ഐഫോണിന് ഇന്ന് 15 വയസ് ; കലയും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച പ്രയാണം സമാനതകളില്ലാത്തത്

author img

By

Published : Jun 29, 2022, 6:30 PM IST

The iPhone turns 15: a look at the past (and future) of one of the 21st century's most influential devices  iphone 15th year  iphone features  what are the unique character of Iphone  ഐഫോണ്‍ 15ാം വര്‍ഷം  ഐഫോണിന്‍റെ ചരിത്രം  ഐഫോണിന്‍റെ പ്രത്യേകത

സാങ്കേതിക വിദ്യയെ യൂസര്‍ഫ്രണ്ട്‌ലി ആക്കുന്നതിന് തുടക്കം കുറിച്ചത് ഐഫോണ്‍

ഹൈദരാബാദ് : ഐഫോണിന് ഇന്ന് 15 വയസ്‌ പൂര്‍ത്തിയാവുകയാണ്. ആശയവിനിമയത്തിന്‍റെയും ആസ്വാദനത്തിന്‍റെയും ഉപാധികളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ആപ്പിളിന്‍റെ ഐഫോണ്‍ ഉണ്ടാക്കിയത്. കലയുടേയും സാങ്കേതിക വിദ്യയുടേയും സമ്മേളനമാണ് ഐഫോണ്‍.

സാങ്കേതികവിദ്യ മാത്രമല്ല അതിനെ ആളുകള്‍ക്കിടയില്‍ പ്രിയതരമാക്കിയത്. രൂപകല്‍പ്പനയും സെക്യൂരിറ്റി ഫീച്ചേഴ്‌സും കൂടിയാണ്. വേലികെട്ടി തിരിച്ച ഒരു പൂന്തോട്ടത്തോടാണ് ഐഫോണിനെ പലരും ഉപമിക്കാറ്.

പുറത്തുനിന്നുള്ള ഒന്നിനേയും അത് പ്രവേശിപ്പിക്കില്ല. ഐഫോണിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റമാകട്ടെ ആപ്പ് സ്റ്റോറാവട്ടെ എല്ലാത്തിലും അതിന്‍റേതായ സുരക്ഷാസംവിധാനങ്ങളുണ്ട്. മേല്‍പ്പറഞ്ഞ കാര്യങ്ങളാണ് ഐഫോണ്‍ മാത്രം ഉപയോഗിക്കാന്‍ താല്‍പ്പര്യമുള്ള ഒരു ഉപഭോക്‌തൃ കൂട്ടത്തെ സൃഷ്‌ടിച്ചത്.ആപ്പിള്‍ ഐഫോണ്‍ എന്ന ബ്രാന്‍ഡിനുള്ള ആരാധകവൃന്ദമാണ് അതിനെ തുടക്കം മുതല്‍ മുന്നോട്ടുനയിച്ചത്.

2007 ജൂണില്‍ യുഎസിലാണ് ഐഫോണ്‍ ആദ്യമായി പുറത്തിറക്കുന്നത്. പിന്നീട് ആ വര്‍ഷം നവംബറില്‍ ആറ് രാജ്യങ്ങളില്‍ കൂടി ഐഫോണ്‍ ലഭ്യമാക്കി. വലിയ ആരവങ്ങളോടെയാണ് ഐഫോണിന്‍റെ ഓരോ പുതിയ സീരീസും പുറത്തിറക്കുന്നത്. 1970ല്‍ മാക് കമ്പ്യൂട്ടര്‍ പുറത്തിറക്കുന്നത് മുതല്‍ പ്രൊഡക്റ്റിന്‍റെ ലോഞ്ചിന് മുമ്പായി എങ്ങനെ ഹൈപ്പ് നിലനിര്‍ത്തണമെന്ന വ്യക്തമായ ധാരണ ആപ്പിളിന്‍റെ അമരത്തുള്ളവര്‍ക്ക് ഉണ്ടായിരുന്നു.

ആദ്യഘട്ടം മുതല്‍ തന്നെ ഐഫോണിന്‍റെ റിവ്യൂ മികച്ചതായിരുന്നു. ഐഫോണ്‍ രൂപകല്‍പ്പനയേയും ചെറിയ സൂക്ഷ്മാംശങ്ങളില്‍ പോലുമുള്ള ശ്രദ്ധയേയും നിരൂപകര്‍ പ്രശംസകൊണ്ട് ചൊരിഞ്ഞു. ഒരേ ഒരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെട്ടത് നെറ്റ്‌വര്‍ക്ക് കണക്‌റ്റിവിറ്റി പ്രശ്‌നങ്ങളായിരുന്നു. എന്നാല്‍ ഇത് ഐഫോണിന്‍റെ പ്രശ്‌നമായിരുന്നില്ല. മറിച്ച് ഫോണ്‍ കാരിയര്‍ നെറ്റ്‌വര്‍ക്കിന്‍റെ വേഗതയിലുള്ള പ്രശ്‌നമായിരുന്നു.

വൈഫൈ, 2ജി കണക്‌റ്റിവിറ്റി, 500 കെബിപിഎസ് ഇന്‍റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗത എന്നിവയായിരുന്നു ആദ്യ ഐഫോണിന്‍റെ സവിശേഷതകള്‍. 4ജിബി, 8ജിബി മോഡലുകളായിരുന്നു ഇവ. 2008ലാണ് ഐഫോണുകള്‍3ജി ആപ്പിള്‍ പുറത്തിറക്കുന്നത്.

