ലുഹാന്‍സ്‌കില്‍ റഷ്യന്‍ മുന്നേറ്റം; അമേരിക്കന്‍ പീരങ്കികളില്‍ പ്രതീക്ഷ അര്‍പ്പിച്ച് യുക്രൈന്‍

author img

By

Published : Jun 21, 2022, 5:58 PM IST

Russia Ukraine battle  russian advances in Luhansk region  Russia Ukraine fight in donbas  റഷ്യ യുക്രൈന്‍ യുദ്ധം  ലുഹാന്‍സ്കിലെ റഷ്യന്‍ മുന്നേറ്റം  അമേരിക്കയുടെ യുക്രൈന്‍ സഹായം

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലുഹാന്‍സ്‌ക് റഷ്യയുടെ പൂര്‍ണ നിയന്ത്രണത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

കീവ്: യുക്രൈനിലെ ഡോണ്‍ബാസ് മേഖലയിലെ ലുഹാന്‍സ്‌ക് പ്രവിശ്യ പൂര്‍ണമായും പിടിച്ചെടുക്കാന്‍ കടുത്ത പോരാട്ടം നടത്തുകയാണ് റഷ്യന്‍ സേന. ലുഹാന്‍സ്‌ക് ഏതാനും ദിവസങ്ങള്‍ക്കകം റഷ്യന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലുഹാന്‍സ്‌കിലെ പ്രധാനപ്പെട്ട നഗരങ്ങളായ സിവിറോഡൊണെസ്‌കും ലിസിയചാന്‍സ്‌കും പിടിച്ചെടുത്ത് കഴിഞ്ഞാല്‍ ലുഹാന്‍സ്‌ക് പൂര്‍ണമായും റഷ്യയുടെ നിയന്ത്രണത്തിലാകും.

ഈ നഗരങ്ങള്‍ പിടിച്ചെടുക്കാനായി കടുത്ത പീരങ്കി ആക്രമണങ്ങളാണ് റഷ്യ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിവിറോഡൊണെസ്‌കിന്‍റെയും ലിസിയചാന്‍സ്‌കിന്‍റെയും അടുത്തുള്ള തന്ത്രപ്രധാനമായ ടൊഷ്‌കിവ്‌കാ ടൗണിലെ യുക്രൈന്‍ സൈന്യത്തിന്‍റെ ഫ്രണ്ട്‌ലൈന്‍ റഷ്യന്‍ സൈന്യം ഭേദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന്‍ സൈന്യത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഇത്. സിവിറോഡൊണസ്‌കിലേക്കും ലിസിയചാന്‍സ്‌കിലേക്കുമുള്ള യുക്രൈന്‍ സൈന്യത്തിന്‍റെ സപ്ലൈ ലൈനാണ് ഇതോടെ അപകടത്തിലാകുന്നത്.

എന്നാല്‍ യുഎസ് കൈമാറുന്ന അത്യാധുനിക പീരങ്കികള്‍ കൂടുതലായി ലഭ്യമായി തുടങ്ങുന്നതോടെ ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ മുന്നേറ്റത്തെ തടയാന്‍ സാധിക്കുമെന്നാണ് യുക്രൈന്‍ സൈന്യം കരുതുന്നത്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ 100 കോടി അമേരിക്കന്‍ ഡോളറിന്‍റെ സൈനിക സഹായം കൂടി ഈ കഴിഞ്ഞ ബുധനാഴ്‌ച(ജൂണ്‍ 15) പ്രഖ്യാപിച്ചിരുന്നു. ദീര്‍ഘദൂര പീരങ്കികള്‍, കപ്പല്‍ വേധ മിസൈല്‍ ലോഞ്ചറുകള്‍, ഹൊവിറ്റ്‌സറുകള്‍( ഉയരത്തില്‍ വെടിവെക്കാന്‍ സാധിക്കുന്ന പീരങ്കികള്‍) റോക്കറ്റ് സിസ്റ്റം എന്നിവ സഹായത്തിന്‍റെ ഭാഗമായി യുക്രൈനിന് കൈമാറും. ഫെബ്രുവരി 24ന് റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം യുഎസ് യുക്രൈനിന് നല്‍കിയ സൈനിക സഹായം ഇതോടുകൂടി 560 കോടി ഡോളറായി.

ലുഹാന്‍സ്‌കില്‍ റഷ്യ മുന്നേറ്റം ഉണ്ടാക്കുമ്പോഴും ആഴ്‌ചകള്‍ നീണ്ട പോരാട്ടത്തിന് ശേഷവും ഡൊണെസ്‌കില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ റഷ്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഏതായാലും ധാതുക്കളാല്‍ സമ്പന്നമായ ഡോണ്‍ബാസ് മേഖല പൂര്‍ണമായും പിടിച്ചെടുക്കാന്‍ റഷ്യയ്‌ക്ക് കടുത്തപോരാട്ടം നടത്തേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.