റഷ്യയ്‌ക്കെതിരെ ദീര്‍ഘകാല യുദ്ധത്തിന് തയ്യാറെടുക്കണമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍

author img

By

Published : Jun 20, 2022, 11:16 AM IST

Ukraine Russia war  NATO general secretary says the west must prepare long term war in Ukraine  Russia NATO rivelery  യുക്രൈന്‍ റഷ്യ യുദ്ധം  നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ ബര്‍ഗ്  റഷ്യ നാറ്റോ സംഘര്‍ഷം

യുക്രൈനില്‍ റഷ്യ വിജയിച്ചാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ കടുത്ത വില നല്‍കേണ്ടിവരുമെന്നും ജെന്‍സ് സ്റ്റോള്‍ട്ടണ്‍ബര്‍ഗ്.

കീവ്: യുക്രൈന്‍-റഷ്യ യുദ്ധം ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്ന മുന്നറിയിപ്പ് നല്‍കി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടണ്‍ബര്‍ഗ്. ഇതിനായി പാശ്ചാത്യ രാജ്യങ്ങള്‍ തയ്യാറെടുക്കണമെന്നും സ്റ്റോള്‍ട്ടന്‍ ബര്‍ഗ് ബൈല്‍ഡ് എന്ന ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എത്രനാള്‍ യുദ്ധം തുടരുമെന്ന് ആര്‍ക്കും അറിയില്ല. യുദ്ധം എത്രകാലം നീണ്ടുനിന്നാലും യുക്രൈനിന് പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായ നഷ്‌ടം കണക്കിലെടുത്ത് റഷ്യയെ ചെറുക്കുന്നതിനായി യുക്രൈന് സഹായം നല്‍കുന്നത് പാശ്ചാത്യ രാജ്യങ്ങള്‍ അവസാനിപ്പിക്കാന്‍ പാടില്ല. യുക്രൈനിന് ആയുധങ്ങളും മറ്റും നല്‍കുന്നതിന്‍റെ ചെലവ് മാത്രമല്ല, യുദ്ധം കാരണം വിലക്കയറ്റം അടക്കമുള്ള സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധികളും യുക്രൈനിനോടൊപ്പം നില്‍ക്കുന്നതിന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വിലങ്ങുതടിയാവാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈനില്‍ റഷ്യ വിജയിക്കുകയാണെങ്കില്‍ പാശ്ചാത്യ രാജ്യങ്ങള്‍ കടുത്ത വില നല്‍കേണ്ടിവരുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കി.

ബ്രിട്ടീഷ് പത്രമായ സൻഡേ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും സമാനമായ അഭിപ്രായം പങ്കുവച്ചു. നിരന്തരമായ ആക്രമണത്തിലൂടെ യുക്രൈനിന്‍റെ ശക്‌തി ക്ഷയിപ്പിക്കാനാണ് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ദീര്‍ഘകാല യുദ്ധത്തിനായി പാശ്ചാത്യ രാജ്യങ്ങള്‍ തയ്യാറെടുക്കണം. കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് പ്രദേശം പിടിച്ചെടുക്കാനാണ് പുടിന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

2014ല്‍ റഷ്യന്‍ അനുകൂല വിമതര്‍ ഡോണ്‍ബാസിലെ മൂന്നില്‍ ഒരു ഭാഗം നിയന്ത്രണത്തിലാക്കിയിരുന്നു. 2014മുതല്‍ വിമതരും യുക്രൈന്‍ സൈന്യവും ഡോണ്‍ബാസില്‍ സംഘര്‍ഷം നടന്നുവരികയാണ്. ഡോണ്‍ബാസിലെ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വൊളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു. ഡോണ്‍ബാസില്‍ വിമതര്‍ സ്ഥാപിച്ച ലുഹാന്‍സ്‌ക്, ഡൊണസ്‌ക് എന്നീ റിപ്പബ്ലിക്കുകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചാണ് റഷ്യന്‍ സേന കഴിഞ്ഞ ഫെബ്രുവരി 24ന് അധിനിവേശം തുടങ്ങിയത്.

റഷ്യയുമായി കടുത്ത പോരാട്ടം നടക്കുന്ന തുറമുഖ നഗരമായ ഒഡേസയിലേയും തെക്കന്‍ യുക്രൈനിയന്‍ നഗരമായ മൈക്കലോവയിലേയും യുദ്ധമുഖങ്ങള്‍ യുക്രൈനിയന്‍ പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കി സന്ദര്‍ശിച്ചിരുന്നു. യുക്രൈനിന്‍റെ ഒരു ഭാഗവും റഷ്യയ്‌ക്ക് വിട്ടുകൊടുക്കില്ലെന്ന് സെലന്‍സ്‌കി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.