'ഷമിയും സിറാജും അതിന് തയ്യാറായില്ല; ഒടുവില്‍ ഇടപെടേണ്ടി വന്നു', വെളിപ്പെടുത്തി രോഹിത് ശര്‍മ

'ഷമിയും സിറാജും അതിന് തയ്യാറായില്ല; ഒടുവില്‍ ഇടപെടേണ്ടി വന്നു', വെളിപ്പെടുത്തി രോഹിത് ശര്‍മ
കിവീസിനെതിരായ രണ്ടാം ഏകദിനത്തില്‍ പന്തെറിയുന്നത് തുടരാന്‍ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
റായ്പൂര്‍: രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലന്‍ഡിനെ അക്ഷരാര്‍ഥത്തില്‍ കൊന്ന് കൊലവിളിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാര്‍ നടത്തിയത്. ഇതോടെ 34.3 ഓവറില്‍ 108 റണ്‍സിന് സംഘം ഓള് ഔട്ടാവുകയും ചെയ്തു. ആദ്യ ഓവറില്‍ തന്നെ കിവീസ് ഓപ്പണര്‍ ഫിന് അലന്റെ കുറ്റി തെറിപ്പിച്ച് മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
തുടര്‍ന്ന് മുഹമ്മദ് സിറാജും ഹാര്‍ദികും ശാര്‍ദുല്‍ താക്കൂറുമുള്പ്പെടെയുള്ള താരങ്ങള്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലേക്ക് ചേര്‍ന്നു. ന്യൂ ബോളില്‍ മിന്നും പ്രകടനമായിരുന്നു ഷമിയും സിറാജും നടത്തിയത്. തുടര്‍ന്ന് സ്പിന്നര്‍മാരെ അടക്കം പരീക്ഷിക്കാന്‍ രോഹിത് തയ്യാറായി. മത്സരത്തില്‍ ആറോവര്‍ വീതം എറിഞ്ഞ ഷമി 18 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങിയ സിറാജ് ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.
ബോളിങ്ങിന് അനുകൂലമായ സാഹചര്യത്തിൽ കിവി ബാറ്റർമാരെ പരീക്ഷിക്കുന്നത് തുടരാൻ ഇരുവരും താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും തനിക്ക് തള്ളിക്കളയേണ്ടി വന്നുവെന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള കാരണവും രോഹിത് വ്യക്തമാക്കി
"അവർ (ഷമിയും സിറാജും) നീണ്ട സ്പെല്ലുകൾ പന്തെറിയാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതോടെ അതില്‍ ഇടപെട്ട് ഇവിടെ വേറെയും ബോളര്മാരുണ്ടെന്ന് എനിക്ക് പറയേണ്ടി വന്നു. ഒരു ടെസ്റ്റ് പരമ്പരയാണ് വരാനിരിക്കുന്നത്. അതു ഞാന്‍ അവരെ ഓര്‍മിപ്പിച്ചു. അതിനാല്‍ തന്നെ ഞങ്ങൾ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്", രോഹിത് പറഞ്ഞു.
മത്സരത്തിലെ പ്രകടനത്തില്‍ ഇന്ത്യന്‍ ബോളര്‍മാരെ രോഹിത് അകമഴിഞ്ഞ് പ്രശംസിക്കുകയും ചെയ്തു. "അവസാന അഞ്ച് മത്സരങ്ങളിലെ ബോളര്‍മാരുടെ പ്രകടനം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമായിരുന്നു. ഞങ്ങള്‍ അവശ്യപ്പെടുന്നത് അവര്‍ ചെയ്തു. ഇന്ത്യയ്ക്ക് പുറത്തും ഈ പ്രകടനം പ്രതീക്ഷിക്കാം. അവര്‍ കഴിവുള്ള താരങ്ങളാണ്", രോഹിത് കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയം നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. കിവീസ് ഉയര്‍ത്തിയ 109 റണ്‍സ് വിജയ ലക്ഷ്യം 20.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ മറികടന്നത്. വിജയത്തോടെ മൂന്ന് മത്സര പരമ്പര ഒരു കളി ശേഷിക്കെ തന്നെ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. 24ന് ഇന്‍ഡോറിലാണ് പരമ്പരയിലെ അവസാന മത്സരം.
ALSO READ: ''രോ സൂപ്പർഹിറ്റ് ശർമ, മുംബൈ കാ രാജ'; രോഹിത്തിനെ വാഴ്ത്തി ആകാശ് ചോപ്ര
