'ലളിത ചേച്ചിയുടെ കയ്യില്‍ പണമില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമില്ല' : ശാരദക്കുട്ടി

author img

By

Published : Nov 20, 2021, 8:20 PM IST

Saradakutty reacts on KPAC Lalitha treatment  Government takes over KPAC Lalitha treatment  Suresh Gopi reacts on KPAC Lalitha treatment  കെപിഎസി ലളിതയുടെ ചികിത്സാ ചെലവ്  മലയാള സിനിമ  സിനിമാ വാര്‍ത്ത  Malayalam Entertainment news  Malayalam Celebrity news  Malayalam movie news  കെപിഎസി ലളിതയുടെ ചികിത്സാ വിഷയത്തില്‍ പ്രതികരിച്ച് ശാരദക്കുട്ടി

കെപിഎസി ലളിതയുടെ (KPAC Lalitha) ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ പ്രതികരിച്ച് ശാരദക്കുട്ടി (Government takes over KPAC Lalitha medical expenses)

കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന നടി കെപിഎസി ലളിതയുടെ (KPAC Lalitha) ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതുമായി (Government takes over KPAC Lalitha medical expenses) ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. വിഷയത്തില്‍ സിനിമാ-സാംസ്‌കാരിക രംഗത്തെ പലരും പ്രതികരിച്ചിരുന്നു. എഴുത്തുകാരിയും നിരൂപകയുമായ എസ്.ശാരദക്കുട്ടിയും (Saradakutty Bharathikutty) വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.

ലളിത ചേച്ചിയുടെ കയ്യില്‍ പണമില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഒരു പ്രയാസവുമില്ലെന്നാണ് ശാരദക്കുട്ടി പറയുന്നത്. ഫേസ്‌ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. സത്യന്‍റെയും കൊട്ടാരക്കരയുടെയും കാലം മുതല്‍ മികച്ച രീതിയില്‍ സ്വന്തം തൊഴില്‍ ചെയ്‌തു ജീവിക്കുന്ന ഒരു സ്‌ത്രീക്ക് തന്‍റെ അവശ കാലത്ത് കയ്യില്‍ സമ്പാദ്യം ഒന്നുമില്ലെന്ന് പറഞ്ഞാല്‍ സ്‌ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ശാരദക്കുട്ടി ഫേസ്‌ബുക്കില്‍ കുറിച്ചു.

'13 വയസ്സുമുതൽ നൃത്തവും നാടകവും അഭിനയവുമായി തനിക്കറിയാവുന്ന തൊഴിൽ ഏറ്റവും ആത്മാർഥമായി ചെയ്ത് കേരളം നിറഞ്ഞുനിന്ന നടിയാണ് കെ.പി.എ.സി ലളിത. കാലിന് ശസ്‌ത്രക്രിയ കഴിഞ്ഞ അനാരോഗ്യ കാലത്തും മികച്ച വരുമാനമുള്ള തൊഴിൽ ചെയ്യുകയായിരുന്നു അവർ. ഒരിക്കൽ ചടുലമായി ചലിച്ചിരുന്ന ആ കാലുകൾ വലിച്ചുവെച്ച് അവർ തട്ടീം മുട്ടീം നടക്കുന്നത് കാണുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. കലയിൽ സമർപ്പിച്ച ജീവിതമാണത്. വിലപ്പെട്ട ജീവിതമാണത്. വിലയേറിയ അഭിനേത്രി ആണവർ.

പറഞ്ഞുവന്നത് അതല്ല. സത്യന്റെയും കൊട്ടാരക്കരയുടെയും കാലം മുതൽ മികച്ച രീതിയിൽ സ്വന്തം തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരു സ്‌ത്രീക്ക് തന്റെ അവശ കാലത്ത് കയ്യിൽ സമ്പാദ്യമൊന്നുമില്ലാതായിരിക്കുന്നു. സ്‌ത്രീകൾ ശ്രദ്ധിക്കേണ്ട Point അതാണ്.

പ്രശസ്‌തനായ സംവിധായകൻ ഭരതന്റെ ഭാര്യയായിരുന്ന കാലത്ത് ശ്രീക്കുട്ടിയെ പ്രസവിച്ചുകിടന്ന ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോരാൻ പണം കൊടുക്കാനില്ലാതെ കരഞ്ഞ കഥ ആത്മകഥയിൽ അവർ എഴുതിയിട്ടുണ്ട്. മകളുടെ വിവാഹ സമയത്തും മകന്റെ ചികിത്സാ കാലത്തും അവർ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നതായി നമുക്കറിയാം. സങ്കടപ്പെടുത്തുന്ന ജീവിതമായിരുന്നു ആ മികച്ച കലാകാരിയുടേത് എന്ന് തോന്നിയിട്ടുണ്ട്. അവർ ചിരിക്കുകയും കരയുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നു ഇന്നും.

