സംസാരം ആരോഗ്യത്തിന് ഗുണകരം... ഹൃദ്രോഗികളിൽ ഉത്‌കണ്‌ഠ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ കുറയ്‌ക്കാം

സംസാരം ആരോഗ്യത്തിന് ഗുണകരം... ഹൃദ്രോഗികളിൽ ഉത്‌കണ്‌ഠ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ കുറയ്‌ക്കാം
ഒരേ അസുഖങ്ങൾ ഉള്ള വ്യത്യസ്‌ത വ്യക്തികൾ തമ്മിൽ അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിലൂടെ ഒരു പരിധിവരെ ഉത്‌കണ്‌ഠയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കുറയ്‌ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്
വാഷിംഗ്‌ടൺ: ഗ്രൂപ്പ് തെറാപ്പി മാനസിക ക്ലേശങ്ങൾ ഒഴിവാക്കുമെന്നും ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്‌ക്കുമെന്നും പഠനങ്ങൾ. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ (ഇഎസ്‌സി) ജേണലായ യൂറോപ്യൻ ഹാർട്ട് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഏകദേശം 20 ശതമാനം ഹൃദ്രോഗികൾക്കും മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നതിന്‍റെ ലക്ഷണങ്ങളുണ്ട്.
ഇതിൽ ജോലി ചെയ്യുന്ന ഹൃദ്രോഗമുള്ളവരിൽ മൂന്നിലൊന്ന് ശതമാനം പേരും മാനസിക സംഘർഷങ്ങൾ നേരിടുന്നവരാണ്. ഹൃദ്രോഗികളിലെ മനഃശാസ്‌ത്രപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുൻപ് നടത്തിയിരുന്ന പല ചികിത്സകളും ദൈർഘ്യമേറിയതും ദൈനംദിന ജീവിതത്തിൽ പ്രയാസകരവുമായിരുന്നു. ഉത്കണ്‌ഠയുടെയും വിഷാദ രോഗത്തിന്‍റെയും ലക്ഷണങ്ങളുള്ള ഹൃദ്രോഗികളിൽ നടത്തിയ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയുടെ (CBT) അഞ്ച് ഗ്രൂപ്പ് സെഷനുകളുടെ പ്രഭാവമാണ് ഈ പഠനത്തിൽ പരിശോധിച്ചത്.
മാനസിക ക്ലേശം ഉള്ള ഹൃദ്രോഗികളായ ജോലി ചെയ്‌തു കൊണ്ടിരിക്കുന്ന 147 പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. എട്ട് ആഴ്‌ച നീണ്ടുനില്‍ക്കുന്ന ചികിത്സയിൽ ആഴ്‌ചയിൽ 90 മിനിറ്റിന്‍റെ രണ്ട് ഗ്രൂപ്പ് സെഷനുകൾ ഉൾകൊള്ളിച്ചിരുന്നു. സെഷനുകളിൽ വ്യായാമം, മരുന്ന് ക്രമീകരണം, ഭക്ഷണക്രമം, പുകവലി, ശാരീരിക പ്രവർത്തനങ്ങൾ, ശരീരഭാരം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദം, രക്തത്തിലെ ലിപിഡുകൾ, മാനസിക പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ചുമുള്ള അവലോകനവും നല്‍കി.
സെഷൻ ഒന്ന്: രോഗികൾ അവരുടെ കുടുംബത്തെ കുറിച്ചും ജോലിയെ കുറിച്ചും ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചും വ്യക്തമാക്കുന്നു
സെഷൻ രണ്ട്: ജീവിതത്തിലെ ഉത്‌കണ്‌ഠ നിറഞ്ഞ സാഹചര്യങ്ങൾ, അതിന്‍റെ കാരണങ്ങൾ എന്നിവ അവലോകനം ചെയ്യുന്നു. നാഡീവ്യവസ്ഥയെ ശാന്തമാക്കാനുള്ള ശ്വസന വ്യായാമങ്ങൾ ചെയ്യുന്നു.
സെഷൻ മൂന്ന്: രോഗിയുടെ നിലവിലെ ജീവിത രീതി പരിശോധിക്കുകയും അതുമൂലം ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നു.
സെഷൻ നാല്: ആശങ്കകൾ കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രങ്ങളിൽ കൂടുതൽ ശ്രദ്ധ നല്‍കുന്നു.
സെഷൻ അഞ്ച്: ഉത്‌കണ്‌ഠകളെ എങ്ങനെ സ്വന്തമായി തരണം ചെയ്യുമെന്നും അതിനായി സ്വന്തം കഴിവിനെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നും രോഗികൾക്ക് സ്വയം ബോധം ഉണ്ടാകുന്നു.
also read: നല്ല വ്യായാമം, ആരോഗ്യകരമായ ഭക്ഷണം.. ഹൃദയാരോഗ്യം നിലനിർത്താൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയിലൂടെ കടന്നുവന്നവരിൽ ആറ് മാസത്തിനുള്ളിൽ ജീവിത നിലവാരത്തിൽ മികച്ച പുരോഗതിയും 12 മാസത്തിനുള്ളിൽ 57 ശതമാനം കുറഞ്ഞ ഹൃദയാഘാത സാധ്യതയും ഉണ്ടായിരുന്നു. ഉത്‌കണ്‌ഠയും വിഷാദ രോഗവും നേരിടുന്ന ഹൃദയരോഗികൾ സിബിടി തീർച്ചയായും ചെയ്യണമെന്നും ഇതിലൂടെ സമാനമായ രോഗാവസ്ഥയുള്ളവരുമായി വിവരങ്ങൾ കൈമാറുമ്പോൾ കൂടുതൽ ആശ്വാസം ലഭിക്കുമെന്നും കണ്ടെത്തി.
