യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ മുന്‍കൈയെടുക്കണമെന്ന് മോദി

author img

By

Published : Sep 17, 2022, 12:36 PM IST

PM Modi meets Putin at SCO  യുക്രൈന്‍ യുദ്ധം  ഭക്ഷ്യ ഇന്ധന പ്രതിസന്ധി  യുക്രൈനുമായുള്ള യുദ്ധം  Narendra Modi on Ukraine Russia conflict  Narendra Modi at sco

ലോകം ഭക്ഷ്യ ഇന്ധന പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് റഷ്യന്‍ പ്രസിഡന്‍റിനോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

സമര്‍ഖണ്ട്: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് റഷ്യന്‍ പ്രസിഡന്‍റ്‌ വ്‌ളാദിമിർ പുടിനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്‌ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍റെ (SCO) 22-ാം ഉച്ചകോടിക്കിടെ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഈ ആവശ്യം മുന്നോട്ട് വച്ചത്. ചര്‍ച്ചയുടെ തുടക്കത്തില്‍ മാധ്യമങ്ങള്‍ക്ക് ചിത്രീകരിക്കാന്‍ അവസരമുള്ള സമയത്താണ് മോദി ആവശ്യം ഉന്നയിച്ചത്.

ഇത് യുദ്ധത്തിനുള്ള സമയമല്ലെന്നും ലോകം ഭക്ഷ്യ, ഇന്ധന പ്രതിസന്ധി നേരിടുകയാണെന്നും മോദി പറഞ്ഞു. യുക്രൈന്‍-റഷ്യ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും മുഖാമുഖമുള്ള കൂടിക്കാഴ്‌ച നടക്കുന്നത്. യുക്രൈന്‍-റഷ്യ യുദ്ധം ഒമ്പതാം മാസത്തിലേക്ക് കടക്കുകയാണ്.

സംഘര്‍ഷത്തില്‍ ഇന്ത്യയ്‌ക്കുള്ള ആശങ്ക തങ്ങള്‍ മനസിലാക്കുന്നതായി പുടിന്‍ മറുപടി നല്‍കി. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനായി കഴിവിന്‍റെ പരമാവധി ശ്രമിക്കും.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ തള്ളിയിരിക്കുകയാണ്. തങ്ങളുടെ ലക്ഷ്യം സൈനിക മാര്‍ഗത്തിലൂടെ നേടുമെന്നാണ് യുക്രൈന്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും പുടിന്‍ പറഞ്ഞു. ചര്‍ച്ചകളിലൂടെ റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന് പരിഹാരം കാണണമെന്നാണ് ഇന്ത്യയുടെ നിലപാട്.

അതേസമയം യുഎന്‍ അടക്കമുള്ള അന്താരാഷ്‌ട്ര വേദികളില്‍ റഷ്യയെ വിമര്‍ശിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. ശീതയുദ്ധകാലം തൊട്ട് നീണ്ട് നില്‍ക്കുന്നതാണ് ഇന്ത്യയുടെ റഷ്യയുമായുള്ള തന്ത്രപരമായ സഹകരണം. ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നാണ്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ചൈനയുടെ ആശങ്ക തങ്ങള്‍ പരിഗണിക്കുന്നതായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങുമായുള്ള കൂടിക്കാഴ്‌ചയില്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു.

മോദിയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍: എസ്‌സിഒ ഉച്ചകോടിക്കിടെ ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തി. 2021ല്‍ റെയ്‌സി അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് മോദി അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തുന്നത്. ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം കുറിക്കപ്പെടുന്നത് ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികപരവുമായ ബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഷഹീദ് ബെഹസ്‌തി ടെര്‍മിനല്‍, ചബഹര്‍ തുറമുഖം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. മേഖലയിലെ കണക്‌റ്റിവിറ്റി സംബന്ധിച്ച വിഷയങ്ങളില്‍ പരസ്‌പരം സഹരിക്കാനും ഇരു നേതാക്കളും തീരുമാനിച്ചു. യുദ്ധക്കെടുതി അനുഭവിക്കുന്ന അഫ്‌ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിലും ആ രാജ്യത്ത് എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രീയ സംവിധാനം ഉണ്ടാവേണ്ടതിന്‍റെ പ്രാധാന്യവും ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്‍റ് ഷൗക്കത്ത് മിര്‍സിയൊയേവുമായും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിക്കിടെ കൂടിക്കാഴ്‌ച നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.