ലളിതച്ചേച്ചിയുടെ കയ്യിൽ പണമില്ലെന്നുപറഞ്ഞാൽ എനിക്ക് വിശ്വസിക്കുവാൻ ഒരു പ്രയാസവുമില്ല. വലിയ ശമ്പളം വാങ്ങുന്ന സ്ത്രീകളെ, സ്വന്തമായി അക്കൗണ്ടില്ലാത്തവരെ എത്രയോ പേരെ എനിക്ക് നേരിട്ടറിയാം. ശമ്പളം ഒപ്പിട്ടുവാങ്ങി പിറ്റേന്നത്തെ വണ്ടിക്കൂലിക്ക് ഭർത്താവിനുനേരെ കൈ നീട്ടുകയും അതൊരു കുലീനതയോ സൗകര്യമോ ഭാഗ്യമോ ആയി കാണുകയും ചെയ്യുന്നവർ. അവരിൽ ചിലർ വീണുകിട്ടിയ ഭാഗ്യം പോലെ ചിലപ്പോൾ സംരക്ഷിക്കപ്പെടും. മറ്റുചിലർ കണ്ണുനീരൊഴുക്കി പശ്ചാത്തപിക്കും. പെണ്ണുങ്ങളുടെ കാര്യമൊക്കെ ഒരു ഭാഗ്യയോഗമാണെന്ന് സമാധാനിക്കും.

സ്‌ത്രീകൾ വരുമാനമുള്ള തൊഴിൽ ചെയ്ത് പണമുണ്ടാക്കിയാൽ പോരാ, അത് സൂക്ഷിക്കണം. സ്വന്തം സമ്പാദ്യം സ്വന്തമായ അക്കൗണ്ടിൽ തന്നെ സൂക്ഷിക്കണം. Joint അക്കൗണ്ട് എന്നതിൽ ചെറുതല്ലാത്ത ചതികളുണ്ട്. തനിക്കുള്ളത് കരുതിയല്ലാതെ ജീവിക്കുന്നവർ ആണായാലും പെണ്ണായാലും ഒടുവിൽ നിസ്സഹായതയുടെ ആകാശം നോക്കി നെടുവീർപ്പിടേണ്ടി വരും.

വിശ്വസ്‌ത എന്നതിന് അമരകോശം നൽകുന്ന അർഥം വിഫലമായി ശ്വസിച്ചു ജീവിക്കുന്നവൾ എന്നാണ്. ' വിഫലം ശ്വസിതി വിശ്വസ്താ'. സ്‌ത്രീ വിശ്വസ്‌തയായിരിക്കണം എന്ന് അനുശാസിക്കുന്ന സമൂഹം ഉദ്ദേശിക്കുന്നതെന്തെന്ന് വ്യക്തമാണല്ലോ.

18 വയസ്സായ ഓരോ പെൺകുട്ടിയും ചെറിയ തുകയെങ്കിലും നിക്ഷേപിച്ച് സ്വന്തമായി അക്കൗണ്ട് തുടങ്ങണം. കിട്ടുന്നതിൽ ഒരു വിഹിതം തനിക്കുവേണ്ടി മാത്രം സൂക്ഷിക്കണം. രഹസ്യമായി വേണമെങ്കിൽ അങ്ങനെ. ഇതിൽ വിശ്വാസത്തിന്റെ പ്രശ്നമൊന്നുമില്ല. അഭിമാനത്തോടെ ജീവിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് സ്വാശ്രയത്വം വളരെ പ്രധാനമാണ്. വിഫലമായി ശ്വസിച്ചുജീവിക്കരുത്. കേരളം കണ്ട ഏറ്റവും മികച്ച ഒരു കലാകാരിയുടെ ജീവിതത്തിൽ നിന്ന് നാമത്രയുമെങ്കിലും പഠിക്കണം.

എനിക്കേറ്റവും പ്രിയപ്പെട്ട ലളിതച്ചേച്ചീ നിങ്ങൾ വേഗം സുഖം പ്രാപിക്കണം.' -ശാരദക്കുട്ടി ഫേസ്‌ബുക്കില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.