'വിജയത്തിന്‍റെ ഓരോ കണികയും നീ അര്‍ഹിക്കുന്നു' ; കമ്മിന്‍സിനെ അകമഴിഞ്ഞ് അഭിനന്ദിച്ച് ബെക്കി ബോസ്റ്റൺ

'വിജയത്തിന്‍റെ ഓരോ കണികയും നീ അര്‍ഹിക്കുന്നു' ; കമ്മിന്‍സിനെ അകമഴിഞ്ഞ് അഭിനന്ദിച്ച് ബെക്കി ബോസ്റ്റൺ
Becky Boston congratulates Pat Cummins: ഏകദിന ലോകകപ്പ് നേട്ടത്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ അഭിനന്ദിച്ച് പങ്കാളി ബെക്കി ബോസ്റ്റൺ.
ഓസ്‌ട്രേലിയയുടെ ഏകദിന ലോകകപ്പ് നേട്ടത്തില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ (Pat Cummins) അകമഴിഞ്ഞ് അഭിനന്ദിച്ച് പങ്കാളി ബെക്കി ബോസ്റ്റൺ (Becky Boston). കമ്മിന്‍സിന്‍റെ നേട്ടത്തില്‍ ഏറെ അഭിമാനിക്കുന്നതായി ബെക്കി ബോസ്റ്റൺ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു (Becky Boston congratulates Pat Cummins after Australia win Cricket World Cup 2023).
കമ്മിന്‍സ് ലോകകപ്പ് ട്രോഫിയുമായി നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ബെക്കി ബോസ്റ്റണിന്‍റെ വാക്കുകള്‍. "ഏറെ അഭിമാനം, ഈ വര്‍ഷം നിനക്ക് ഏറെ വലുതാണ്. വിജയത്തിന്‍റെ ഓരോ കണികയും നീ അർഹിക്കുന്നു. ഞങ്ങൾ എല്ലാവരും നിന്നെ വളരെയധികം സ്നേഹിക്കുന്നു", ബെക്കി ബോസ്റ്റണ്‍ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതി.
കാമുകിയായിരുന്ന ബെക്കി ബോസ്റ്റണെ കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റിലായിരുന്നു പാറ്റ് കമ്മിന്‍സ് വിവാഹം ചെയ്‌തത്. വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കമ്മിന്‍സ് തന്നെയായിരുന്നു ഇക്കാര്യം ആരാധകരെ അറിയിച്ചത്. 2013-ല്‍ കണ്ടുമുട്ടിയ ഇരുവരുടേയും വിവാഹ നിശ്ചയം 2020-ലായിരുന്നു നടന്നത്. 2021- ഒക്‌ടോബറില്‍ തങ്ങളുടെ ആദ്യ കുഞ്ഞിനെ ഇരുവരും വരവേറ്റിരുന്നു. ആൽബി ബോസ്റ്റൺ കമ്മിൻസ് എന്നാണ് കുഞ്ഞിന്‍റെ പേര്.
ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് 30-കാരനായ പാറ്റ് കമ്മിന്‍സ് നടത്തിയിരുന്നത്. 10 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി ഏറെ നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ താരം വീഴ്‌ത്തി. ആദ്യം ശ്രേയസ് അയ്യരെ നിലയുറപ്പിക്കും മുമ്പ് തന്നെ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന്‍റെ കയ്യിലെത്തിച്ച കമ്മിന്‍സ് പിന്നീട് വിരാട് കോലിയുടെ കുറ്റിയിളക്കുകയും ചെയ്‌തു.
ഇരുവരുടേയും പുറത്താവല്‍ മത്സരത്തില്‍ ഇന്ത്യയെ ബാക്ക് ഫൂട്ടിലാക്കുന്നതായിരുന്നു. അതേസമയം അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. മത്സരത്തില്‍ ടോസ് നേടിയ കമ്മിന്‍സ് ഇന്ത്യയെ ആദ്യം ബാറ്റുചെയ്യാന്‍ അയച്ചു. 50 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 240 റണ്‍സായിരുന്നു ആതിഥേയര്‍ക്ക് നേടാന്‍ കഴിഞ്ഞത്.
കെഎല്‍ രാഹുല്‍ (107 പന്തില്‍ 66 റണ്‍സ്), വിരാട് കോലി (63 പന്തുകളില്‍ 54 റണ്‍സ്), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (31 പന്തില്‍ 47 റണ്‍സ്) എന്നിവരാണ് തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 43 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയം ഉറപ്പിച്ചത്. സെഞ്ചുറിയുമായി ട്രാവിസ് ഹെഡ് (120 പന്തില്‍ 137) ചുക്കാന്‍ പിടിച്ചപ്പോള്‍ മാര്‍നസ് ലബുഷെയ്‌ന്‍റെ (110 പന്തില്‍ 58*) പിന്തുണ ടീമിന് ഏറെ നിര്‍ണായകമായി. ഓസീസിന്‍റെ ആറാം ഏകദിന ലോകകപ്പ് കിരീടമാണിത്.
