയം മത്സരത്തില്‍ 90 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ 385 റണ്‍സാണ് നേടിയിരുന്നത്. രോഹിത്തിനൊപ്പം സഹ ഓപ്പണറായിരുന്ന ശുഭ്‌മാന്‍ ഗില്ലും സെഞ്ചുറിയുമായി തിളങ്ങി.

അര്‍ധ സെഞ്ചുറി നേടിയ ഹാര്‍ദിക് പാണ്ഡ്യയും നിര്‍ണായകമായി. മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡ് 41.2 ഓവറില്‍ 295 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഡെവോണ്‍ കോണ്‍വെ സെഞ്ചുറിയുമായി പോരാടിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. മൂന്ന് വീതം വിക്കറ്റുകള്‍ർ വീഴ്‌ത്തിയ ശാര്‍ദുല്‍ താക്കൂറും കുല്‍ദീപ് യാദവും ചേര്‍ന്നാണ് കിവീസിനെ തകര്‍ത്തത്.

തുടര്‍ച്ചയായ മൂന്നാം മത്സരവും വിജയിച്ച് പരമ്പര തൂത്തൂവാരിയ ഇന്ത്യ ഐസിസി റാങ്കിങ്ങില്‍ ഒന്നാമതെത്തുകയും ചെയ്‌തു. ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 12 റണ്‍സിന് ജയിച്ച ഇന്ത്യ റായ്‌പൂരിലെ രണ്ടാം മത്സരം എട്ട് വിക്കറ്റിനാണ് മത്സരം പിടിച്ചത്. ഈ പരമ്പര തുടങ്ങും മുമ്പ് കിവീസ് ഒന്നാം റാങ്കിലും ഇന്ത്യ മൂന്നാം റാങ്കിലുമായിരുന്നു.

പരമ്പര തൂത്തുവാരിയതോടെ 114 റേറ്റിങ്ങുമായാണ് ഇന്ത്യ തലപ്പത്തെത്തിയത്. എന്നാല്‍ കിവീസാകട്ടെ നാലാം റാങ്കിലേക്ക് വീണു. 111 റേറ്റിങ്ങാണ് സംഘത്തിനുള്ളത്. 113 റേറ്റിങ്ങുമായി ഇംഗ്ലണ്ടാണ് രണ്ടാമത്. 112 റേറ്റിങ്ങുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുണ്ട്.

ALSO READ: ബുംറയുടെ തിരിച്ചുവരവ്; പ്രതീക്ഷ നല്‍കി രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.