ആപ്പ് സ്റ്റോര്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ഈ ഫോണിലാണ്. അദ്യത്തെ ഫോണിനേക്കാള്‍ മെച്ചപ്പെട്ട ഡാറ്റ സ്‌പീഡും ഇതിന് ഉണ്ടായിരുന്നു. ആപ്പ് സ്റ്റോറില്‍ അഞ്ഞൂറ് ആപ്പുകളാണ് ഉണ്ടായിരുന്നത്. ഐഫോണിന്‍റെ പ്രവര്‍ത്തനത്തില്‍ വലിയ പുരോഗതിയായിരുന്നു ആപ്പ് സ്റ്റോര്‍ വരുത്തിയത്.

2009ല്‍ ഐഫോണ്‍ 3ജിഎസ് ആപ്പിള്‍ പുറത്തിറക്കി. ഒരോ വര്‍ഷവും പുതിയ സീരീസുകള്‍ അവതരിപ്പിക്കുന്നത് ഐഫോണിന്‍റെ ജനപ്രീതി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. 15 വര്‍ഷത്തിനിടയില്‍ വേഗതയിലും, സൈസിലും, സ്റ്റോറേജിലും വലിയ മെച്ചപ്പെടലാണ് ഐഫോണിന് ഉണ്ടായിരിക്കുന്നത്. ആപ്പിള്‍ അവതരിപ്പിക്കുന്ന പല പുതിയ ഫീച്ചറുകളും മാര്‍ക്കറ്റില്‍ പുതിയതാകണമെന്നില്ല. പക്ഷേ അവ വളരെ സമന്വയത്തോടെ അവതരിപ്പിക്കുന്നു എന്നതാണ് ബ്രാന്‍ഡിനെ വ്യത്യസ്തമാക്കുന്നത്.

2013ല്‍ ആപ്പിള്‍ ഐഫോണ്‍ 5എസ് അവതരിപ്പിച്ചു. ഫിംഗര്‍ പ്രിന്‍റ് ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുമെന്നതായിരുന്നു ഇതിന്‍റെ പ്രത്യേകത. ഈ സാങ്കേതിക വിദ്യ മുമ്പ് ഉണ്ടായിരുന്നുവെങ്കിലും ഈ ഫീച്ചര്‍ വളരെ മികച്ചരീതിയില്‍ ആവിഷ്‌കരിച്ചു എന്നതായിരുന്നു സവിശേഷത. 2017ല്‍ പുറത്തിറക്കിയ ഐഫോണ്‍ 8ലാണ് ഫേസ് ഐഡി ഫീച്ചര്‍ അവതരിപ്പിക്കപ്പെട്ടത്.

സെക്യൂരിറ്റി വര്‍ധിപ്പിക്കുന്ന ഫീച്ചറില്‍ മാത്രം ഒതുങ്ങി നിന്നില്ല ഐഫോണ്‍ . ഓരോവര്‍ഷം കഴിയുമ്പോഴും ക്യാമറകള്‍ മികച്ചതായി വന്നു. ഐഫോണിന്‍റെ ആദ്യത്തെ ഫോണില്‍ ടു മെഗാപിക്‌സല്‍ ക്യാമറയായിരുന്നു ഉണ്ടായിരുന്നത്. വിവിധ ലെന്‍സുകളുള്ള റെസല്യൂഷന്‍ 12 മെഗാപിക്‌സല്‍ വരെയുള്ള ക്യാമറകളാണ് ഇപ്പോഴുള്ള മോഡലുകളില്‍ ഉള്ളത്. മാര്‍ക്കറ്റിലുള്ള പല ഡിജിറ്റല്‍ ക്യാമറകളുമായി കിടപിടിക്കുന്നവയാണ് ഇവ.

ഡിസ്‌പ്ലേ സ്ക്രീന്‍ മടക്കി ഉപയോഗിക്കാന്‍ കഴിയുന്ന രൂപകല്‍പ്പനയുമായുള്ള ഐഫോണ്‍ സമീപഭാവിയില്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസങ് ഇത്തരം ഫോണുകള്‍ ഇപ്പോള്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്. ആപ്പിളിന്‍റെ രീതിയനുസരിച്ച് ഉപയോക്‌താക്കള്‍ക്ക് മികച്ച അനുഭവം ലഭിക്കുന്ന രീതിയില്‍ ഒരു സാങ്കേതിക വിദ്യ വളര്‍ച്ച പ്രാപിച്ചാല്‍ മാത്രമേ അവ ഫോണുകളില്‍ ഉള്‍പ്പെടുത്തൂ.

അടുത്ത പതിനഞ്ച് വര്‍ഷക്കാലം ആപ്പിള്‍ ഫോണുകള്‍ എങ്ങനെ മാറുമെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ബ്രാന്‍ഡ് ലോയല്‍റ്റി ഉറപ്പ് വരുത്തിയാണ് അതിന്‍റെ ഓരോ നീക്കവും ഉണ്ടാവുക എന്നതില്‍ രണ്ടഭിപ്രായമുണ്ടാവുകയില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.