യുവാക്കളില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം

author img

By

Published : Jun 22, 2022, 6:08 PM IST

Updated : Dec 1, 2022, 12:06 PM IST

NEW SKILLS FOR THE NEW GENERATION  enadu editorial in malayalam  importance of skill development in India  emerging job market in India  യുവാക്കള്‍ക്ക് തൊഴില്‍ വിപണിയിലെ സാധ്യതകള്‍  നൈപുണ്യ വികസനത്തിന്‍റെ ആവശ്യകത  ഇന്ത്യയിലെ തൊഴില്‍ വിപണി

പല മേഖലകളിലും വേണ്ടത്ര തൊഴില്‍ നൈപുണ്യമുള്ള ജോലിക്കാരുടെ ദൗര്‍ലഭ്യം നേരിടുകയാണ്

ഹൈദരാബാദ് : എന്ത് ദൗത്യം എല്‍പ്പിച്ചാലും അവ ക്രിയാത്മകമായി പൂര്‍ത്തീകരിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ ഇന്നത്തെ ലോകത്ത് മുന്നേറാന്‍ സാധിക്കുകയുള്ളൂ. ഇന്നത്തെ തലമുറയ്‌ക്ക് അതിനാവശ്യമായ വൈദഗ്‌ധ്യം ഉണ്ടാക്കേണ്ടത് രാജ്യത്തെ സംബന്ധിച്ചിടത്തോളം അന്ത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്‍റെ(സ്വയംപര്യാപ്‌ത ഭാരതം) അടിത്തറയാണ് പാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നമ്മുടെ രാജ്യം തൊഴിലാളികളില്‍ പ്രഫഷണല്‍ വൈദഗ്‌ധ്യം വളര്‍ത്തുന്നതില്‍ ദക്ഷിണ കൊറിയ, ജപ്പാന്‍, ജര്‍മനി, യുകെ,യുഎസ്‌എ, ചൈന തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ഏറെ പിന്നിലാണ്. വര്‍ഷങ്ങളായി രാജ്യത്ത് ക്ലാസ്‌ മുറികളില്‍ നടക്കുന്ന വിദ്യാഭ്യാസവും തൊഴിലിടത്തില്‍ വേണ്ട നൈപുണ്യവും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുകയാണ്. ഐടി, എന്‍ജിനിയറിങ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 60 ശതമാനത്തിലധികം സ്ഥാപനങ്ങളില്‍ ആവശ്യമായ നൈപുണ്യമുള്ള ജോലിക്കാരുടെ ദൗര്‍ലഭ്യം ഉണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍(എഐസിടിഇ-All India Council for Technical Education) പറയുന്നത് സാങ്കേതിക മേഖലയില്‍ രാജ്യത്ത് 10 കോടി തൊഴിലുകള്‍ ലഭ്യമാണെങ്കിലും ഇവയില്‍ പല ജോലികളും ചെയ്യാന്‍ ആവശ്യമായ നൈപുണ്യമുള്ള പ്രഫഷണലുകളുടെ ദൗര്‍ലഭ്യം ഉണ്ടെന്നാണ്. യുവാക്കള്‍ വിവിധ ജോലികള്‍ക്കാവശ്യമായ നൈപുണ്യം ആര്‍ജിക്കുകയാണെങ്കില്‍ അത് വലിയൊരളവില്‍ രാജ്യത്ത് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സമ്പത്തുത്പാദനത്തിനും വഴിവയ്ക്കും. കേന്ദ്രസര്‍ക്കാറിന്‍റെ ഇരുപതിലധികം മന്ത്രാലയങ്ങളും വകുപ്പുകളും നടത്തുന്ന വിവിധ നൈപുണ്യ വികസന പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍ ഇത് രാജ്യം അഭിമുഖീകരിക്കുന്ന ക്രിയാശേഷി ദൗര്‍ലഭ്യം പരിഹരിക്കാന്‍ പര്യാപ്‌തമല്ല.

വളര്‍ന്നുവരുന്ന 30 സാങ്കേതികവിദ്യകളില്‍ ഒരു കോടിയാളുകള്‍ക്ക് സൗജന്യ പരിശീലനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഈ അടുത്ത് തീരുമാനിക്കുകയുണ്ടായി. യുവാക്കളുടെ തൊഴില്‍ സാധ്യത ഇത് വലിയൊരളവില്‍ വര്‍ധിപ്പിക്കും. ഏഴാം ക്ലാസ് പാസായവര്‍ക്ക് എഐസിടിഇയുടെ ആഭിമുഖ്യത്തിലായിരിക്കും ഈ പദ്ധതി നടപ്പാക്കുക. ഒരു ഡിജിറ്റല്‍ നൈപുണ്യ കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ലക്ഷ്യം പൂവണിയണമെങ്കില്‍ ഇന്ത്യ ഒട്ടുക്കുമുള്ള വിദ്യാര്‍ഥികളുടെ ബുദ്ധിപരമായ ശേഷി രാകിമിനുക്കേണ്ടതുണ്ട്.

