'മുന്നില്‍ ഫൈനല്‍', രണ്ടാം സെമിയില്‍ ഓസ്ട്രേലിയക്ക് ടോസ് നഷ്ടം; ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും

'മുന്നില്‍ ഫൈനല്‍', രണ്ടാം സെമിയില്‍ ഓസ്ട്രേലിയക്ക് ടോസ് നഷ്ടം; ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും
South Africa vs Australia 2nd Semi Final Toss Report: ഏകദിന ലോകകപ്പിലെ രണ്ടാം സെമിയില്‍ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും.
കൊല്‍ക്കത്ത : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം ബാറ്റിങ്. ഓസ്ട്രേലിയക്കെതിരെ ടോസ് നേടിയ പ്രോട്ടീസ് നായകന് ടെംബ ബാവുമ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പ്ലേയിങ് ഇലവനില്‍ ദക്ഷിണാഫ്രിക്ക ഒരു മാറ്റവും ഓസ്ട്രേലിയ രണ്ട് മാറ്റവുമായിട്ടാണ് ഇറങ്ങുന്നത്.
ഓസീസ് നിരയിലേക്ക് ഗ്ലെന്‍ മാക്സ്വെല് (Glenn Maxwell), മിച്ചല്‍ സ്റ്റാര്‍ക്ക് (Mitchell Starc) എന്നിവര്‍ മടങ്ങിയെത്തി. കൊല്‍ക്കത്തയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ പേസര്‍ ലുങ്കി എന്‍ഗിഡിക്ക് പകരം തബ്രയിസ് ഷംസി പ്രോട്ടീസ് നിരയിലേക്ക് എത്തി.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന് (South Africa Playing XI): ക്വിന്റൺ ഡി കോക്ക്, ടെംബ ബാവുമ (സി), റാസി വാൻ ഡെർ ഡസെൻ, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ആൻഡിലെ ഫെഹ്ലുക്വായോ, ഡേവിഡ് മില്ലർ, ജെറാൾഡ് കോറ്റ്സി, കേശവ് മഹാരാജ്, കാഗിസോ റബാഡ, തബ്രയിസ് ഷംസി.
ഓസ്ട്രേലിയ പ്ലേയിങ് ഇലവന് (Australia Playing XI): ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മർനസ് ലബുഷെയ്ന്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്സ്വെല്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
ഏകദിന ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് അവസാനിച്ചപ്പോള്‍ പോയിന്റ് പട്ടികയിലെ രണ്ട്, മൂന്ന് സ്ഥാനക്കാരായിട്ടാണ് ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ആദ്യ റൗണ്ടിലെ 9 മത്സരങ്ങളില്‍ നിന്നും ഏഴ് ജയം ഇരു ടീമും സ്വന്തമാക്കി. ഈ ലോകകപ്പില്‍ തമ്മിലേറ്റുമുട്ടിയപ്പോഴും അതിന് മുന്‍പ് നടന്ന ഏകദിന പരമ്പരയിലും ഓസ്ട്രേലിയയെ പരാജയപ്പെടുത്താന്‍ സാധിച്ചുവെന്നതിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
ലോകകപ്പിലെ ആദ്യ ഫൈനല്‍ സ്വപ്നം കാണുന്ന ദക്ഷിണാഫ്രിക്ക ഓസീസിനെതിരെ പഴയ ചില കണക്കുകള്‍ തീര്‍ക്കാന്‍ കൂടിയാകും ഇന്നിറങ്ങുന്നത്. 1999, 2007 ലോകകപ്പ് സെമി ഫൈനലുകളില്‍ പ്രോട്ടീസിന്റെ പ്രതീക്ഷകള്‍ തല്ലിതകര്‍ത്തത് ഓസീസായിരുന്നു. അതേസമയം, മറുവശത്ത് ചരിത്രം ഇക്കുറിയും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കങ്കാരുപ്പടയുടെ വരവ്.
ഈ ലോകകപ്പില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയ അവര്‍ തകര്‍പ്പന്‍ ഫോമിലാണ്. ലോകകപ്പിലെ ആദ്യത്തെ രണ്ട് മത്സരത്തിലും ഓസ്ട്രേലിയക്ക് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. പിന്നീടിറങ്ങിയ ഏഴ് കളിയിലും തോല്‍വി അറിയാതെയാണ് കങ്കാരുപ്പട സെമിയിലേക്ക് കുതിച്ചത്.
ചരിത്രത്തിലും തുല്യശക്തര്: ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏഴ് പ്രാവശ്യമാണ് ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഇതുവരെ തമ്മിലേറ്റുമുട്ടിയത്. അതില്‍, മൂന്ന് വീതം മത്സരങ്ങളില്‍ ജയിക്കാന്‍ ഇരു ടീമിനും സാധിച്ചിട്ടുണ്ട്.
മത്സരം ലൈവായി കാണാന്‍: ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലേറ്റുമുട്ടുന്ന ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ പോരാട്ടം ആരാധകര്‍ക്ക് സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിന്റെ ചാനലുകളിലൂടെ തത്സമയം കാണാം. കൂടാതെ, ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയും മത്സരം തത്സമയം സ്ട്രീം ചെയ്യാം.
