ലോക ക്രിക്കറ്റ് വേദിയില്‍ വീണ്ടുമൊരു ഇന്ത്യ - ന്യൂസിലന്‍ഡ് പോര്; അണ്ടര്‍ 19 വനിത ടി20 ലോകകപ്പ് സെമി ലൈനപ്പായി

ലോക ക്രിക്കറ്റ് വേദിയില്‍ വീണ്ടുമൊരു ഇന്ത്യ - ന്യൂസിലന്‍ഡ് പോര്; അണ്ടര്‍ 19 വനിത ടി20 ലോകകപ്പ് സെമി ലൈനപ്പായി
അണ്ടര്‍ 19 വനിത ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ക്ക് പുറമെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളാണ് അവസാന നാലിലേക്ക് യോഗ്യത നേടിയത്.
കേപ്‌ടൗണ്‍: അണ്ടര്‍ 19 വനിത ടി20 ലോകകപ്പ് സെമി ലൈനപ്പായി. സൂപ്പര്‍ 6 ലെ ഗ്രൂപ്പ് 1ല്‍ നിന്ന് ഇന്ത്യ ഓസ്‌ട്രേലിയ ടീമുകളും, ഗ്രൂപ്പ് രണ്ടില്‍ നിന്നും ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് ടീമുകളുമാണ് അവസാന നാലില്‍ ഇടം പിടിച്ചത്. നാളെയാണ് രണ്ട് സെമി പോരാട്ടങ്ങളും നടക്കുക.
ഒന്നാം സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡ് അണ്ടര്‍ 19 ടീമിനെ നേരിടും. സെന്യൂസ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് കളി. തുടര്‍ന്ന് വൈകുന്നേരം 5:15ഓടെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ നേരിടും. ഈ മത്സരങ്ങളിലെ വിജയികള്‍ ജനുവരി 29 ന് നടക്കുന്ന പ്രഥമ അണ്ടര്‍ 19 വനിത ടി20 ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തില്‍ മത്സരിക്കും.
-
The #U19T20WorldCup semis are locked in 🔓
— ESPNcricinfo (@ESPNcricinfo) January 25, 2023
Who do you want to see in the final? pic.twitter.com/0bC5BxSAqW
ഷഫാലി വര്‍മ്മയുടെ നേതൃത്വത്തില്‍ ടൂര്‍ണമെന്‍റിനെത്തിയ ഇന്ത്യന്‍ സംഘം സൂപ്പര്‍ സിക്‌സ് സ്റ്റേജിലെ ഗ്രൂപ്പ് ഒന്നില്‍ ഒന്നാം സ്ഥാനക്കാരായാണ് അവസാന നാലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ആതിഥേയരായ ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്ക് ക്രമേണ ആറ് പോയിന്‍റ് വീതം ഉണ്ടായിരുന്നു. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പില്‍ നിന്നും ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയക്കാണ് അവസാന നാലിലെത്താന്‍ സാധിച്ചത്.
നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചു. ഗ്രൂപ്പില്‍ രണ്ടാമതായി ഫിനിഷ് ചെയ്‌ത ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു ഇന്ത്യന്‍ സംഘം തോല്‍വി വഴങ്ങിയത്. അതേസമയം ഗ്രൂപ്പ് രണ്ടില്‍ നിന്നും ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായും ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തുമായാണ് സെമിയിലേക്ക മുന്നേറിയത്.
ഇരു ടീമുകളും ഒരു മത്സരം പോലും സൂപ്പര്‍ സിക്‌സ് സ്റ്റേജ് ഘട്ടത്തില്‍ പരാജയപ്പെട്ടിരുന്നില്ല. ഗ്രൂപ്പ് രണ്ടില്‍ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ 8 പോയിന്‍റാണ് സ്വന്തമാക്കിയത്. നാല് പോയിന്‍റുമായി പാകിസ്ഥാന്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്‌തത്.
Also Read: വിജയ സൂര്യ ; 2022ലെ മികച്ച ടി20 ക്രിക്കറ്ററായി സൂര്യകുമാർ യാദവ്
