Parliament Session Live പാർലമെന്റ് സമ്മേളനം തത്സമയം
ഇന്ന് മുതൽ പുതിയ പാർലമെന്റ് മന്ദിരത്തിലാണ് സമ്മേളനം നടക്കുന്നത് (Special Session in new parliament). ഇതോടെ 1921ൽ നിർമിച്ച പഴയ മന്ദിരം ചരിത്രത്തിന്റെ ഭാഗമാകും. രാവിലെ 9.30ഓടെ പഴയ മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിന് സമീപത്ത് വച്ച് ഇരുസഭകളിലെയും അംഗങ്ങളുടെ ഫോട്ടോസെഷൻ നടന്നു. 11.00 മുതല്‍ 12.30 വരെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക യോഗം ചേരുകയും 12.35-ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇരുസഭകളിലെയും അംഗങ്ങൾ പുതിയ മന്ദിരത്തിലേക്ക് നീങ്ങുകയും ചെയ്യും. 1.15-ന് പുതിയ മന്ദിരത്തിലെ ഇരുസഭകളിലും പ്രത്യേക സമ്മേളനം (Parliament Special Session) നടക്കും. സെപ്റ്റംബർ 22 വരെയാണ് സമ്മേളനം നടക്കുക. പുതിയ മന്ദിരത്തില്‍ അംഗങ്ങള്‍ക്ക് ഭരണഘടനയുടെ പകർപ്പും സ്മാരക നാണയവും നല്‍കും. മേയ് 18ന് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. പഴയ മന്ദിരത്തില്‍നിന്നുള്ള വിടപറയലിനെക്കുറിച്ച് ഇന്നലെ ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചിരുന്നു. (PM Modi's Speech At special parliament Session). ഏറെ വൈകാരികതയോടെയാണ് പഴയ പാർലമെന്റ് മന്ദിരത്തോട് യാത്ര പറഞ്ഞ് പുതിയതിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതെന്നായിരുന്നു മോദി പറഞ്ഞത്. പുതിയ പാർലമെന്റിലേക്ക് മാറിയാലും പഴയ മന്ദിരം തലമുറകളെ പ്രചോദിപ്പിക്കും. ഈ കെട്ടിടം നിർമിക്കാനുള്ള തീരുമാനമെടുത്തത് വിദേശ ഭരണാധികാരികളാണെങ്കിലും ഇത് അങ്ങനെ മറക്കാൻ കഴിയില്ലെന്നും ഇതിന്റെ നിർമാണത്തിൽ എന്റെ രാജ്യത്തെ ജനങ്ങളുടെ അധ്വാനവും വിയർപ്പുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.