ഹ്രസ്വ-ദീര്‍ഘകാല തന്ത്രത്തിന്‍റെ ഭാഗമായി തൊഴില്‍ പരിശീലന പദ്ധതികള്‍ വ്യാപകമായി നടപ്പാക്കേണ്ടതുണ്ട്. പരസ്‌പര ഏകോപനത്തോടുകൂടി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഒരു വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയില്‍ എന്‍ജിനിയറിങ് ബിരുദധാരികളില്‍ 80 ശതമാനത്തിനെങ്കിലും സാങ്കേതിക മുന്നേറ്റത്തിന്‍റെ ഫലമായി ഉരുത്തിരിഞ്ഞുവരുന്ന പുതിയ ജോലികള്‍ ചെയ്യാനാനുള്ള ശേഷി ഉണ്ടായിരിക്കണമെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്.

എന്നാല്‍ വളരെ ചെറിയ ശതമാനം ആളുകള്‍ മാത്രമാണ് രാജ്യത്ത് മെഷീന്‍ ലേണിങ്, ഡാറ്റ സയന്‍സ്, വയര്‍ലസ് ടെക്‌നോളജി, തുടങ്ങിയ മേഖലകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നൈപുണ്യം ആര്‍ജിക്കുന്നുള്ളൂ എന്നാണ് പല പഠനങ്ങളും പറയുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയിലുണ്ടാകുന്ന പുരോഗതിക്ക് അനുസൃതമായി ഇന്ത്യയിലെ പല കോഴ്‌സുകളും പരിഷ്‌കരിക്കപ്പെടുന്നില്ല. ഇതുകാരണം വിദ്യാര്‍ഥികള്‍ക്ക് ആധുനിക തൊഴില്‍ വിപണിയില്‍ മുന്നേറാന്‍ ആവശ്യമായ നൈപുണ്യ പരിശീലനം ലഭിക്കുന്നില്ല.

അക്കാദമികമായി ലഭിച്ച അറിവുകള്‍ യഥാര്‍ഥ ലോകത്തെ പ്രശ്‌ന നിര്‍ദ്ധാരണത്തിനായി ഉപയോഗിക്കാനുള്ള ശേഷിയില്ലായ്‌മയാണ് പല ആളുകള്‍ക്കും ഉയര്‍ന്ന ബിരുദങ്ങള്‍ ഉണ്ടായിട്ടുപോലും നല്ല ജോലികള്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നത്. യുക്തിസഹമായി ചിന്തിക്കാനുള്ള ശേഷി, ഗവേഷണപാടവം, ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള ശേഷി എന്നിവയിലെ അഭാവവും യുവാക്കളെ പിന്നോട്ടടിപ്പിക്കുന്നു.

നൈപുണ്യത്തിന്‍റെ അഭാവമുള്ള യുവത ഒരു രാജ്യത്തിന്‍റെ ആരോഗ്യത്തിന് ഹാനികരമാണ്. കാരണം യുവാക്കളാണ് ഒരു രാജ്യത്തിന്‍റെ ഭാഗധേയം നിശ്ചയിക്കുന്നത്. തൊഴില്‍പരമായ വിദ്യാഭ്യാസം പ്രൈമറി സ്‌കൂള്‍ തലം മുതല്‍ നല്‍കേണ്ടതുണ്ട്. തൊഴില്‍ വിപണിയില്‍ ഉണ്ടാകുന്ന മാറ്റം സിലബസുകളില്‍ പ്രതിഫലിക്കേണ്ടതുണ്ട്. അങ്ങനെയല്ലെങ്കില്‍ അതിന്‍റെ ഭവിഷ്യത്ത് രാജ്യം അഭിമുഖീകരിക്കേണ്ടിവരും.

നൈപുണ്യ വികസന പദ്ധതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും നിരന്തരം അവലോകനത്തിന് വിധേയമാക്കുകയും അവയുടെ ന്യൂനതകള്‍ പരിഹരിക്കപ്പെടുകയും ചെയ്യണം. പ്രായോഗിക പരിജ്ഞാനം നേടാനുള്ള അവസരങ്ങള്‍ വിദ്യാഭ്യാസത്തിന്‍റെ എല്ലാ തലങ്ങളിലും ഉണ്ടാവേണ്ടതുണ്ട്. ഭരണകര്‍ത്താക്കള്‍ ഇത്തരത്തിലുള്ള സാധ്യതകള്‍ സൃഷ്‌ടിച്ചാല്‍ മാത്രമേ രാജ്യം മുന്നോട്ടുപോയി സുസ്ഥിര വികസനം സാധ്യമാകുകയുള്ളൂ.

(ഈനാടു ദിനപത്രത്തിന്‍റെ മുഖപ്രസംഗം)

Last Updated :Dec 1, 2022, 12:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.